സമാധാനത്തിന്റെ വായു ശ്വസിച്ചിട്ടില്ലാത്ത കുരുന്നുകൾ; കുക്കി ക്യാമ്പിലെ ദുരിതക്കാഴ്ച്ചകൾ

അയ്യോ, അത് തുറക്കല്ലേ... തകരഷീറ്റ് കൊണ്ടുമറച്ച കക്കൂസുകൾക്കടുത്തേയ്ക്ക് നടക്കുമ്പോൾ ഹറ്റ്‌നു വിളിച്ചു പറഞ്ഞു.
‘അതാകെ നിറഞ്ഞിരിക്കുകയാണ്. ദയവ് ചെയ്ത് തുറക്കരുത്.’- അവൾ തുടർന്നു പറഞ്ഞു.
ചുരാചന്ദ്പൂർ നഗരത്തിലുള്ള കുക്കി ദുരിതാശ്വാസ ക്യാമ്പിൽ ആകെ നാല് കുഴിക്കക്കൂസാണുള്ളത്. അതുപയോഗിക്കാൻ 45 കുടുംബങ്ങളിലെ ഇരുന്നൂറ്റിപ്പത്തോളം ആളുകളുണ്ട്.
ഒന്നോ രണ്ടോ ആഴ്ചയോ അല്ലെങ്കിൽ പരമാവധി ഒരു മാസം വരെയോ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞ അനുഭവമുള്ളവരായിരിക്കും നമ്മൾ മലയാളികൾ. എന്നാൽ മണിപ്പൂരിലെ ഈ ജനത കഴിഞ്ഞ മൂന്ന് വർഷവും നാല് മാസവുമായി ദുരിതാശ്വാസ ക്യാമ്പിലാണ്. കുക്കി, മെയ്‌തെയ് വിഭാഗങ്ങളിൽ നിന്നുള്ള എൺപതിനായിരത്തോളം പേർ ചുരാചന്ദ്പൂർ, ഇംഫാൽ, കാംഗ്‌പോക്പി, ബിഷ്ണുപൂർ എന്നീ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു. വെള്ളവും വെളിച്ചവും കക്കൂസുമുൾപ്പെടെ ആളുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും വേണ്ടവിധം സാധ്യമാകുന്നില്ല.
ചുരാചന്ദ്പൂരിലെ അസം റൈഫിൾസ് ക്യാംപിനടുത്ത് നിന്ന് ഏതാണ്ട് ഒരു കിലോമീറ്റർ ഇപ്പുറത്താണ് കുക്കികൾ കഴിയുന്ന ദുരിതാശ്വാസ ക്യാംപ്. ഒഴിഞ്ഞുകിടന്ന ഒരു സർക്കാർ കെട്ടിടത്തിലാണ് ക്യാംപ്.
കയറിച്ചെല്ലുമ്പോൾ തന്നെ വരാന്തപോലുള്ള സ്ഥലത്ത് രണ്ട് സ്ത്രീകൾ കുത്തിയിരിക്കുന്നു. ഒരാൾ, കെട്ടിയുണ്ടാക്കിയ ചൂരൽസ്റ്റൂളിൽ മിനുക്കുപണിയെടുക്കുകയാണ്. രണ്ടാമത്തെയാൾ ഇളം നീളനിറത്തിലുള്ള നൂലിന്റെ കെട്ട് കാലിൽ പ്രത്യേകമായി കൊളുത്തിവെച്ച് തുണി നെയ്യാൻ തയ്യാറെടുക്കുന്നു. ഇങ്ങനെ പലവിധ തൊഴിലുകളെടുത്താണ് ഈ നഗരപ്രദേശത്തെ ജീവിതം. ഇവിടെ എല്ലാത്തിനും പണം വേണം. അരിയും പച്ചക്കറിയും കരിയുമെല്ലാം വിലകൊടുത്ത് വാങ്ങണം.
എന്നാൽ, കലാപം പൊട്ടിപ്പുറപ്പെടും മുൻപ് ഗ്രാമത്തിലെ ജീവിതം ഇങ്ങനെയായിരുന്നില്ല. കഴിക്കാനാവശ്യമുള്ളതിൽ മിക്കതും ഗ്രാമത്തിൽത്തന്നെ കൃഷി ചെയ്തിരുന്നു. വീട്ടുകാരെല്ലാമൊരുമിച്ച് കൃഷിയിടത്തിലെത്തി പണിയെടുത്തു. അങ്ങനെ വിളഞ്ഞ കായ്കനികളും കാട് കാത്തുവെയ്ക്കുന്ന പഴങ്ങളും കിഴങ്ങുകളുമെല്ലാം ഗ്രാമങ്ങളെ സമ്പന്നമാക്കി. എന്നാൽ, വിദ്വേഷം വാളോങ്ങിത്തുടങ്ങിയ കലാപ ദിനങ്ങൾ മുതൽ സർവതും മാറിപ്പോയി.
കത്തിത്തീരും മുൻപ് കയ്യിലെടുത്തോടിയ കുറച്ച് തുണിയും സാധനങ്ങളുമായി ദുരിതാശ്വാസ ക്യാമ്പുകളിലേയ്‌ക്കെത്തിയവർ ഈ ദുരിത ജീവിതം ഇത്രയധികം കാലം നീണ്ടുനിൽക്കുമെന്ന് കരുതിയിരുന്നില്ല. പക്ഷേ, മൂന്ന് വർഷത്തിനിപ്പുറം ഇപ്പോഴും ഒന്നിനും ഒരു നിശ്ചയവുമില്ല.
‘എന്തിനും ഏതിനും ഇവിടെ പൈസ വേണം. കാംഗ്‌പോക്പിയിലുള്ള എന്റെ ഗ്രാമം ഇങ്ങനെയായിരുന്നില്ല.’ - കുഞ്ഞിനേയും മടിയിലിരുത്തി മിൽതാങ് പറഞ്ഞുതന്നു.
മിൽത്താങ്ങും കുടുംബവും കഴിയുന്ന വീട് കാണാം നമുക്ക്. ഒരു ഭാഗത്ത് ദുരിതാശ്വാസ ക്യാംപിന്റെ ചുമർ. ബാക്കി മൂന്ന് വശവും ഒരാൾപ്പൊക്കത്തിൽ കോട്ടൺ തുണികൾ വെച്ചു കെട്ടിയതിന്റെ അടച്ചുറപ്പ് മാത്രമേ ഈ കുടുംബത്തിനുള്ളു. കുഞ്ഞുങ്ങളും പ്രായമായ അമ്മയുമച്ഛനുമടക്കം ഏഴ് പേരാണ് കഷ്ടിച്ച് നൂറ്റൻപത് സ്‌ക്വയർ ഫീറ്റുള്ള ഈ 'വീട്ടിൽ' ഉള്ളു. മരക്കരിവെച്ച് ചൂടാക്കിയുപയോഗിക്കുന്ന ഒരടുപ്പ്. ഒരു ഗ്യാസ് സിലിണ്ടർ, തുണിയിട്ടുവെക്കാനായി കുറേ വലിയ ബക്കറ്റുകൾ. കഴുകിക്കമഴ്ത്തിവെച്ച അലൂമിനിയം പാത്രങ്ങൾ. രണ്ട് ചെറിയ കിടക്ക നിലത്ത് വിരിച്ചിട്ടിട്ടുണ്ട്. ജീവനോടെ ബാക്കിയുണ്ട് എന്നത് മാത്രമാണ് ഈ ജനതയ്ക്ക് ആശ്വസിക്കാനുള്ള ഏക കാര്യം. ജീവിതമാകെ തകർന്നടിഞ്ഞു.
കലാപം പൊട്ടിപ്പുറപ്പെടുമ്പോൾ ഹറ്റ്‌നു ഇംഫാലിൽ പഠിക്കുകയായിരുന്നു. ഇംഫാലിൽനിന്നാൽ ജീവൻ ബാക്കിയുണ്ടാകില്ലെന്നു വ്യക്തമായിരുന്നു. ഓടിക്കിതച്ച് വീടെത്തുമ്പോഴേക്ക് ഗ്രാമം കത്തിത്തീർന്നിരുന്നു. അന്ന് മുതൽ ദുരിതാശ്വാസ ക്യാമ്പിലാണിവൾ.
‘സർക്കാർ ഒരാൾക്ക് 1400 രൂപ വീതം മാസത്തിൽ നൽകുന്നുണ്ട്. ആ പണമെങ്കിലും കൃത്യമായി കിട്ടിയിരുന്നെങ്കിൽ ഞങ്ങൾക്ക് സഹായമാകുമായിരുന്നു.’
ഹറ്റ്‌നു കൂടെത്തന്നെ വന്ന് ക്യാംപിലെ മിക്ക വീടുകളും കാണിച്ച് തന്നു. ഇവിടെയിങ്ങനെ പ്രതീക്ഷയറ്റ് ജീവിക്കേണ്ടി വരുന്ന മനുഷ്യരുടെ ഗതികേടിന് ആരാണുത്തരവാദി? അവർ കാലത്തോട് ഈ മനുഷ്യരോട് ഒരിക്കൽ കണക്ക് പറയേണ്ടിവരും.
ക്യാംപിന് പുറത്തെ റോഡരികിൽ കുറേപ്പേർ വഴിയോരക്കച്ചവടം നടത്തുന്നുണ്ട്. കരിമ്പ് ജ്യൂസും മത്തനും ചീരയും ഇളനീരുമെല്ലാം വിൽക്കുന്നവർ. ദുരിതാശ്വാസ ക്യാമ്പുകളുടെ ഇരുണ്ട ഇടനാഴികളിലൂടെ കളിച്ചോടുന്ന ഒരുപാട് കുരുന്നുകളെ കണ്ടു. ഇവരെല്ലാം ജനിച്ചു വീണതും പിച്ചവെച്ചതും ഈ ക്യാമ്പുകളിലാണ്. ക്യാമ്പിനുപുറത്തെ ലോകം ഇവരാരും കണ്ടിട്ടില്ല. സമാധാനത്തിന്റെ വായു ഈ കുരുന്നുകൾ ശ്വസിച്ചിട്ടില്ല. എന്തൊരു ക്രൂരതയാണ് ഈ തലമുറയോട് നമ്മുടെ നാട് ചെയ്യുന്നത്?