തണ്ണീർക്കായലിലെ വെള്ളക്കെട്ട്: ഇടിയഞ്ചിറ ഷട്ടറുകൾ തുറന്നു

മുല്ലശ്ശേരി : തണ്ണീർക്കായൽ പ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ടിനെത്തുടർന്ന് ദുരിതത്തിലായ പ്രദേശവാസികൾക്ക് താത്കാലിക ആശ്വാസമായി ഇടിയഞ്ചിറ റെഗുലേറ്ററിന്റെ മൂന്നു ഷട്ടറുകൾ തുറന്നു. ഏതാനും ദിവസങ്ങളായി തണ്ണീർക്കായൽ പ്രദേശത്തെ വീടുകൾ വെള്ളക്കെട്ടിലായ സാഹചര്യത്തിലാണ് നടപടി.
ജനപ്രതിനിധികളും ഇറിഗേഷൻ, കൃഷിഭവൻ ഉദ്യോഗസ്ഥരും കോൾപ്പടവ് കർഷകസംഘം ഭാരവാഹികളും കനാൽ ബണ്ട് പ്രദേശത്ത് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് നടത്തിയ കൂടിയാലോചനയിലാണ് വേലിയിറക്കസമയത്ത് ഷട്ടറുകൾ താത്കാലികമായി തുറക്കാൻ തീരുമാനിച്ചത്.
കനാലിലെ ജലനിരപ്പ് കുറയ്ക്കുന്നതിനൊപ്പം പാടശേഖരങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയുകയാണ് ലക്ഷ്യം. ഷട്ടറുകൾ തുറന്നതോടെ കനാലിലെ ജലനിരപ്പ് താഴ്ന്നതായി ഇറിഗേഷൻ ഓവർസിയർ അറിയിച്ചു. വരുംമണിക്കൂറുകളിൽ പ്രദേശത്തെ വെള്ളക്കെട്ടിന് കൂടുതൽ ശമനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
തണ്ണീർക്കായൽ പാടശേഖരത്തിലേക്ക് വെള്ളം ഒഴുകുന്നത് നിയന്ത്രിക്കുന്നതിനായി കല്ലുങ്ക് അടയ്ക്കേണ്ട ചുമതല പാടശേഖരസമിതിക്കായിരുന്നു. വെങ്കിടങ്ങ്, മുല്ലശ്ശേരി പഞ്ചായത്ത് അധികൃതർ ഇക്കാര്യം സമിതിയെ അറിയിച്ചിരുന്നെങ്കിലും കല്ലുങ്ക് അടയ്ക്കാൻ വൈകിയതാണ് വീടുകളിലേക്ക് വെള്ളം കയറാൻ കാരണമായത്.