പുതുക്കാട് മേൽപ്പാലം: രൂപരേഖ മാറ്റുന്നത് ഇനിയും സാധ്യമെന്ന് ജനകീയസമിതി

പുതുക്കാട് : ദേശീയപാതയിലെ പുതുക്കാട് മേൽപ്പാലത്തിന്റെ രൂപരേഖ മാറ്റുന്നതും ബജറ്റ് പുതുക്കുന്നതും ഇനിയും സാധ്യമാണെന്ന് പുതുക്കാട് മേൽപ്പാലം ജനകീയസമിതി.
നിലവിലെ രൂപരേഖപ്രകാരം പുതുക്കാട്ട് വരുന്നത് പ്രദേശത്തെ രണ്ടായി വിഭജിക്കുന്ന അശാസ്ത്രീയ മേൽപ്പാലമാണ്. നിലവിലെ റോഡിന്റെ വീതി കൂട്ടുന്നതും കാനയുടെ നിർമാണവുമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഈ സമയം അധികൃതർക്ക് ഇടപെടാൻ ഏറ്റവും അനുയോജ്യമാണെന്ന് സമിതി ചൂണ്ടിക്കാട്ടി.
പ്രദേശവാസികൾക്കും പരിസ്ഥിതിക്കും ദോഷം വരാത്തവിധം മേൽപ്പാലം കുറ്റമറ്റതാക്കുന്നതിന് സംസ്ഥാന സർക്കാരും പ്രാദേശികഭരണകൂടങ്ങളും ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടണമെന്നാണ് സമിതിയുടെ ആവശ്യം. വികസനം നാടിന് ദോഷകരമായി വരുമ്പോൾ ജനങ്ങൾ രാഷ്ട്രീയത്തിനതീതമായി ചിന്തിക്കുകയും രാഷ്ട്രീയപാർട്ടികൾ ജനങ്ങൾക്കൊപ്പം നിൽക്കുകയും വേണം. ജനകീയസമിതി ചെയർമാൻ സെബി കൊടിയൻ, കൺവീനർ കെ.എൽ. ജെയ്സൺ എന്നിവർ ആവശ്യപ്പെട്ടു.
കോൺഗ്രസ് നൈറ്റ് മാർച്ച് ഇന്ന്
പുതുക്കാട് : ദേശീയപാതയിൽ പുതുക്കാട് സെന്റർ മണ്ണിട്ടുമൂടരുതെന്നും വേണ്ടതു തൂണുകളിലുള്ള മേൽപ്പാലമാണെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തുന്നു. ബുധനാഴ്ച വൈകീട്ട് 5.30-നു പുതുക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് ഡി.സി.സി. പ്രസിഡൻറ് ജോസഫ് ടാജറ്റ് ഫ്ലാഗ് ഓഫ് ചെയ്യും. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ് പരിസരത്തുനിന്നാരംഭിക്കുന്ന മാർച്ച് പുതുക്കാട് സെന്ററിൽ സമാപിക്കും. സമാപനസമ്മേളനം കെ.പി.സി.സി. ജനറൽ സെക്രട്ടറി ജോസ് വള്ളൂർ ഉദ്ഘാടനംചെയ്യും.