പന്നിത്തടം കവലയിലെ ഹൈമാസ്റ്റ് ലൈറ്റ് തെളിഞ്ഞു

പന്നിത്തടം : നാലു ദിവസമായി ഇരുട്ടിലായിരുന്ന പന്നിത്തടം കവലയിൽ വെളിച്ചമായി. ഹൈമാസ്റ്റ് ലൈറ്റ് തകരാറിലായതോടെയാണ് കവല ഇരുട്ടിലായത്. ഞായറാഴ്ച ഉച്ചയോടെ അധികൃതരെത്തി അറ്റകുറ്റപ്പണി നടത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.

ഇക്കഴിഞ്ഞ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ കവലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് വലിയ അപകടങ്ങൾ നടന്നിരുന്നു. ഹൈമാസ്റ്റ് തകരാറിലായതിനാൽ രക്ഷാപ്രവർത്തനം വളരെ ദുഷ്‌കരമായിരുന്നു. മറ്റു വാഹനങ്ങളുടെ ഹെഡ് ലൈറ്റ് വെളിച്ചം ഉപയോഗിച്ചാണ് വാഹനം വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്തത്. നാലു ദിവസം കഴിഞ്ഞിട്ടും ഹൈമാസ്റ്റ് ലൈറ്റ് അറ്റകുറ്റപ്പണി നടത്താത്തതിനെതിരേ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. നാട്ടുകാർ കെ.എസ്.ഇ.ബി.ക്ക് പരാതിയും നൽകിയിരുന്നു.