ശ്രദ്ധിച്ചില്ലെങ്കിൽ തോട്ടിലെത്തും

കൊടുങ്ങല്ലൂർ : ബൈപാസിലെ സർവീസ് റോഡിലൂടെ നഗരത്തിലേക്ക് പ്രവേശിക്കുന്നവർ ശ്രദ്ധിക്കണം... മറ്റൊരു വാഹനത്തിന് വഴി കൊടുത്താൽ, ശ്രദ്ധയൊന്ന് തെറ്റിയാൽ യാത്രക്കാരും വാഹനവും 10 അടിയോളം താഴ്ചയുള്ള മാലിന്യം നിറഞ്ഞ തോട്ടിൽ വീഴും.
ബൈപാസിലെ വിവിധ സ്ഥലങ്ങളിൽ ഇത്തരം അപകടം പതിയിരുപ്പുണ്ടെങ്കിലും ഏറ്റവും അപകടകരമായ സാഹചര്യമുള്ളത് സി.ഐ. ജങ്ഷനു തെക്കാണ്. ഇവിടെ 150 മീറ്ററോളം ഭാഗത്ത് സർവീസ് റോഡിനോടുചേർന്നുള്ള തോടും റോഡു വേർതിരിക്കാനുള്ള ഗ്രില്ലുകളോ മറ്റ് സംവിധാനങ്ങളോ ഇല്ല. ഏതുസമയവും വലിയ വാഹനങ്ങളടക്കം തോട്ടിൽ വീഴാം. വീതി കുറഞ്ഞ സർവീസ് റോഡിൽനിന്നും ലോകമലേശ്വരം - ശൃംഗപുരം തോടിന് കുറുകേയുള്ള കൾവർട്ടിന് മുകളിലൂടെയാണ് വാഹനങ്ങൾ അധികവും നഗരത്തിലേക്ക് പ്രവേശിക്കുന്നത്. നഗരത്തിലേക്ക് തിരിയുന്ന വീതി കുറഞ്ഞ ഭാഗത്ത് ശ്രദ്ധിച്ചില്ലെങ്കിൽ വാഹനം 10 അടിയോളം താഴ്ചയുള്ള തോട്ടിൽ വീഴും. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷ തോട്ടിലേക്ക് ചെരിഞ്ഞുവെങ്കിലും ഡ്രൈവർ ചാടിയിറങ്ങിയതുമൂലം അപകടം ഒഴിവായി.
അടിപ്പാത നിർമാണം നടക്കുന്നതിനാൽ ജങ്ഷനിൽനിന്നും നഗരത്തിലേക്കുള്ള പ്രവേശന വഴി അടച്ചതിനാൽ സർവീസ് റോഡിലൂടെ വരുന്ന ഒട്ടുമിക്ക വാഹനങ്ങളും ഈ റോഡു വഴിയാണ് നഗരത്തിലേക്ക് പ്രവേശിക്കുന്നത്. തെരുവുവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രി പ്രദേശമാകെ കൂരിരുട്ടാണ്.