മാസ്റ്ററോ പെട്ടിതുറക്കൂ, ഞാനാ പേരയ്ക്കാത്തോട്ടമൊന്ന് മണത്തോട്ടെ

മാർക്കേസ്
മാർക്കേസ്

വ്യത്യസ്ത കാലങ്ങളിൽ, വ്യത്യസ്തമായ ഭാഷകളിൽ പത്രപ്രവർത്തനം എന്ന തൊഴിൽ ചെയ്തതുകൊണ്ടോ, ഒരു കാലത്ത് അദ്ദേഹവും ഒരു പത്രപ്രവർത്തകനായിരുന്നു എന്നറിയുമ്പോഴുണ്ടാവുന്ന കുലപ്രൗഢിയുടെ അഭിമാനം കാരണമോ ആവാം ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ ജീവിതത്തോടും രചനകളോടും എനിക്ക് പ്രത്യേകമായ വൈകാരിക ബന്ധമുണ്ടായത്. എല്ലാ കാലത്തേയും എന്റെ പ്രിയപ്പെട്ട എഴുത്തുകാരായ കാസാൻദ് സാക്കിസ്, ഹെർമൻ ഹെസ്സെ, ഖലീൽ ജിബ്രാൻ, രബീന്ദ്രനാഥ ടാഗോർ എന്നിവരേക്കാളെല്ലാം മാർകേസ് അരികിൽ നിൽക്കുന്നതുപോലെ തോന്നും-എപ്പോൾ വേണമെങ്കിലും വിരൽനീട്ടിയാൽ തൊടാവുന്നത് പോലെ;പാരീസിലെ തെരുവിലൂടെ നടന്നുപോവുന്ന ഹെമിങ്​വെ മാർക്കേസ് വിളിച്ചതുപോലെ ഇടയ്‌ക്കൊക്കെ ഉറക്കെ വിളിക്കാൻ തോന്നും: മാസ്റ്ററോാാാാാ.....

തൊടിയിൽ വെയിലടർന്ന് വീണ് നിഴലാടുന്ന പകലുകളിൽ സിയസ്റ്റയ്ക്ക് മുമ്പ് വെറുതേ കണ്ണടച്ചുകിടക്കുമ്പോൾ എവിടെയൊക്കെയോ പേരയ്ക്കാത്തോട്ടങ്ങൾ പൂത്ത മണം കാറ്റിൽ വരും; മഞ്ഞപ്പൂക്കൾ ഏതൊക്കെയോ ഇടങ്ങളിലിരുന്ന് മന്ദഹസിക്കും; കടലുപ്പുതരികൾ കോശങ്ങളിൽ നിറഞ്ഞ അരാക്കറ്റാക്കയിലെ പകലിരവുകൾ ഉള്ളിൽ പടരും.....

മാർകേസ് എഴുതിയ എല്ലാ നോവലുകളേക്കാൾ, കഥകളേക്കാൾ, പത്രഫീച്ചറുകളേക്കാൾ വിഷാദഭംഗിയുള്ള ഒന്ന് ഞാൻ വായിച്ചത് ജെറാൾഡ് മാർട്ടിൻ എഴുതിയ പ്രശസ്തമായ മാർകേസ് ജീവചരിത്രത്തിന്റെ 536-ാം പേജിലാണ്. നീണ്ട പതിനെട്ട് വർഷക്കാലത്തെ ഗവേഷണങ്ങൾക്കും പരസ്പര സംഭാഷണങ്ങൾക്കും ശേഷം തയ്യാറാക്കിയ ഈ ജീവചരിത്രഗ്രന്ഥത്തിന്റെ അവസാനഭാഗത്ത് മാർട്ടിൻ ഇങ്ങിനെയെഴുതി:

'മൂന്ന് വർഷമായി ഞങ്ങൾ തമ്മിൽ യാതൊരു ബന്ധവുമില്ലായിരുന്നു. മടിച്ചുമടിച്ച്, ഒടുവിൽ ഒരു ഒക്ടോബറിൽ അദ്ദേഹവുമായി സംസാരിക്കാൻ ഞാൻ മെക്സിക്കോ നഗരത്തിലെത്തി. മെഴിസഡസിന് (മാർകേസിന്റെ ഭാര്യ) പനിയായിരുന്നതിനാൽ രണ്ട് തവണ അദ്ദേഹം ഞാൻ താമസിക്കുന്ന ഹോട്ടലിലേയ്ക്ക് വന്നു. കാഴ്ചയിൽ അദ്ദേഹം വളരെ വ്യത്യസ്തനായി തോന്നിച്ചു. കാൻസർമോചിതനായ ഒരാളാണെന്ന് കണ്ടാൽ തോന്നുകയേ ഇല്ലായിരുന്നു: പേടിപ്പിക്കുന്ന തരത്തിൽ മെലിഞ്ഞിരുന്നു അദ്ദേഹം; 2002-ൽ, ആത്മകഥയായ LIVING TO TELL THE TALE എഴുതിക്കഴിയുമ്പോഴേയ്ക്കും അദ്ദേഹത്തിന്റെ മുടി മെലിഞ്ഞ് ചെറുതായിരുന്നു. എപ്പോഴത്തേയും പോലെതന്നെ തോന്നിച്ചു അദ്ദേഹം; 1990 മുതൽ 1999 വരെയുള്ള കാലയളവിൽ എനിക്കറിയാവുന്ന മാർകേസ് അൽപ്പം മുതിർന്നാലുള്ളതുപോലുള്ള രൂപം. പക്ഷേ അദ്ദേഹത്തെ കൂടുതൽ മറവി ബാധിച്ചിരുന്നു. ഒന്ന് സഹായിച്ചാൽ വിദൂര ഭൂതകാലത്തെ കാര്യങ്ങൾ-സ്വന്തം നോവലുകളുടെ പേരുകൾ എപ്പോഴും ഓർക്കാൻ സാധിക്കണമെന്നില്ല-ഭേദപ്പെട്ട രീതിയിൽ അദ്ദേഹം ഓർക്കുമായിരുന്നു; ഫലിതത്തോടെ സംസാരിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സമീപകാലസ്മൃതി ദുർബലമായിരുന്നു. അതേക്കുറിച്ചും വരാൻപോകുന്ന അവസ്ഥകളെക്കുറിച്ചും അദ്ദേഹത്തിന് വ്യസനമുണ്ടായിരുന്നു. ഞങ്ങൾ അദ്ദേഹത്തിന്റെ എഴുത്തിനെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും സംസാരിച്ചു; ഇനിയെന്തെങ്കിലും എഴുതാൻ സാധിക്കും എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് സംശയങ്ങളുണ്ടായിരുന്നു. സങ്കടത്തോടെ അദ്ദേഹം പറഞ്ഞു-

'ഞാൻ ഒരുപാടെഴുതിയല്ലേ? വായനക്കാർക്ക് നിരാശയുണ്ടാവില്ല, അവർ എന്നിൽ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കുന്നുമുണ്ടാവില്ല, അല്ലേ?'

മെക്സിക്കൻ നഗരത്തിന്റെ തെക്കൻ റിംഗ് റോഡ് വിശാലമായിക്കാണാവുന്ന ഒറ്റപ്പെട്ട ഒരു ഹോട്ടലിന്റെ ലോഞ്ചിൽ നീലനിറത്തിലുള്ള കസേരയിൽ ഇരിക്കുകയായിരുന്നു ഞങ്ങൾ. പുറത്ത് റോഡിലൂടെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഒഴുകി മറയുന്നു. എട്ടു വരികളിലായി അണമുറിയാതൊഴുകുന്ന ട്രാഫിക്. എന്നെ നോക്കി അദ്ദേഹം പറഞ്ഞു:

'നിങ്ങൾക്കറിയുമോ,ചില നേരം ഞാൻ ഏറെ വിഷാദവാനായിപ്പോവുന്നു'

'ഗാബോ എന്താണീപ്പറയുന്നത്? നിങ്ങൾ എല്ലാം നേടിയില്ലേ?... എന്നിട്ടും... എന്തുകൊണ്ട്....'

അദ്ദേഹം ജാലകത്തിനപ്പുറത്തേയ്ക്ക് വിരൽ ചൂണ്ടി, (അവിടെ നഗരം പ്രവഹിക്കുന്നു, അദ്ദേഹത്തിന്റേതല്ലാതായിക്കഴിഞ്ഞ ലോകത്ത് സാധാരണക്കാർ അവരുടെ നിത്യജീവിതം ചലിപ്പിക്കുന്നു) എന്നിട്ട് എന്നെ നോക്കി മന്ത്രിക്കുന്നത്പോലെ പറഞ്ഞു:

'ഇതെല്ലാം അവസാനിക്കാൻ പോവുകയാണ് എന്നറിയുമ്പോൾ...' '

മാർകേസിന്റെ രചനാസിദ്ധിയുടെ എല്ലാവിധ രാസവിദ്യകളേയും സ്വാംശീകരിച്ചുകൊണ്ട് എഴുതിയ ഈ വരികൾ, ഭാഷയെ എടുത്ത് പെരുമാറുന്നതിൽ ഏറെ സൂക്ഷ്മത പുലർത്തിയ അദ്ദേഹത്തിന്റെ കൃതികളിലെ യാഥാർത്ഥ്യത്തിന്റെ മാന്ത്രിക നാടകീയതകളോട് വളരെയധികം ചേർന്നുനിൽക്കുന്നു.തന്റേയോ അല്ലെങ്കിൽ തന്നെപ്പോലുള്ള ഒരു കഥാപാത്രത്തിന്റേയോ ഈ ഭൂമിയിലെ കാലം തീരുന്നതിനെക്കുറിച്ച് ഒരു പക്ഷേ മാർകേസ് എഴുതിയിരുന്നെങ്കിൽ അത് ഇങ്ങിനെയാവുമായിരുന്നു. അസുഖവും പ്രായാധിക്യവും, മഞ്ഞുപോലെ തന്നെ വന്ന് മൂടുന്ന മറവിയുമായി ലോകത്തെ നോക്കിയിരിക്കുന്ന ഒരാൾ ഇതിലും ആഴത്തിലും നിസ്സഹായനായും എങ്ങിനെയാണ് ദുഃഖിക്കുക?ഇതിങ്ങിനെ വിഷാദത്തോടെ പറയാനാവുമോ പ്രിയപ്പെട്ട ജീവചരിത്രകാരനെ വീട്ടിലേയ്ക്ക് വിളിയ്ക്കാതെ,അദ്ദേഹം ആ ഒറ്റപ്പെട്ട ഹോട്ടലിന്റെ മുകൾനിലയിൽ വന്നത്? എന്ത് പറയുന്നു എന്നതിലുപരി അത് എങ്ങിനെ, എത്രമാത്രം നാടകീയമായിപ്പറയുന്നു എന്ന കാര്യത്തിൽ ഏറെ നിഷ്ഠ പുലർത്തിയിരുന്നയാളായിരുന്നുവല്ലോ മാർകേസ്. വസ്തുത എവിടെ അവസാനിക്കുന്നു എന്നും ഭാവന എവിടെ ആരംഭിന്നുവെന്നും തിരിച്ചറിയാൻ അനുവദിക്കാതെ എഴുത്തിനെ ഗൂഢവിദ്യയും വായനയെ മായാസഞ്ചാരമായും മാറ്റിയ ആൾ.... അയാൾ ആലോചിക്കുന്നതിൽപ്പോലും പ്രതിഭയുടെ സ്പർശമുണ്ട്.

വൃത്തിയായ എഴുതിയ ഒരു വാചകത്തേക്കാൾ നല്ലതായി ഒന്നുമില്ല-There is nothing better than something well written-എന്ന് മാർകേസ് എഴുതിയിട്ടുണ്ട്. സാഹിത്യരചനയിൽ പ്രതിഭയോടൊപ്പംതന്നെ, ഒരു പക്ഷേ അതിലുപരി സാങ്കേതികത (technique)ണ് എന്ന് വിശ്വസിച്ച ഹെമിങ്​വെ സ്‌കൂളായിരുന്നു അദ്ദേഹത്തിന്റേത്. വിപുലമായ വായനയും നിത്യപത്രപ്രവർത്തനത്തിന്റെ ഉഷ്ണിച്ചുപൊള്ളുന്ന മൂശയിലെ ഉരുകലുമാണ് മാർകേസിന്റെ എഴുത്തുവിദ്യയെ സ്ഫുടം ചെയ്തെടുത്തത്. വാക്കിന്റെ താളവും മർമ്മവും മൂർച്ചയും മൃദുലതയും ചൂടും തണുപ്പുമെല്ലാം അറിയുന്ന, ഉഗ്രരൂപികളായ എഡിറ്റർമാരുടേയും പത്രപ്രവർത്തകരുടേയും നടുവിൽ എഴുതിയെഴുതി അദ്ദേഹം തെളിഞ്ഞു. ഒരു വരി പിഴച്ചാൽ അവരുടെ ദർബാറായ ന്യൂസ് റൂമിൽ കീറിമുറിക്കപ്പെടുമായിരുന്നു. ആ ഉൾഭയത്തോടെയും ഒട്ടൊരു വാശിയോടെയുമാണ്, വാക്കുകൾക്കും വാചകങ്ങൾക്കും അദ്ദേഹം ചിന്തേരിട്ടത്.

വായനക്കാർ എപ്പോഴും മാർകേസ് എന്ന എഴുത്തുകാരന്റെ എഴുത്തുമേശയ്ക്ക് മുന്നിലുണ്ടായിരുന്നു-പല എഴുത്തുകാരും ഗീർവ്വാണം പറയുന്ന ആത്മസാക്ഷാത്കാരവും ആത്മവേദനയുമായിരുന്നില്ല അദ്ദേഹത്തിന്റെ എഴുത്തിന്റെ ലക്ഷ്യം എന്ന് ചുരുക്കം. ആ വായനക്കാരൻ എഴുനേറ്റ് പോയാൽ തന്റെ എഴുത്തുജീവിതം അതോടെ അവസാനിക്കും എന്ന് മാർകേസ് വിശ്വസിച്ചു; ഒരു പരിധിവരെ ഭയന്നു. പലതരം ചൂണ്ടക്കൊളുത്തുകളും രസച്ചരടുകളും സഞ്ചിയിൽ കൊണ്ടുനടക്കുന്ന ഒരു കൗശലക്കാരനായാണ് എപ്പോഴും മാർകേസ് എന്ന എഴുത്തുകാരൻ എന്റെ മനസ്സിൽ വരാറുള്ളത്. കപ്പൽച്ചേതത്തിൽപ്പെട്ട് പത്തുനാൾ കടലിൽക്കിടന്ന് ഒടുവിൽ തീരത്തടിഞ്ഞ ഒരാളെക്കുറിച്ച് എല്ലാ പത്രങ്ങളും എഴുതിക്കഴിഞ്ഞതിന് ശേഷമാണ് മാർകേസ് തന്റെ പരമ്പര തുടങ്ങുന്നത്. പത്തുനാൾ ആസന്ന മരണനുഭവത്തിലൂടെ കടന്നുപോയ ആ മനുഷ്യന്റെയുള്ളിലേയ്ക്കിറങ്ങിയിരുന്ന്, കടലിന്റെ പേടിപ്പിക്കുന്ന ഏകാന്തതയും കടലിലെ വിചിത്രമായ ജീവിതവും ഗന്ധങ്ങളും പുനരാവിഷ്‌കരിക്കുന്ന എഴുത്തുവിദ്യയാണ് 'THE STORY OF A SHIPWRECKED SAILOR'-ൽ മാർകേസ് ഉപയോഗിച്ചത്. തുടർച്ചയായി പ്രസിദ്ധീകരിച്ച ആ പരമ്പരയ്ക്കായി വായനക്കാർ കാത്തിരിക്കുകയും പത്രത്തിന്റെ കോപ്പി വർധിക്കുകയും ചെയ്തു. കഷ്ടിച്ച് ഒരു നോവൽ മാത്രം എഴുതിയ സമയത്താണ് മാർകേസ് ഈ പരമ്പര എഴുതുന്നത്. എഴുത്തിന്റെ തച്ചുപണി പഠിക്കുന്ന കളരിയായി അദ്ദേഹത്തിന് ഈ പുസ്തകം. പിൽക്കാലത്തെ എല്ലാ രചനകളും അതിന് അടിവരയിടുന്നു.

മാർകേസിന്റെ അവസാന രചനയായ ആത്മകഥ LIVING TO TELL THE TALE ന്റെ തുടക്കം ഈ എഴുത്തുകാരൻ ഭാഷയെ എത്രമാത്രം സൂക്ഷ്മതയോടെയും ദൃശ്യപരതയോടെയുമാണ് ഉപയോഗിക്കുന്നത് എന്നതിന്റെ ഒന്നാം തരം ഉദാഹരണമാണ്. മലയാളത്തിലേയ്ക്ക് മൊഴിമാറ്റുമ്പോൾ അതിന്റെ എല്ലാ ചാരുതയും കാന്തികാകർഷണവും നഷ്ടപ്പെടും എന്നതിനാൽ എഡിത്ത് ഗ്രോസ്സ്മാന്റെ ഇംഗ്ലീഷ് പരിഭാഷ അതേപോലെ എടുത്തുചേർക്കുന്നു:

'MY MOTHER ASKED ME to go with her to sell the house.She had come that morning from the distant town where the family lived,and she had no idea how to find me.She asked around among acquaintances and was told to look for me at the Libreria mundo or in the near by cafes where i went twice a day to talk with my writer friends.The one who told her this warned her:'Be care full because they are all out of their minds'.She arrived at twelve sharp.With her light step she made her way among the tables of books on display,stopped in front of me,looking into my eyes with the mischievous smile of her better days,and before i could react she said:

'i am your mother' '

ബാരൻക്വില

സിനിമാ ഭാഷയിൽപ്പറഞ്ഞാൽ ഒരു ട്രോളി ഷോട്ടിൽ എടുക്കേണ്ട ദൃശ്യമാണ് മാർകേസ് എഴുതിവെച്ചിരിക്കുന്നത്. ഒറ്റ ഖണ്ഡികയിലൂടെ വായനക്കാരനെ പുസ്തകത്തിനുള്ളിലേയ്ക്ക് വലിച്ചിടുകയാണ്. പിന്നീടയാൾ മായാവർണ്ണക്കാഴ്ചകളുള്ള ഒരു തുരങ്കത്തിലൂടെയെന്നവണ്ണം യാത്ര ചെയ്യുന്നു. അതിൽ നിറഞ്ഞൊഴുകുന്ന മഗ്ദലന നദിയും അരാക്കറ്റാക്ക എന്ന കൊച്ചുദേശവും യുദ്ധം നയിച്ച ഇതിഹാസ കഥാപാത്രമായ മുത്തച്ഛനും കുടുംബത്തിലെ അതിവിചിത്രരായ സ്ത്രീകളും; ബൊഗോട്ട,കാർട്ടജീന ഇന്ത്യ, ബാരൻക്വില നഗരങ്ങളും അവിടങ്ങളിലെ വേശ്യാഗൃഹങ്ങളും ബാറുകളും ബുദ്ധിജീവിസംഘങ്ങളും;സിഗററ്റും പ്രതിഭയും ബുദ്ധിയും പുകയുന്ന ന്യൂസ് റൂമുകളും കൺമുന്നിൽ പൊട്ടിപ്പുറപ്പെടുന്ന സിവിൽ കലാപങ്ങളും എല്ലാമെല്ലാം ഒരു ഘോഷയാത്രപോലെ കടന്നുപോവുന്നു. ജീവിതം ഇരമ്പിമറിഞ്ഞൊഴുകുന്ന മറ്റൊരു മഗ്ദലന നദിയാവുന്നു. ചെറിയ ജീവിതമല്ല താൻ കടന്നുപോന്നത്് എന്ന് ഈ എഴുത്തുകാരൻ പറയാതെ പറയുന്നു.

അരാക്റ്റക തെരുവ്

എന്തും വേറിട്ട രീതിയിൽ പറയാനുള്ള മാർകേസിന്റെ സിദ്ധിയെക്കുറിച്ച് A FAREWELL TO GABO AND MERCEDES-A SON'S MEMOIR എന്ന പുസ്തകത്തിൽ മകൻ റോഡ്രിഗോ ഗാർസ്യ അച്ഛന്റെ അവസാന കാലങ്ങളിലെ ഒരു സംഭവത്തിലൂടെ പറയുന്നുണ്ട്:

'വീട്ടിൽ ഉദ്യാനത്തിൽ,ഉച്ചയൊഴിഞ്ഞ നേരം, ദൂരേയ്ക്ക് നോക്കി, സ്വയം നഷ്ടപ്പെട്ട് അച്ഛൻ നിൽക്കുന്നത് കണ്ടതിനെക്കുറിച്ച് അച്ഛന്റെ സെക്രട്ടറി എന്നോട് പറഞ്ഞു

'അങ്ങ് എന്താണിവിടെ ചെയ്യുന്നത്, ഡോൺ ഗബ്രിയേൽ?'

'കരയുകയാണ്്'

'കരയുന്നോ,നിങ്ങൾ കരയുകയല്ല'

'അതെ,ഞാൻ കരയുകയാണ്, കണ്ണീരില്ലാതെ.എന്റെ തലയ്ക്കകം ഇപ്പോൾ ശൂന്യമാണ് എന്ന് നിങ്ങൾക്കറിയില്ലേ?'

മറ്റൊരവസരത്തിൽ അദ്ദേഹം പറഞ്ഞു:

'ഇതെന്റെ വീടല്ല. എനിക്കെന്റെ വീട്ടിലേയ്ക്ക് പോകണം. എന്റെ അച്ഛന്റെ വീട്ടിലേയ്ക്ക്. അച്ഛനരികിൽ എന്റെ കിടക്കയുണ്ട്'

അച്ഛനെയല്ല,ഏകാന്തതയുടെ നൂറ് വർഷങ്ങളിലെ കേണൽ അറീലിയാനോ ബുവൻഡിയ എന്ന കഥാപാത്രത്തിന് മാതൃകയായ മുത്തച്ഛനെക്കുറിച്ചാണ് അദ്ദേഹം പറയുന്നത് എന്ന് ഞങ്ങൾ സംശയിച്ചു. എട്ടുവയസ്സുവരെ അദ്ദേഹം മുത്തച്ഛനൊപ്പമായിരുന്നു താമസം. മുത്തച്ഛനായിരുന്നു ജീവിതത്തിൽ അദ്ദേഹത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തി. അദ്ദേഹത്തിന്റെ കട്ടിലിനരികെ ഒരു ചെറിയ പായയിലായിരുന്നു അച്ഛൻ കിടന്നിരുന്നത്. 1935-ന് ശേഷം അവർ തമ്മിൽ കണ്ടിട്ടില്ല.

'നിങ്ങളുടെ അച്ഛന്റെ പ്രത്യേകത അതാണ്' സെക്രട്ടറി എന്നോട് പറഞ്ഞു: 'ഏറ്റവും വൃത്തികെട്ട കാര്യത്തെക്കുറിച്ചുപോലും അദ്ദേഹത്തിന് ഭംഗിയായി പറയാൻ സാധിക്കും'

സ്വയം ആർജിച്ചെടുത്ത സവിശേഷമായ ഈ പറച്ചിൽ രീതിയാണ് മാർകേസിനെ ലോകത്തിലെ മറ്റ് എഴുത്തുകാരിൽനിന്നും വ്യത്യസ്തനാക്കുന്നത്. 'വായിപ്പിക്കാനുള്ള സിദ്ധി'യാണ് മാർകേസ് എന്ന എഴുത്തുകാരന്റെ ഏറ്റവും വലിയ സവിശേഷത എന്ന് എം.ടി.വാസുദേവൻ നായരും നിരീക്ഷിക്കുന്നു..

ഓർമകൾ ശകലങ്ങളായി കൊഴിഞ്ഞുവീഴുന്ന അവസാനകാലത്ത് മാർകേസ് വിലപിക്കുന്നുണ്ട്:

'ഓർമ്മകൾകൊണ്ടാണ് ഞാൻ ജോലി ചെയ്യുന്നത്. ഓർമകൾ എന്റെ പണിയായുധവും അസംസ്‌കൃത വസ്തുവുമാണ്. അതില്ലാതെ എനിയ്ക്ക് ജീവിക്കാൻ സാധിക്കില്ല. എന്നെ സഹായിക്കൂ'

കുട്ടിക്കാലം മുതലുള്ള ഓർമ്മകളെ അത്രമേൽ ചേർത്തുപിടിച്ചാണ് മാർകേസ് അവസാനം വരെ ജീവിച്ചത് എന്ന കാര്യമറിയുമ്പോൾ ഈ പറച്ചിലിൽ നിറയെ വിതുമ്പലാണ് കേൾക്കാൻ സാധിക്കുക.അവ അഴിഞ്ഞഴിഞ്ഞുപോവുമ്പോൾ അദ്ദേഹം കുട്ടികളെപ്പോലെ കരഞ്ഞിരിക്കണം. തന്റെ പ്രിയപ്പെട്ട ലോകം ഇല്ലതായിപ്പോവുന്നതും അവിടെ മുഴുവൻ ഇരുട്ട് വ്യാപിക്കുന്നതും സഹിക്കാനാവാതെ.... തീർത്തും ഏകാകിയായി…

മാർക്കേസിന്റെ ഓർമകൾ വായിക്കുമ്പോഴെല്ലാം ഞാൻ അദ്ദേഹം ജീവിച്ച സ്ഥലങ്ങളെ സങ്കൽപ്പിക്കാറുണ്ട്. ഗോവയ്ക്കും പോണ്ടിച്ചേരിയ്ക്കും ഒരു പരിധിവരെ മയ്യഴിക്കുമൊക്കെ സമാനമായ സ്ഥലങ്ങൾ. കടലിന്റേയും കടൽക്കാറ്റിന്റേയും നിത്യസാന്നിധ്യം. മരപ്പാളികളിൽ മഞ്ഞയും പച്ചയും ചായമടിച്ച കെട്ടിടങ്ങൾ. കഠിനമായ ചൂട്. ഏകാന്തമായ മഴകൾ. കഥകൾ പറയുന്ന തടിച്ച സ്ത്രീകൾ. വന്നുപോകുന്ന ജിപ്സികൾ. രഹസ്യബന്ധങ്ങൾ, വേഴ്ചകൾ... പള്ളികൾ,പാതിരാ കുർബാനകൾ, ഞായറാഴ്ച പ്രാർഥനകൾ... ബഹളങ്ങളില്ലാത്ത ചെറുതെരുവുകൾ, മങ്ങിയ പകലുകളിലെ സിയസ്റ്റകൾ.... ഓരോ തവണയും ഗോവയിലും പോണ്ടിച്ചേരിയിലും മയ്യഴിയിലുമൊക്കെ പോവുമ്പോൾ, ആ വഴികളിലൂടെ നടക്കുമ്പോൾ ഞാൻ മാർക്കേസിന്റെ കുട്ടിക്കാലം ഓർക്കും. ഏഷ്യക്കാരനും ഇന്ത്യക്കാരനുമായ, മധ്യവർഗത്തിന്റെ മുഷിഞ്ഞ തെരുവുകളും ജീവിതവുമേറെക്കണ്ട എനിക്ക് അതിനെ കൂടുതൽ ഉൾക്കൊള്ളാൻ സാധിക്കുന്നു.

'ഏകാന്തതയുടെ നൂറ് വർഷങ്ങൾ' എന്ന നോവൽ എഴുതിയെങ്കിലും ഒരിക്കലും ഏകാകിയായ എഴുത്തുകാരനായിരുന്നില്ല മാർകേസ്. എപ്പോഴും സൗഹൃദങ്ങൾക്കും ആൾക്കൂട്ടങ്ങൾക്കും നടുവിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ജോലി ചെയ്ത പത്രങ്ങളിലെ ന്യൂസ് റൂമുകൾ ഏകാന്തത അനുവദിക്കാത്തവയായിരുന്നു. രാത്രി ഷിഫ്റ്റിലെ ജോലി കഴിഞ്ഞ്, പത്രം അച്ചടിയ്ക്കായി പോയിക്കഴിഞ്ഞാൽ എഡിറ്റർക്കൊപ്പം മാർകേസും ഒപ്പമുള്ളവരും ചെന്നടിഞ്ഞിരുന്നത് ബാരൻക്വിലയിലേയും ബൊഗോട്ടയിലേയും രാത്രി മദ്യശാലകളിലായിരുന്നു. അവിടെ സാഹിത്യ ചർച്ചകളുടെ ചൂടിൽ അവരറിയാതെ പ്രഭാതങ്ങൾ വിരിഞ്ഞു. സൗഹൃദസംഘങ്ങളിൽ ഞായറാഴ്ചപ്പകലുകൾ ഉരുകി. നിരന്തരമായ സംഭാഷണങ്ങൾ, തർക്കങ്ങൾ, പരസ്പര വിമർശനങ്ങൾ... ആ സൗഹൃദമാണ് തന്നിലെ എഴുത്തുകാരനെ സൃഷ്ടിച്ചെടുത്തത് എന്ന കാര്യം എപ്പോഴും മാർകേസ് പറഞ്ഞുകൊണ്ടേയിരുന്നു. നൊബേൽ സമ്മാനം തന്നിൽനിന്ന് ആൾക്കൂട്ടങ്ങളേയും സൗഹൃദസംഘങ്ങളേയും വെറുമൊരു പത്രറിപ്പോർട്ടറായുള്ള തന്റെ അജ്ഞാത യാത്രകളേയും അപഹരിച്ചു എന്ന് മാർകേസ് സങ്കടപ്പെട്ടിട്ടുണ്ട്. പ്രശസ്തിയുടെ തടങ്കലും ഒറ്റപ്പെടലും അദ്ദേഹത്തിന് സഹിക്കാൻ സാധിക്കാത്തതായിരുന്നു. സൗഹൃദങ്ങൾ ആഘോഷങ്ങളാക്കി ജീവിച്ച അച്ഛൻ ശ്മശാനത്തിൽ തനിച്ചാവുമല്ലോ എന്നോർത്ത് അച്ഛന്റെ ചിതയ്ക്ക് തീകൊളുത്തി മടങ്ങുമ്പോൾ മകൻ റോഡ്രിഗോ സങ്കടപ്പടുന്നുമുണ്ട്.

മൂന്നാം ലോക രാജ്യത്തെ കടുത്ത ദാരിദ്ര്യത്തിലൂടെ കടന്നുവന്നയാളായിരുന്നു മാർകേസ്. അച്ഛന് അമ്മയിലുണ്ടായി പതിനൊന്ന് മക്കളും മറ്റ് സ്ത്രീകളിലുണ്ടായ നാല് മക്കളുമടക്കം പതിനഞ്ച് മക്കൾ നിറഞ്ഞ വീട്ടിൽ നിൽക്കാനും കിടക്കാനുമിടമില്ലായിരുന്നു. സാഹിത്യം തലയ്ക്കുപിടിച്ച് നിയമപഠനം ഉഴപ്പി മാർകേസ് ഒടുവിൽ ചെന്നടിഞ്ഞത് പത്രപ്രവർത്തനത്തിൽ. വീട്് പുലരണമെങ്കിൽ മൂത്ത മകനായ തന്റെ സഹായവും വേണമെന്ന യാഥാർഥ്യത്തിൽ ജീവിതം ചെന്ന് തൊടുമ്പോൾ തന്റെ ഇല്ലായ്മകളെ അദ്ദേഹം മറന്നു. രണ്ട് ഷർട്ടും രണ്ട് പാന്റ്‌സും ഒരു പെട്ടിയും മാത്രമായിരുന്നു ഒരുപാടുകാലം അദ്ദേഹത്തിന്റെ ആകെ സമ്പാദ്യം. (തനിക്കെവിടെയും കിടക്കാം എപ്പോൾവേണമെങ്കിലും മരിക്കാം എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്. കാരണം താൻ ഒന്നുമില്ലാത്തവനാണ്) എഴുതിക്കൊണ്ടിരിക്കുന്ന എന്തിന്റേയെങ്കിലും കയ്യെഴുത്തുപ്രതി ആ പെട്ടിയിൽ എപ്പോഴുമുണ്ടാവും. വാടകയ്ക്ക് മുറിയെടുക്കാൻ സാധിക്കാത്തതിനാൽ കുറെക്കാലം ഒരു വേശ്യാലയത്തിലായിരുന്നു താമസം. എഴുതിക്കൊണ്ടിരുന്ന കയ്യെഴുത്തുപ്രതിയായിരുന്നു എപ്പോഴും പണയം. അവിടത്തെ താമസത്തെക്കുറിച്ച് മാർകേസിന്റെ പത്രാധിപർ പറഞ്ഞു:

'എഴുത്തുകാരന് താമസിക്കാൻ ഏറ്റവും പറ്റിയ സ്ഥലം വേശ്യാലയമാണ്. കാരണം പ്രഭാതങ്ങൾ പരമശാന്തമായിരിക്കും. എഴുതാൻ പറ്റിയ അന്തരീക്ഷം'

[object Object]

സിൽവാന പാറ്റേർനോസ്ട്രോ എഡിറ്റ് ചെയ്ത SOLITUDE &COMPANY എന്ന പുസ്തകം മാർകേസ് എന്ന എഴുത്തുകാരനിലുപരി മനുഷ്യനെ തുറന്നുകാട്ടുന്നതാണ്. ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, മദ്യപാന സുഹൃത്തുക്കൾ തുടങ്ങിയ നിരവധിപേർ അവരുടെ മാർകേസിനെക്കുറിച്ച് സംസാരിക്കുന്നു. കയ്യിൽ അധികം പണമില്ലാതെ,എഴുതിക്കൊണ്ടിരിക്കുന്ന രചനയുടെ കയ്യെഴുത്ത് പ്രതിയുമായി എപ്പോഴും കറങ്ങി നടക്കുന്ന ഒരു ശല്യക്കാരനാണ് അവരിൽപ്പലർക്കും മാർകേസ്. റഫേൽ ഉലോല പറയുന്നു:

'...ബാറുകളിലും കുറ്റകൃത്യങ്ങൾ നടക്കുന്ന തെരുവുകളിലും സ്ത്രീകൾക്കൊപ്പം അവനെക്കാണാം. കൊടുക്കാൻ പണമുണ്ടാവില്ല. എഴുതിക്കൊണ്ടിരിക്കുന്ന നോവലായ ലീഫ് സ്റ്റോമിന്റെ കയ്യെഴുത്ത് പ്രതി പണയം വെച്ചാണ് രക്ഷപ്പെടുക....'

ഇല്ലായ്മ കാരണം മദ്യപാന സംഘത്തിൽ പങ്ക്പണമിടാൻ മാർകേസിന്റെ കയ്യിൽ ഉണ്ടാകാറില്ല. അതുകൊണ്ടാവാം അയാൾ മിതമായ രീതിയിൽ കുടിച്ചിരുന്നത് എന്നവർ കരുതുന്നു. മറ്റുള്ളവർ സഹതാപത്തോടെ സഹായിക്കുന്നത് മാർകേസിന് ഇഷ്ടമായിരുന്നില്ല. എഴുതിക്കൊണ്ടിരിക്കുന്നത് വായിച്ചുകേൾപ്പിക്കൽ മാർകേസിന്റെ ശീലമായിരുന്നു.നോവൽ വായിച്ചുകേൾക്കേണ്ടിവരും എന്നതിനാൽ മാർകേസിൽനിന്നും പലരും ഒഴിഞ്ഞുമാറി രക്ഷപ്പെടുമായിരുന്നു. ക്വിക് സ്‌കോപ്പൽ എന്ന സുഹൃത്ത് പറഞ്ഞു:

'പുതുതായി എഴുതിയ ഒരദ്ധ്യായവുമായി എല്ലാ ദിവസവും അവൻ വരും. എന്നിട്ട് പറയും: ഇത് വായിക്ക്. അത് കേൾക്കുമ്പോൾ അൾവാരോ ചീത്തപറയും. ഏകാന്തതയുടെ നൂറ് വർഷങ്ങൾ പുസ്തകമായതിന് ശേഷം ഞാൻ വായിച്ചിട്ടില്ല. കാരണം ഇരുനൂറ്് തവണയെങ്കിലും ആ ഭ്രാന്തൻ അത്് വായിച്ചുതന്നിട്ടുണ്ട്. തലേദിവസം കയ്യിലുണ്ടായിരുന്ന അതേ അമ്പത് സെന്റാവോയും പേരിടാത്ത നോവലുമായി അവൻ വരും.എഴുതിയ പുതി അധ്യായം നിർബന്ധിച്ച് വായിച്ച് കേൾപ്പിക്കും....'

മാർക്കേസും കുടുംബവും

മാർകേസും ഭാര്യയും കുട്ടികളും ചേർന്ന കുടുംബഫോട്ടോ കാണുമ്പോഴെല്ലാം പതിവിൽക്കവിഞ്ഞ ഒരു സാധാരണത്വം എനിയ്ക്ക് എപ്പോഴും തോന്നാറുണ്ട്. ഇതാ കുംടുംബസ്ഥനായ ഒരു ലോക എഴുത്തുകാരൻ എന്ന്്് മനസ്സുപറയും.ടോൾസ്‌റ്റോയി,ദസ്തയോവ്‌സ്‌കി, ഹെമിങ്‌വെ, നെരൂദ, കസാൻദ് സാക്കിസ്, വി.എസ്.നയ്പാൾ, ൽമാൻ റഷ്ദി തുടങ്ങിയ വലിയ എഴുത്തുകാരുടെ കുടുംബജീവിതം മനസ്സിൽ മിന്നിമറയുകയും ചെയ്യും. തനിക്ക് സൃഷ്ടി നടത്താനായി തപിച്ചുരുകാൻ കുടുംബത്തിന്റെ ചിറകുകൾ നിർബന്ധമായും വേണം എന്ന് മാർകേസ് വിശ്വസിച്ചിരിക്കണം. ജോലിയുപേക്ഷിച്ച് കടുത്ത ദാരിദ്ര്യം വരിച്ച്, ഒന്നരവർഷത്തോളം മറ്റെല്ലാറ്റിൽനിന്നും മാറിയിരുന്ന് ഏകാന്തതയുടെ നൂറ് വർഷങ്ങൾ എഴുതിയ കാലം മാർകേസിനുണ്ടായിരുന്നു. അന്ന്, ഭർത്താവിനെ വീട്ടിലെ വിഷമങ്ങളൊന്നുമറിയിക്കാതെ വീടുനടത്തിയത് ഭാര്യ മെഴ്‌സിഡസ് ആയിരുന്നു.

റഫ്രിജറേറ്റർ വരെ വിൽക്കേണ്ടിവന്ന കാലം.

പുരുഷന്മാരുടെ അമിതമായ ലൈംഗികാസക്തിയും വിഹിതവും അവിഹിതവുമായ സ്ത്രീപുരുഷ ബന്ധങ്ങളും അവയിൽപ്പിറക്കുന്ന നിരവധി നിരവധി സന്താനങ്ങളുമൊക്കെയായി കുത്തഴിഞ്ഞതായിരുന്നു അക്കാലത്തെ കൊളംബിയൻ കുടുംബജീവിതം. അത് സ്വാനുഭവത്തിൽ അറിയുന്നതുകൊണ്ടായിരിക്കാം മാർകേസ് കുടുംബത്തെ ചേർത്തുപിടിച്ചത്. ഒരു നല്ല ഭർത്താവും അച്ഛനും മുത്തച്ഛനുമൊക്കെയായി അവസാനകാലം വരെ അദ്ദേഹം തുടർന്നു. കുടുംബകലഹവും കുടുംബഛിദ്രവും എഴുത്തുകാരന്റെ അടയാളമുദ്രയാണ് എന്ന് ധരിച്ചുവെച്ചിരിക്കുന്ന ലോകത്തെ തന്റെ ജീവിതംകൊണ്ട് ഈ മാസ്റ്ററോ തിരുത്തി. കാൽപ്പനികനേക്കാൾ യാഥാർത്ഥ്യവാദിയും രാഷ്ട്രീയ ജീവിയുമായിരുന്നു മാർകേസ്. കബ് റിപ്പോർട്ടർ മുതൽ ഫീച്ചർ എഴുത്തുകാരനായും എഡിറ്റോറിയൽ എഴുത്തുകാരനായും വരെയുള്ള ദീർഘമായ പത്രപ്രവർത്തന ജീവിതമാവാം മാർകേസിനെ ഈ തരത്തിൽ രൂപപ്പെടുത്തിയത്്. അദ്ദേഹത്തിന്റെ മിക്കരചനകളും വസ്തുതകൾക്ക് മുകളിൽ കെട്ടിയുയർത്തിയ കാൽപ്പനിക ചില്ലുമാളികകളായിരുന്നു.

ഇങ്ങിനെയൊക്കെ മാർകേസ്് എപ്പോഴുമെപ്പോഴും എന്റെ നിത്യ ജീവിതത്തിലേയ്ക്ക് പല തരത്തിൽ കയറി വന്നുകൊണ്ടേയിരിക്കുന്നു. അദ്ദേഹം കയ്യിലെ പെട്ടി തുറന്നുവെയ്ക്കുമ്പോൾ അതിൽനിന്നും പേരയ്ക്കാത്തോട്ടങ്ങളുടെ മണം; മധുരവിഷാദങ്ങളുടെ മഞ്ഞ മന്ദഹാസങ്ങൾ..... തോരാത്ത മഴകൾ....

Content Highlights: Explores the deep emotional connection between the author and Gabriel Garcia Marquez's literary works., Examines Marquez's transition from a journalist to a legendary novelist shaped by the Hemingway school of writing., Highlights poignant biographical details from Gerald Martin and Rodrigo Garcia about Marquez's final years and fading memory., Reflects on his struggles, poverty, family life, and the creative genius behind masterpieces like One Hundred Years of Solitude.