ഊരോക്കാട് മാതൃകാ തേക്കിൻതോട്ടത്തിൽ ഇടമുറിയൊരുക്കുന്നു

പതിനായിരം തേക്കുകൾ മുറിച്ചുമാറ്റും

വടക്കാഞ്ചേരി : ഊരോക്കാട് തേക്കിൻതോട്ടത്തിൽ മരങ്ങൾ തഴച്ചുവളരാൻ ഇടമുറിയൊരുക്കുന്നു. മച്ചാട് വനം റേഞ്ചിലെ 17.5 ഹെക്ടറിൽ 42,515 തേക്കിൻതൈകളാണ് ആറുവർഷംമുന്നെ ഇവിടെ നട്ടു പരിപാലിച്ചുതുടങ്ങിയത്. കരാറുകാരന്റെ ഉത്തരവാദിത്വത്തിലായിരുന്നു ആദ്യത്തെ മൂന്നുവർഷം പരിചരണം. വനംവകുപ്പിന്റെ മികച്ച തോട്ടമായി ഊരോക്കാട് മാറിയതോടെ ഉന്നത വനം ഉദ്യോഗസ്ഥന്മാരും ഇവിടെ സന്ദർശിക്കുക പതിവാണ്. ഇടതൂർന്നുനിൽക്കുന്ന തേക്കിൻതോട്ടം വടക്കാഞ്ചേരി-കുണ്ടുകാട് റോഡിലൂടെ കടന്നുപോകുന്നവർക്കും സെൽഫി ഇടമാണ്.

കഴിഞ്ഞ ദിവസം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. വിജയാനന്ദൻ ഊരോക്കാട് തോട്ടം സന്ദർശിച്ചു. പതിനായിരം തേക്കുകൾ മുറിച്ചുനീക്കുന്നതിന് 3.45 ലക്ഷം രൂപ വനംവകുപ്പ് അനുവദിച്ചിട്ടുണ്ട്. ശേഷിക്കുന്ന തേക്ക് നന്നായി വളരുന്നതിനാണ് യാന്ത്രിക ഇടമുറി. വനംവകുപ്പ് സമീപകാലത്ത് നട്ടുപിടിപ്പിച്ച മച്ചാട് റേഞ്ച് പരിധിയിലെ അഞ്ചുവർഷം പിന്നിട്ട ഊരോക്കാട് തേക്കിൻതോട്ടം മികവിന്റെ പ്രതീകംകൂടിയാണ്. ഇടതൂർന്നുനിൽക്കുന്നതിൽ മുറിച്ചുനീക്കുന്ന തേക്കുമരങ്ങൾ വനംവകുപ്പിന്റെ ഡിപ്പോയിലേക്ക് മാറ്റാതെ മുറിച്ചിടുന്ന സ്ഥലത്തുതന്നെ ലേലംചെയ്യുന്നതിനാണ് വനംവകുപ്പ് ആലോചന. തടിയായിട്ടില്ലാത്തതിനാൽ ഇവ ഉരുപ്പടികളാക്കി ഉപയോഗിക്കാനാകില്ലെന്നതാണ് കാരണം.