വടക്കാഞ്ചേരി റെയിൽവേ സ്‌റ്റേഷനിൽ തെരുവുനായ ശല്യം രൂക്ഷം

വടക്കാഞ്ചേരി : അമൃത് ഭാരത് സ്‌റ്റേഷനായി നവീകരിച്ച വടക്കാഞ്ചേരി റെയിൽവേ സ്‌റ്റേഷനിൽ യാത്രക്കാർക്ക് ഭീഷണിയായി തെരുവുനായ ശല്യം. പ്ലാറ്റ്‌ഫോമിലും ടിക്കറ്റ് കൗണ്ടറിനു മുന്നിലും ഉൾപ്പെടെ നായ്‌ക്കൾ അലഞ്ഞുതിരിഞ്ഞു നടക്കുകയും കൂട്ടത്തോടെ കിടക്കുകയും ചെയ്യുന്നത് യാത്രക്കാർക്ക് വലിയ ഭീഷണിയാണ്. നഗരസഭയിൽ പരാതിപ്പെട്ടെങ്കിലും നടപടികളൊന്നുമുണ്ടായില്ലെന്ന് സ്റ്റേഷൻ അധികൃതർ പറയുന്നു. ഇതിനു പുറമെ ഇതരസംസ്ഥാനക്കാരായ യാചകർ മാസങ്ങളായി പ്ലാറ്റ്‌ഫോമിൽ മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കുന്നതും പതിവാണ്. സ്റ്റേഷനിൽ ആക്രമണം നടത്തുകയും യാത്രക്കാർക്ക് നേരേ അസഭ്യം പറയുകയും ചെയ്യുന്ന ഇത്തരക്കാർക്കെതിരേ പോലീസും ആർ.പി.എഫും നടപടിയെടുക്കുന്നില്ല.
നായ്ക്കളെ ഉടൻപിടികൂടണം
:സ്റ്റേഷന്റെ ഇരിപ്പിടങ്ങൾക്കിടയിൽ കിടക്കുന്ന നായ്ക്കൾ യാത്രക്കാർക്ക് ഭീഷണിയാണ്. ഇവയെ പിടിക്കാൻ നഗരസഭ നടപടി സ്വീകരിക്കണം. സ്റ്റേഷൻ വൃത്തികേടാക്കുന്നവരെ അവിടെനിന്ന് ഒഴിപ്പിക്കാനുള്ള നടപടി ആർ.പി.എഫ്. സ്വീകരിക്കാത്തത് അമൃത് സ്റ്റേഷനോടുള്ള അവഗണനയാണ്.
ശ്രീനാഥ് പുഴങ്കര
കുമരനെല്ലൂർ