ജില്ലയിൽ വിരുന്നെത്തി ഒരു ദേശാടനക്കിളി കൂടി

റെഡ്-ബാക്ക്ഡ് ഷ്രൈക്ക്സ് പക്ഷിയെയാണ് തൊമ്മാന പാടത്ത് കണ്ടത്
ഇരിങ്ങാലക്കുട : ജില്ലയിൽ ഒരു ദേശാടനപ്പക്ഷി കൂടി വിരുന്നെത്തി. റെഡ്-ബാക്ക്ഡ് ഷ്രൈക്ക്സ് (Red-backed Shrikes) പക്ഷിയെയാണ് പക്ഷിനിരീക്ഷകനായ റാഫി കല്ലേറ്റുംകര മുരിയാട് തൊമ്മാന കോൾപ്പടവ് ബണ്ടിലെ അക്കേഷ്യ മരത്തിലിരിക്കുന്നത് കണ്ടെത്തിയത്. പടിഞ്ഞാറൻ യൂറോപ്പിൽ പ്രജനനം നടത്തി തെക്കുകിഴക്കൻ ആഫ്രിക്കയിൽ ദേശാടനം നടത്തുന്ന ഈ പക്ഷി ഇന്ത്യയിൽ ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ പടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ സ്ഥിരം സന്ദർശകരാണ്.
കഴിഞ്ഞ വർഷം നവംബറിൽ കണ്ണൂരിലെ കട്ടമ്പള്ളിയിലായിരുന്നു ഈ പക്ഷിയെ കേരളത്തിൽ ആദ്യമായി കണ്ടെത്തിയത്. ഒരു വർഷം പിന്നിട്ട് അതേ മാസത്തിൽത്തന്നെയാണ് ജില്ലയിൽ കണ്ടെത്തിയത്. കണ്ണൂരിലും ഇവിടെ കണ്ടെത്തിയ പക്ഷിയും പ്രായപൂർത്തിയാകാത്തതാണെന്ന് റാഫി കല്ലേറ്റുംകര പറഞ്ഞു. ഈ ഭാഗത്ത് ഒരാഴ്ചയായി പക്ഷിയെ കാണുന്നുണ്ടെന്ന് റാഫി കൂട്ടിച്ചേർത്തു.
സഞ്ചാരപദം മാറുന്നു
യൂറോപ്പിൽനിന്നും മധ്യേഷ്യയിൽനിന്നും ആഫ്രിക്കയിലേക്കാണ് ഈ പക്ഷി ദേശാടനം നടത്തുന്നത്. ദേശാടനമധ്യേ ഇന്ത്യയിൽ ഗുജറാത്താണ് ഇതിന്റെ മുഖ്യ വിശ്രമസ്ഥലം.
വിരളമായി ഇത് സ്ഥിരം സഞ്ചാരപാതയിൽനിന്ന് മാറി സഞ്ചരിക്കാറുണ്ട് അങ്ങനെയാകാം ഇത് കേരളത്തിൽ എത്തിയതെന്ന് പക്ഷിഗവേഷകനായ അബ്ദുള്ള പലേരി പറഞ്ഞു.
റെഡ്-ബാക്ക്ഡ് ഷ്രൈക്ക്സ്
റെഡ്-ബാക്ക്ഡ് ഷ്രൈക്കുകൾ, വണ്ടുകളെയും എലികളെയും മുള്ളുകളിൽ കുത്തിനിർത്തി സൂക്ഷിച്ചുവെക്കുന്ന സ്വഭാവത്തിന് പേരുകേട്ടവയാണ്. സ്പെയിൻ മുതൽ റഷ്യ വരെയുള്ള പ്രദേശങ്ങളിലെ കുറ്റിക്കാടുകളിലും വേലികളിലും പ്രജനനം നടത്തുന്ന ഇവ, ശൈത്യകാലം ചെലവഴിക്കുന്നത് ഏകദേശം 10,000 കിലോമീറ്റർ അകലെയുള്ള തെക്കൻ ആഫ്രിക്കയിലാണ്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇവ ബാൾക്കൻ മേഖലയിൽ ഒത്തുചേരുന്നു.
തുടർന്ന് കിഴക്കൻ മെഡിറ്ററേനിയനും സഹാറ മരുഭൂമിയും കടന്ന്, സഹേൽ (Sahel) മേഖലയിൽ ആഴ്ചകളോളം തങ്ങിയശേഷം കലഹാരിയിലേക്ക് പറക്കുന്നു. വസന്തകാലത്ത് കിഴക്കൻ ആഫ്രിക്ക, ഹോൺ ഓഫ് ആഫ്രിക്ക, അറേബ്യ എന്നിവയിലൂടെ കിഴക്കൻ പാതയിലൂടെ മടങ്ങുന്ന ഇവ, മേയ് മാസത്തോടെ യൂറോപ്പിലെത്തുന്നു.