എരുമപ്പെട്ടിയിൽ പ്രൊഫഷണൽ നാടകോത്സവം

എരുമപ്പെട്ടി : എരുമപ്പെട്ടി കൾച്ചറൽ അക്കാദമി മാനേജിങ് സൊസൈറ്റിയുടെ ആദ്യ പ്രൊഫഷണൽ നാടകോത്സവം നെല്ലുവായ് പേൾ റീജൻസിയിൽ ഒക്ടോബർ 15 മുതൽ 18 വരെ നടക്കും.
തിരുവനന്തപുരം മലയാള നാടകവേദിയുടെ ഒരു സുന്ദര ദിവസം, അമ്പലപ്പുഴ സാരഥിയുടെ ഞാൻ അപ്രസക്തൻ, തിരുവനന്തപുരം സംസ്‌കൃതിയുടെ ഭൂട്ടാനി എന്നീ നാടകങ്ങളാണ് പ്രദർശിപ്പിക്കുന്നത്. സമാപന ദിവസം വീരനാട്യ മത്സരവും നടക്കും.
നാടകോത്സവം ബ്രോഷറും പ്രവേശന പാസ് വിതരണവും കലാമണ്ഡലം സംഗീത പ്രസാദ് ഉദ്ഘാടനം ചെയ്തു. എരുമപ്പെട്ടി മർച്ചന്റ്‌സ് അസോസിയേഷൻ സെക്രട്ടറി ഫസലു റഹീം ആദ്യ പാസ് ഏറ്റുവാങ്ങി.
സൊസൈറ്റി ജനറൽ കൺവീനർ ടി.കെ. ശിവൻ അധ്യക്ഷനായി. രക്ഷാധികാരി എസ്. ബസന്ത്‌ലാൽ, കൺവീനർ ടി.ആർ. ഉണ്ണികൃഷ്ണൻ, ട്രഷറർ പി.ബി. ബിബിൻ, വൈസ് പ്രസിഡന്റ് പ്രദീപ് നെല്ലുവായ്, സുമന സുഗതൻ, എം.വി. വിനീത് എന്നിവർ പ്രസംഗിച്ചു .
എരുമപ്പെട്ടി പഞ്ചായത്തിലെ കലാകാരന്മാരെ ഒരു കുടക്കീഴിൽ അണിനിരത്തുകയും കലാരംഗത്തേക്കെത്തുന്ന പുതിയ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയുമാണ് സൊസൈറ്റിയുടെ ലക്ഷ്യം.