ജലവിതരണ പദ്ധതിയുണ്ട്, എന്നിട്ടെന്തു കാര്യം?

ഏങ്ങണ്ടിയൂർ : ലക്ഷങ്ങൾ ചെലവഴിച്ച് ജലവിതരണ പദ്ധതി പുനർനിർമിച്ചിട്ടും പ്രയോജനപ്പെടാതെ നാട്ടുകാർ ദുരിതത്തിൽ. പഞ്ചായത്തിൽ വാർഡ് അഞ്ചിൽ പുളിഞ്ചോട് സെന്ററിലെ പി വൈസി വായനശാലയുടെ എതിർവശത്താണ് നിർമാണം പൂർത്തീകരിച്ച ജലവിതരണ പദ്ധതി.
ഈ മേഖലയിലെ ശുദ്ധജലക്ഷാമത്തിന് പദ്ധതിയിലൂടെ ഒരു പരിധിവരെ പരിഹാരം കാണാനാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പദ്ധതി ഇതുവരെയും പ്രവർത്തനക്ഷമമായില്ല. കോന്നാടത്ത് ഉന്നതി ഉൾപ്പെടെ സമീപപ്രദേശത്ത് കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്. ഇതിന് പരിഹാരമാകുന്ന ജല സംഭരണി പത്തിലധികം വരുന്ന എസ്.സി. കുടുംബങ്ങൾക്കും സമീപത്തെ മറ്റു വീട്ടുകാർക്കും ഉപകാരപ്പെടുന്നതുമാണ്.
നേരത്തേ ബ്ലോക്കിന് കീഴിൽ പഴയ എൻ.ഇ.എസ്. പദ്ധതിയിൽ ഉണ്ടായിരുന്ന കിണർ നാശമായതിനെത്തുടർന്ന് സ്വകാര്യവ്യക്തി നൽകിയ രണ്ട് സെന്റ് സ്ഥലത്ത് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നിർമിച്ചതാണ് ഈ പൊതുകിണർ.
യഥേഷ്ടം ജലലഭ്യതയുള്ള ഈ കിണറും ജലസംഭരണിയും പ്രയോജനപ്പെടുത്തി കോന്നാടത്ത് ഉന്നതി ഉൾപ്പെടെ സമീപപ്രദേശങ്ങളിലെ രൂക്ഷമായ ജലക്ഷാമം നേരിടുന്ന ഇടങ്ങളിലേക്ക് ഇതുവഴി ജല വിതരണം നടത്താവുന്നതാണ്. 19 ലക്ഷത്തോളം രൂപ ചെലവഴിച്ച് ചുറ്റുമതിലും കിണറും ജലസംഭരണിയും ഉണ്ടാക്കി പണി പൂർത്തീകരിച്ചിട്ടും ജലവിതരണം ആരംഭിക്കാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം കനക്കുകയാണ് .
കിഴക്കൻ മേഖലയിലെ മൂന്നാംവാർഡ്, ചേറ്റുവ രണ്ടാം വാർഡിലെ വി.എസ്. കേരള റോഡ് , ആറാംവാർഡ് തുടങ്ങിയ മേഖലയിലെ ശുദ്ധജലക്ഷാമത്തിനും ഈ പദ്ധതിയിലൂടെ ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയുമെന്നും നാട്ടുകാർ പറയുന്നു.
ജലസംഭരണി പ്രയോജനപ്പെടുത്തണം
പുളിഞ്ചോട് സെൻററിൽ പഞ്ചായത്ത് ലക്ഷങ്ങൾ ചെലവിട്ട് പുനർനിർമിച്ച പൊതുകിണറും, ജലസംഭരണിയും പ്രയോജനപ്പെടുത്തി കിഴക്കൻ മേഖലയിലെ ശുദ്ധജലക്ഷാമം ജല ലഭ്യതക്കനുസൃതമായി പരിഹരിക്കാൻ നടപടി സ്വീകരിക്കണം. പൂർത്തീകരിച്ച പദ്ധതി കാലതാമസം കൂടാതെ നടപ്പാക്കണം.
ഇർഷാദ് കെ. ചേറ്റുവബ്ലോക്ക് പഞ്ചായത്ത് ചേറ്റുവ ഡിവിഷൻ മെമ്പർ.