മണിയമ്മയ്ക്ക് വീട് യാഥാർഥ്യമാകുന്നു

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ആദ്യഗഡു അനുവദിച്ചു

പുത്തൂർ : ചോർന്നൊലിക്കുന്ന വീട്ടിൽ രോഗിയായ മകളെയും ഭിന്നശേഷിക്കാരനായ മകനെയും മാനസികനില തെറ്റിയ മറ്റൊരു മകനെയും ചേർത്തുപിടിച്ച് വിതുമ്പിയ മണിയെന്ന അമ്മയ്ക്ക് ആശ്വാസം. വെള്ളക്കാരിത്തടത്തിലെ 62 വയസ്സുകാരി മണിയുടെ വാർത്ത മാതൃഭൂമിയിലൂടെയാണ് പുറംലോകമറിഞ്ഞത്. ഇതോടെ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അടിയന്തരമായി ഇടപെട്ട് പ്രധാനമന്ത്രി ആവാസ് യോജന ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി മണിക്ക് നാലുലക്ഷം രൂപ വകയിരുത്തി. ആദ്യഗഡു അനുവദിക്കുകയും ചെയ്തു.

ഈ വീട്ടിലേക്കുള്ള ഏക വരുമാനം പെൻഷൻ തുക മാത്രമാണ്. ഈ തുക മക്കളുടെ ചികിത്സയ്ക്കുപോലും തികയുന്നില്ല. ഇതിൽ വീടെന്ന സ്വപ്നം യാഥാർഥ്യമായി. വീടുപണി പൂർത്തിയാക്കാൻ എട്ടു മാസമെങ്കിലുമാകുമെന്നാണ് കരാറുകാരൻ അറിയിച്ചിട്ടുള്ളത്. മണി മക്കളുമായി വാടകവീട്ടിലാണ് താമസം. മക്കളെ നോക്കണമെന്നതിനാൽ മറ്റുള്ള ജോലികൾക്ക് പോകാൻ കഴിയുകയില്ല.

മാതൃഭൂമി വാർത്തയെത്തുടർന്ന് ചെറിയ സഹായം കിട്ടിയിരുന്നു. റേഷൻകടയിലെ അരിയും അയൽവാസികൾ നൽകുന്ന അരിയും പലവ്യഞ്ജനങ്ങളും കിട്ടുന്നതിനാൽ മക്കൾക്ക് ഭക്ഷണം നൽകാനാകുന്നുണ്ടെങ്കിലും വാടക എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലും ചോർന്നൊലിക്കാത്ത വീട്ടിലേക്കുമാറാൻ കഴിയുമെന്ന പ്രതീക്ഷയോടെ കാത്തിരിപ്പിലാണ് മണിയമ്മ..