യാത്രക്കാരന് ഓക്‌സിജൻ കൊടുത്തതിന് റിട്ടേൺ ഫ്‌ളൈറ്റ് നാലരമണിക്കൂർ വൈകിച്ചതെന്തിന്?

ബെംഗളുരു-റാഞ്ചി യാത്രക്കിടെ ഒരു യാത്രക്കാരന് ഓക്സിജൻ കൊടുത്തതിനെ തുടർന്ന്, എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ബെംഗളുരുവിലേക്ക് തിരിച്ചുള്ള യാത്ര നാലര മണിക്കൂർ വൈകിയത് ദേശീയ മാധ്യമങ്ങളിലെല്ലാം വാർത്തയായത് ഇക്കഴിഞ്ഞ ഓഗസ്റ്റ് 23-നാണ്. എല്ലാ യാത്രാവിമാനങ്ങളിലും അടിയന്തര സാഹചര്യങ്ങൾക്കായി കരുതിവച്ചിട്ടുള്ള ഓക്സിജന്റെ ഉപയോഗത്തെപ്പറ്റി മാത്രമല്ല, വിമാന സുരക്ഷാ ചട്ടങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാവാത്തതിനെപ്പറ്റിയും ഉൾക്കാഴ്ച നൽകുന്നതായി ഇൗ സംഭവം.

ഫ്ളൈറ്റ് നമ്പർ ഐഎക്സ്1239 ബെംഗളുരു കെമ്പഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഞായറാഴ്ച രാവിലെ 6.33-ന് ടേക് ഓഫ് ചെയ്ത, വിടി-ബിഡബ്ല്യുവി റജിസ്ട്രേഷനുള്ള ബോയിങ് 737 മാക്സ്8 വിമാനം, റാഞ്ചി ബിർസ മുണ്ട വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ സമയം രാവിലെ 8.36. ഈ ടേക് ഓഫിനും ലാൻഡിങ്ങിനുമിടയിൽ, കർണാടകയ്ക്കും ജാർഖണ്ഡിനും ഇടയ്ക്ക് എവിടെയോവച്ചാണ്, പേരും വിലാസവും പ്രായവുമൊന്നും വാർത്തകളിൽ ഇപ്പോഴും വന്നിട്ടില്ലാത്ത യാത്രക്കാരന് സുഖമില്ലാതെയാകുന്നത്. എന്താണെന്ന് വ്യക്തമാക്കിയിട്ടില്ലാത്ത അസുഖത്തെത്തുടർന്ന് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടായ യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനായി, ഓക്സിജൻ സംഭരണി ഫ്ളൈറ്റ് അറ്റൻഡന്റുമാർ എടുത്തുകൊടുത്തു. പോർട്ടബിൾ ഓക്സിജൻ ബോട്ടിൽ എന്നും വോക്ക് എറൗണ്ട് ബോട്ടിൽ എന്നും ഇതിന് പറയും. 311 ലിറ്റർ ഉണ്ടാകും. മിനിറ്റിൽ നാലു ലിറ്റർ എന്ന നിരക്കിലാണ് ഓക്സിജൻ ഈ സംഭരണിയിൽനിന്ന് പ്രവഹിക്കുക.

ഏവിയേഷൻ പോർട്ടബിൾ ഓക്‌സിജൻ ബോട്ടിൽ

അതിനാൽ, ഒരു മണിക്കൂർ 17 മിനിറ്റാണ് പരമാവധി ഉപയോഗിക്കാൻ കിട്ടുക. ബെംഗളുരുവിൽനിന്ന് റാഞ്ചിയിലേക്കുളള രണ്ടു മണിക്കൂർ മൂന്നു മിനിറ്റ് പറക്കലിന്റെ ഏതു ഘട്ടത്തിലാണ് യാത്രക്കാരന് സുഖമില്ലാതായതെന്നും സുഖമില്ലാതായി എത്ര നേരം കഴിഞ്ഞാണ് ഓക്സിജൻ സിലിണ്ടർ തുറന്നു കൊടുത്തതെന്നും വ്യക്തമല്ല.

റാഞ്ചിയിലെത്തുമ്പോഴേക്കും യാത്രക്കാരൻ അപകടനില തരണം ചെയ്തിരുന്നു എന്നാണ് വാർത്തകളിൽ. ഒന്നേകാൽ മണിക്കൂറിലേറെ തുടർച്ചയായി ഉപയോഗിച്ച് ഒരു സിലിണ്ടർ തീരുകയും അടുത്ത സിലിണ്ടർ ഉപയോഗിക്കേണ്ടി വരികയും ചെയ്തോ അതോ ഒരു സിലിണ്ടർ തന്നെ ഭാഗികമായി മാത്രമേ ഉപയോഗിച്ചുള്ളോ എന്നതിനൊന്നും വ്യക്തതയില്ല. എന്തായാലും റാഞ്ചിയിൽ എത്തിയ വിമാനത്തിൽനിന്ന് യാത്രക്കാരൻ നേരെ വീട്ടിലേക്കാണ് പോയത്. അങ്ങനെ കുഴപ്പമൊന്നുമില്ലാതെ അവസാനിച്ച ബെംഗളുരു-റാഞ്ചി യാത്രയ്ക്കു ശേഷം, വിമാനം തിരികെ ബെംഗളുരുവിലേക്കുള്ള ട്രിപ്പിനു തയ്യാറെടുക്കുമ്പോഴാണ് ആ തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകുന്നത്- യാത്രക്കാരൻ ഉപയോഗിച്ച് ഓക്സിജൻ കുറഞ്ഞ (അല്ലെങ്കിൽ തീർന്ന) സിലിണ്ടർ മാറ്റി പുതിയത് വയ്ക്കാതെ ഇനി പറക്കാനാവില്ല.

ഇന്ത്യയിൽ വിമാനയാത്രയുടെ സുരക്ഷയെ സംബന്ധിക്കുന്ന വിവിധ നിയമങ്ങളിലൊന്നായ ഡിജിസിഎയുടെ സിഎആർ (സിവിൽ ഏവിയേഷൻ റിക്വയർമെന്റ്) സെക്ഷൻ 8, സീരീസ് ഒ, പാർട്ട് രണ്ടിൽ പറയുന്ന ചട്ടങ്ങളും വിമാനക്കമ്പനിയുടെ സ്വന്തം നിയമങ്ങളും പ്രകാരം എയർ ഇന്ത്യ എക്സ്പ്രസിനു മുന്നിൽ മറ്റു വഴികളൊന്നും ഉണ്ടായിരുന്നില്ല. മേൽപ്പറഞ്ഞ പാർട്ട് രണ്ടിൽ ഓക്സിജനെപ്പറ്റി പരാമർശമുള്ളത് രണ്ടിടത്താണ്. ഖണ്ഡിക 4.3.92, വിമാനത്തിനുള്ളിലെ പൊതുവായ ഓക്സിജൻ വിതരണത്തെ സംബന്ധിക്കുന്നതാണ്. വിമാനം പറക്കുന്നതിനിടെ എന്തെങ്കിലും തകരാറോ കുഴപ്പമോ ഉണ്ടായി കാബിനുള്ളിലെ മർദ്ദം കുറഞ്ഞാൽ ഓക്സിജൻ മാസ്‌കുകൾ സീറ്റിനു മുന്നിലേക്ക് അഴിഞ്ഞുവീണ് തൂങ്ങിക്കിടക്കുന്നത്, ഈ നിയമം പാലിക്കത്തക്കവണ്ണം യാത്രക്കാർക്കെല്ലാം കുറേനേരത്തേക്ക് (വിമാനം താഴ്ന്ന് സുരക്ഷിതമായ ഉയരത്തിലെത്തും വരെ) ഓക്സിജൻ നൽകാനാണ്. എന്നാൽ, ബെംഗളുരു-റാഞ്ചി യാത്രക്കാരന് ശ്വാസതടസ്സമുണ്ടായപ്പോൾ ഓക്സിജൻ നൽകിയ ബോട്ടിൽ വിമാനത്തിൽ സൂക്ഷിക്കാൻ കാരണം, ഈ നിയമത്തിലെ 6.2.2 ഖണ്ഡികയാണ്.

മെഡിക്കൽ, അടിയന്തരഘട്ട വസ്തുക്കൾ വിമാനത്തിൽ സൂക്ഷിക്കേണ്ടിയത് വിശദീകരിക്കുന്നിടത്താണ് പോർട്ടബിൾ ഓക്സിജൻ കടന്നു വരുന്നത്. ഓക്സിജൻ ഒരേസമയം ഒരു മെഡിക്കൽ വസ്തുവും അടിയന്തരഘട്ട വസ്തുവും ആണല്ലോ. കൂടാതെ, ഡിജിസിഎയുടെ കാബിൻ സേഫ്റ്റി ഇൻസ്പെക്ടേഴ്സ് ഹാൻഡ്ബുക്കും (സിഎപി 8400), ഓക്സിൻ ബോട്ടിലുകളെയും മാസ്‌കുകളെയും സുരക്ഷാ വസ്തുക്കളായാണ് കണക്കാക്കുന്നത്. എന്നാൽ ഇവിടെ പ്രശ്നം, അല്ലെങ്കിൽ അവ്യക്തത, ഉണ്ട്- പോർട്ടബിൾ ഓക്സിജൻ ബോട്ടിലുകളും മാസ്‌കുകളും വിമാനത്തിലുണ്ടെന്ന് ഉറപ്പാക്കണമെന്നു പറയുമ്പോൾ അവ എത്രയെണ്ണം വേണം, എത്ര അളവിൽ വേമെന്നു കൃത്യമായി നിർദ്ദേശിക്കുന്നുമില്ല. പിന്നെയെന്തു കൊണ്ടാണ്, ഉപയോഗിച്ച ബോട്ടിലുമായി തിരികെപറക്കാൻ ബെംഗളുരു വിമാനം മടിച്ചത്? ഓരോ ഇനം വിമാനത്തിന്റെ (ബോയിങ്, എയർബസ് തുടങ്ങി) നിർമാതാക്കളും ആ വിമാനം പറത്തുന്ന എയർലൈനുകളും ഡിജിസിഎയുടെ പൊതുവായ നിർദ്ദേശങ്ങൾക്ക് വിധേയമായി ഇത്തരം കാര്യങ്ങളിൽ കൃത്യമായ ചട്ടങ്ങളും മാനദണ്ഡങ്ങളും എഴുതിയുണ്ടാക്കുന്നുണ്ട് എന്നതാണ് കാരണം.

ഞായറാഴ്ച സംഭവത്തിലെ ബോയിങ് 737 മാക്സ്8 വിമാനത്തിൽ നാല് അല്ലെങ്കിൽ അഞ്ച് ഓക്സിജൻ സിലിണ്ടറുകളാണ്, അടിയന്തര ഘട്ടത്തിൽ യാത്രക്കാർക്കും കാബിൻ ക്രൂവിനും ഉപയോഗിക്കാനായി വച്ചിട്ടുള്ളത്. 120 ലിറ്റർ അല്ലെങ്കിൽ 311 ലിറ്ററായിരിക്കും ഓരോ ബോട്ടിലിന്റെയും ശേഷി. ഓരോ എയർലൈനിലും ഇക്കാര്യം വ്യത്യാസപ്പെടാം. കുറഞ്ഞത് എത്രയെണ്ണം ഉപയോഗിക്കാൻ പാകത്തിൽ വിമാനത്തിൽ ഉണ്ടെങ്കിലാണ് പറക്കാൻ അനുമതി കൊടുക്കേണ്ടിയത് എന്നതിനും ഓരോ എയർലൈനിനും സ്വന്തം ചട്ടമുണ്ടാകും. ചട്ടം ഉണ്ടായിക്കഴിഞ്ഞാൽ പിന്നെ അത് കൃത്യമായി പാലിക്കുക തന്നെ വേണമല്ലോ. അതിനാൽ, ബെംഗളുരു-റാഞ്ചി യാത്രയിൽ യാത്രക്കാരൻ ശ്വസിച്ചുതീർത്ത ഓക്‌സിജൻ ബോട്ടിൽ മാറ്റി പുതിയത് വയ്ക്കാതെ തിരിച്ചു പറക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ, ഏറെ സൗകര്യങ്ങളൊന്നുമില്ലാത്ത ചെറിയ വിമാനത്താവളമായ റാഞ്ചിയിൽ ഈ ഇനം ഓക്‌സിജൻ സിലിണ്ടർ സ്റ്റോക്കില്ലാത്തതിനാൽ, ഡൽഹിയിൽനിന്ന് വരുത്തുകയല്ലാതെ വേറെ മാർഗ്ഗമുണ്ടായിരുന്നില്ല. അങ്ങനെ, ഡൽഹിയിൽ വിളിച്ചു പറഞ്ഞ്, അവിടെനിന്ന് റാഞ്ചിയിലേക്കു പറക്കാനുണ്ടായിരുന്ന ഏതെങ്കിലും വിമാനത്തിൽ (അതില്ലെങ്കിൽ എയർ ഇന്ത്യയുടെ പ്രത്യേക വിമാനവും ആകാം) ഓക്‌സിജൻ റാഞ്ചിയിൽ എത്താനെടുത്ത സമയമാണ്, മേൽപ്പറഞ്ഞ നാലര മണിക്കൂർ.

ഇവിടെ വീണ്ടും ഓർക്കേണ്ട കാര്യം ഈ ഓക്സിജൻ ബോട്ടിലിനും, വിമാനത്തിനുള്ളിലെ മർദ്ദം പെട്ടെന്ന് വ്യത്യാസപ്പെടുമ്പോൾ താഴേക്കു വരുന്ന മാസ്‌കുകൾ വഴി എല്ലാ യാത്രക്കാർക്കും കാബിൻ ക്രൂവിനും ഓക്സിജൻ ലഭ്യമാക്കുന്ന സംവിധാനത്തിനും തമ്മിൽ ബന്ധമൊന്നുമില്ല എന്നതാണ്. ആ സംവിധാനത്തിന് ബോട്ടിലുകളുമായുള്ള മുഖ്യവ്യത്യാസം അത് നൽകുന്നത് 'ഇൻസ്റ്റന്റ്' ഓക്സിജനാണ് എന്നതാണ്.

സോഡിയം ക്ലോറേറ്റ് എന്ന രാസവസ്തു നന്നായി ചൂടാകുമ്പോൾ അത് സോഡിയം ക്ലോറൈഡും ഓക്സിജനുമായി വേർതിരിഞ്ഞാണ് മാസ്‌കിൽ ഓക്സിജൻ എത്തുന്നത്. നാലു യാത്രക്കാർക്ക് ഒരു സോഡിയം ക്ലോറേറ്റ് അധിഷ്ഠിത ഓക്സിജൻ ഉത്പാദിനി എന്നതാണ് നിരക്ക്. മുന്നിലേക്ക് ചരടിൽ തൂങ്ങി വീഴുന്ന മാസ്‌കിൽ യാത്രക്കാർ പിടിച്ചു വലിക്കുമ്പോഴാണ് സോഡിയം ക്ലോറേറ്റ് ചൂടായിത്തുടങ്ങുന്നതും ഓക്സിജൻ പ്രവഹിച്ചു തുടങ്ങുന്നതും. 12-20 മിനിറ്റിനു നേരം ശ്വസിക്കാനുള്ള ഓക്സിജനാണ് പരമാവധി ഇങ്ങിനെ ഉണ്ടാവുക.

അതു തീരുംമുമ്പേ പൈലറ്റുമാർ വിമാനം താഴേക്കു കൊണ്ടു വന്ന്, അന്തരീക്ഷവായുവിൽനിന്നുള്ള ഓക്സിജൻ ലഭ്യമാക്കും എന്നാണ് ധാരണ. പൈലറ്റുമാർക്കുള്ള ഓക്സിജനും, ഈ ഇൻസ്റ്റന്റ് ഓക്സിജനുമായി ബന്ധമില്ല. വിമാനത്തിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ കേന്ദ്രീകരിച്ചു വച്ചിട്ടുള്ള ഭാഗത്ത്, ഉന്നത മർദ്ദത്തിലുള്ള ഓക്സിജൻ നിറച്ച പ്രത്യേക സിലിണ്ടറുകളുണ്ട്. ഇതിൽനിന്ന് നേരിട്ടാണ് പൈലറ്റുമാരുടെ മാസ്‌കിലേക്ക് ഓക്സിജൻ എത്തുക. ഓരോ പൈലറ്റിനു രണ്ടു മണിക്കൂർ വീതം ശ്വസിക്കാനുള്ള ഓക്സിജൻ ഈ സിലണ്ടറുകളിൽ ഉണ്ടാവും.

Content Highlights: An Air India Express flight was delayed by 4.5 hours in Ranchi because a portable oxygen cylinder used by a passenger needed replacement., DGCA regulations (CAR Section 8) mandate strict compliance regarding emergency medical equipment and oxygen supplies on aircraft., Portable oxygen cylinders have a limited capacity (up to 311 liters) and must be refilled or replaced before the next takeoff., Aircraft emergency oxygen for cabin pressure drops utilizes sodium chlorate generators, which are separate from portable medical oxygen bottles.