ഈ ഗ്രാമത്തിലേക്ക് വരൂ, ഇറയങ്ങളിലെ ചിത്രങ്ങൾ കാണൂ...

#വി. മുരളി

വടക്കാഞ്ചേരി: എങ്കക്കാട് ഗ്രാമത്തിലെ വീടിന്റെ ഇറയങ്ങൾ ക്ഷണിക്കുന്നു- വരൂ, ഈ ചിത്രങ്ങൾ കാണൂ. രാജ്യത്തെ പ്രമുഖ ചിത്രകാരന്മാരുടെ രചനകൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത് ആർട്ട് ഗാലറികളിലല്ല, വീടുകളിലെ ഇറയങ്ങളിലാണ്. ‘നിറച്ചാർത്ത്’ എന്ന പേരിൽ നാട്ടിലെ ഒരുകൂട്ടം കലാസ്നേഹികളാണ് സംഘാടകർ. ഇരുപതോളം ചിത്രകാരന്മാർ എങ്കക്കാട് ഗ്രാമത്തിലെത്തി വീടുകളിൽ താമസിച്ച് വരച്ച ചിത്രങ്ങളാണിവ. ശില്പങ്ങളുമുണ്ട്. 10 വർഷമായി ഇതു തുടങ്ങിയിട്ട്. അതിൽനിന്നുള്ള 50 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.

ഈ വർഷത്തെ ക്യാമ്പ് ഡിസംബർ രണ്ടുമുതൽ ആറുവരെ നടക്കും. ഇതിനു മുന്നോടിയാണ് വീട്ടകങ്ങളിലെ ചിത്രപ്രദർശനം. ഇവിടെ ചിത്രം വിറ്റുപോയാൽ ഒരു പങ്ക് ചിത്രകാരന് നൽകും. സ്‌പെയിനിൽനിന്നുള്ള ഗായത്രി ഗാമൂസ്, യു.കെ.യിലെ സതാപ്ടൺ സർവകലാശാലാ രസതന്ത്രം പ്രൊഫസർകൂടിയായ ചിത്രകാരൻ പ്രൊഫസർ മാൽക്കം ലെവിറ്റ് തുടങ്ങിയവർ നിറച്ചാർത്തിന്റെ പത്താംപതിപ്പിന് എങ്കക്കാടിനെ കളറാക്കാൻ എത്തിയിരുന്നു. ചലച്ചിത്രപ്രതിഭകളും ചിത്രകാരന്മാരുമായിരുന്ന പി.എൻ. മേനോന്റെയും ഭരതന്റെയും നാടാണ് എങ്കക്കാട്. ആ പാരമ്പര്യം മുറുകെ പിടിച്ച് 26 വീട്ടുകാരാണ് ചിത്രങ്ങൾക്കായി തങ്ങളുടെ വീടുകൾ തുറന്നിട്ടത്. അതിനാൽ ‘പത്തിരുപത്താറ്’ എന്ന് പേരിട്ടാണ് പ്രദർശനം. ആർട്ട് ഗാലറികളിലേതുപോലെ ഓരോ ചിത്രത്തിനും പേര്‌ നൽകിയിട്ടുണ്ട്. പ്രമേയത്തിന്റെ ലഘുവിവരണവും.

ഉറക്കത്തിലെ വിഘ്‌നങ്ങൾ പ്രമേയമാക്കിയതാണ് രഞ്ജിത്ത് രാമന്റെ എംബ്രോയ്ഡറി ചിത്രം. ഉറക്കത്തിന്റെയും ഉണർവ്വിന്റെയും പാതിയുറക്കങ്ങളുടെയും ഇടയിലെ വിവിധ അവസ്ഥകളെ നൂലിൽ കോർത്തതാണ് ഈ രചനയെങ്കിൽ ഡൽഹിയിൽനിന്നുള്ള സോണിയുടെ എട്ടടി ഉയരത്തിലുള്ള കന്യാകുവാരി എന്ന പെയിന്റിങ് കണ്ണേറ് ഏൽക്കാതിരിക്കാൻ വീടുകൾക്കു മുന്നിൽ സ്ഥാപിക്കുന്ന രൂപങ്ങളെ ആസ്പദമാക്കിയിരിക്കുന്നു. വിവാഹപ്പരസ്യങ്ങളിലെ ഫോട്ടോകളെടുക്കുന്ന സ്റ്റുഡിയോകളിലെ രംഗപടത്തിന്റെ മാതൃകയാണിതിന്.

ഹൈദരാബാദുകാരനായ ശില്പകലാവിദ്യാർഥി സായ് കർണിക്കോട്ടയുടെ സഖ്യം എന്ന കളിമൺസൃഷ്ടി, മനുഷ്യരോട് സാമ്യപ്പെടുന്ന ആടുകളുടെ കൂട്ടത്തെ ചിത്രീകരിക്കുന്നു. കോർമാത്ത് വീട്ടിലാണ് ഈ ശില്പം പ്രദർശിപ്പിച്ചിരിക്കുന്നത്.

കലാപണ്ഡിതനായിരുന്ന വിജയകുമാർ മേനോന്റെ പ്രചോദനത്തിലാണ് നിറച്ചാർത്തിന്റെ പിറവി. ആദ്യ ആറ്‌ പതിപ്പുകളിലെ നേതൃത്വവും അദ്ദേഹം വഹിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടർന്ന് ഏഴാംപതിപ്പ് സമർപ്പിച്ചത് അദ്ദേഹത്തിനായിരുന്നു. തുടർന്നുള്ള പതിപ്പുകൾക്ക് നാട് ഒന്നായി നേതൃത്വം നൽകുകയായിരുന്നു.