തടസ്സങ്ങൾ നീക്കി, ഇനി ഉപയോഗിക്കാം

മാള : വലിയപറമ്പ് ജങ്ഷനിലെ ഉപയോഗശൂന്യമായ പെട്ടിക്കടയും ഷെഡ്ഡും പൊളിച്ചുനീക്കി. ഉപയോഗശൂന്യമായി കാടുകയറിക്കിടന്ന് മാലിന്യം തള്ളിയിരുന്ന ഈ സ്ഥലം പ്രയോജനപ്പെടുത്തി ഉല്ലാസപ്പാർക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് മാള പഞ്ചായത്ത്.

പൊതുമരാമത്ത് സ്ഥലത്ത് 21 വർഷമായി ഉപയോഗശൂന്യമായിക്കിടന്നിരുന്ന പെട്ടിക്കടയും ഷെഡ്ഡും നീക്കംചെയ്ത് വലിയപറമ്പ് ജങ്ഷൻ മോടിപിടിപ്പിച്ച് കൂടുതൽ ഗതാഗതസൗകര്യംകൂടി ഒരുക്കണമെന്ന് മാതൃഭൂമി വാർത്ത നൽകിയിരുന്നു.

ഇതുസംബന്ധിച്ച് കുരുവിലശ്ശേരി ഗ്രാമീണ വായനശാല പൊതുമരാമത്ത്, പഞ്ചായത്ത് അധികൃതർക്ക് പരാതികൾ നിരവധി നൽകിയെങ്കിലും നടപടികളൊന്നും ഉണ്ടായിരുന്നില്ല. നാലു റോഡുകൾ ചേരുന്ന ഭാഗത്താണ് കാഴ്ച മറയ്ക്കുന്ന നിലയിലുള്ള പെട്ടിക്കടയും ഷെഡ്ഡും നിന്നിരുന്നത്.

പെട്ടിക്കടയും ഷെഡ്ഡും ഉൾപ്പെടെയുള്ളവ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിരുന്ന വായനശാലാ സെക്രട്ടറി പി.കെ. രാധാകൃഷ്ണൻ മാള പഞ്ചായത്ത് പ്രസിഡന്റായി. പരാതിക്കാരൻ പഞ്ചായത്ത് പ്രസിഡന്റായതോടെ വലിയപറമ്പിലെ ഉപയോഗശൂന്യമായ സ്ഥലത്തെ പെട്ടിക്കടയും ഷെഡ്ഡും പൊളിക്കാനുള്ള തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷ നൽകുന്ന വാർത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചു.

തുടർന്ന് ഈ വിഷയത്തിൽ പി.കെ. രാധാകൃഷ്ണൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനം ഉൾപ്പെടെ പൊതുമരാമത്തുവകുപ്പിന് നൽകി. ഇപ്പോൾ തടസ്സങ്ങൾ ഒഴിവാക്കി സ്ഥലം വൃത്തിയാക്കി. ജങ്ഷനിൽ വാഹനങ്ങൾ തിരിയുന്ന ഭാഗത്തെ വൈദ്യുതിത്തൂണുകൾ ഇപ്പോഴും തടസ്സമായി നിൽക്കുന്നുണ്ട്.

കാടുകയറിക്കിടന്നിരുന്ന ഈ സ്ഥലത്തിനോടുചേർന്നാണ് ഗവ. എൽ.പി. സ്‌കൂൾ പ്രവർത്തിക്കുന്നത്. ഇതു കുട്ടികൾക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ച് മാതൃഭൂമി വീണ്ടും വാർത്ത നൽകി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മാള പഞ്ചായത്തിന് കത്തു നൽകിയപ്പോൾ കാട് വെട്ടിമാറ്റിയിരുന്നു.

നിർമാണങ്ങളും പെട്ടിക്കടകളും നീക്കിയതോടെ ഈ സ്ഥലം ഉപയോഗിക്കാനുള്ള ശ്രമത്തിലാണ്. ഇവിടെ വയോജനങ്ങൾക്കും സ്ത്രീകൾക്കും കുട്ടികൾക്കുംവേണ്ടി പാർക്കൊരുക്കാനുള്ള പദ്ധതി കൊണ്ടുവരാനാണ് ആലോചിക്കുന്നത്. റോഡിനോടുചേർന്നുള്ള വൈദ്യുതിത്തൂൺകൂടി മാറ്റുന്നതിന് കെ.എസ്.ഇ.ബി.ക്ക് കത്തുനൽകിയിട്ടുണ്ട്.