കൂടൊഴിയരുത്, ഈ ആശ്വാസതീരം

ഈ മാസം അവസാനത്തോടെ മൃഗങ്ങളെ പൂർണമായും പുത്തൂരിലേക്ക് മാറ്റും

തൃശ്ശൂർ : ഒരു മാസത്തിനപ്പുറം ഇവിടം നോക്കി ആളുകൾ പറയും- ‘‘ഇത് ഒരു മൃഗശാലയായിരുന്നു’’. ഏതാനും കൃഷ്ണമൃഗങ്ങൾ, പന്നിമാനുകൾ, മ്ലാവുകൾ പിന്നെ ഒരു ഹിപ്പോ എന്നിവ മാത്രമേ ഇപ്പോൾ ഇവിടെയുള്ളൂ. ഈ മാസം അവസാനത്തോടെ അവയെ പുത്തൂരിലേക്കു മാറ്റും. ശേഷം ഈ സ്ഥലം എന്തിനുപയോഗിക്കുമെന്നതിൽ വ്യക്തതവന്നിട്ടില്ല. മൃഗങ്ങൾ ഒഴിഞ്ഞയിടങ്ങളെല്ലാം കാടുകേറുന്ന അവസ്ഥയാണ്.

പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക്‌ ഇവിടത്തെ ജീവികളെ മാറ്റാൻ ആലോചിച്ച സമയത്തുതന്നെ തൃശ്ശൂർ മൃഗശാല എന്തുചെയ്യണമെന്ന ചർച്ചയും ആരംഭിച്ചിരുന്നു. ആറു വർഷത്തിനിപ്പുറം അന്നത്തെ ചർച്ചയുടെ പ്രതിധ്വനിമാത്രം ശേഷിക്കുന്നു. മതിയായ തീരുമാനമെടുക്കാനും ആസൂത്രണംചെയ്യാനും വേണ്ട ഉദ്യോഗസ്ഥൻപോലുമില്ലെന്നത് നാശസാധ്യത വേഗത്തിലാക്കുന്നു.

13.5 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന നഗരത്തിന്റെ ഈ പച്ചക്കുടയെ സംരക്ഷിക്കണമെന്ന ആവശ്യം ആദ്യംതൊട്ടേ ഉയരുന്നതാണ്. ആർട്ട് മ്യൂസിയവും ചരിത്രമ്യൂസിയവും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്ന വാഗ്ദാനമുണ്ടായിരുന്നു. ഇവിടം സാംസ്കാരികയിടമായി വളർത്തണമെന്നും ഒരു മരംപോലും മുറിക്കുന്ന സ്ഥിതിയുണ്ടാകരുതെന്നുമെന്നുമാണ് ആവശ്യമുയർന്നിരുന്നത്. പക്ഷേ, ഇത്തരത്തിലുള്ള നീക്കങ്ങളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല.

അപൂർവ മരങ്ങൾ

1885-ൽ കൊച്ചി രാജാവ് തുടക്കമിട്ട മൃഗശാല 1913-ലാണ് ചെമ്പുക്കാവിലെ ഇപ്പോഴത്തെ സ്ഥലത്ത് പ്രവർത്തനമാരംഭിച്ചത്. 136 ഇനങ്ങളിലായി അയ്യായിരത്തിൽപ്പരം മരങ്ങളുണ്ടിവിടെ. ഇതിൽ അഞ്ചെണ്ണം രാജ്യത്തെതന്നെ അപൂർവയിനങ്ങളിൽപ്പെടുന്നവയുമാണ്. അതിനെച്ചുറ്റിപ്പറ്റി വലിയൊരു ആവാസവ്യവസ്ഥയും നിലനിൽക്കുന്നു. മലയണ്ണാൻ, വേഴാമ്പൽ, പൂമ്പാറ്റകൾ, മയിൽ തുടങ്ങിയ ജീവജാലങ്ങൾ മരങ്ങളിൽ ജീവിക്കുന്നു.

മുന്നിൽനിന്ന് നയിക്കാൻ ആളില്ല

: തിരുവനന്തപുരത്തേക്ക് സ്ഥലംമാറിപ്പോയ മൃഗശാലാസൂപ്രണ്ടിനു പകരം ആളെ നിയമിച്ചിട്ടില്ല. ഇതോടെ മൃഗങ്ങളെയറിയുന്ന, പരിപാലനമറിയുന്ന, മൃഗശാലയ്ക്കുവേണ്ട സാങ്കേതികജ്ഞാനമുള്ള സൂപ്രണ്ടില്ലാതെയായി. അതോടെ ആസൂത്രണംനടത്തി പുതിയ പദ്ധതികൾ കൊണ്ടുവന്ന് നടപ്പാക്കാൻ ആളില്ലാത്ത സ്ഥിതിയാണ്. ചെറിയ ആംഫി തിയേറ്റർ, വിദേശയിനം പക്ഷികളെയടക്കമുൾപ്പെടുത്തി ബേർഡ്പാർക്ക്, കുട്ടികളുടെ പാർക്ക്, അങ്ങനെ പലതും ഉൾപ്പെടുത്തി വികസിപ്പിക്കാനുള്ള സാധ്യതകൾ ഇവിടെയുണ്ട്. ഇതിനൊക്കെ ഉത്തരവാദിത്വമേറ്റെടുത്ത് മുന്നിൽനിന്ന് പ്രവർത്തിക്കാൻ ഭാവനയുള്ള അധികൃതർ ആവശ്യമാണ്.

നശിക്കുന്നത് കോടികൾ

: രണ്ടു മ്യൂസിയങ്ങൾമാത്രം ഇവിടെ ബാക്കിയുണ്ട്. ആർട്ട് മ്യൂസിയം, ചരിത്ര മ്യൂസിയം എന്നിവയാണവ. വല്ലപ്പോഴും വഴിതെറ്റിയെത്തുന്നവർ ഈ രണ്ടു മ്യൂസിയങ്ങളിൽ കയറുമ്പോളെടുക്കുന്ന, ടിക്കറ്റിൽനിന്നുള്ള വരുമാനം മാത്രമേയുള്ളൂ.

മൃഗശാലയിൽ നന്നായി പ്രവർത്തിച്ചിരുന്ന ത്രീഡി തിയേറ്റർ ഒന്നര വർഷത്തിലധികമായി അടഞ്ഞുകിടക്കുന്നു. പത്തു വർഷത്തിലേറെ പഴക്കമുണ്ട് അതിന്. പുതിയ സാങ്കേതികസംവിധാനങ്ങൾ കൊണ്ടുവന്ന് പുതുക്കിയെടുക്കണം.

അതിനു സമീപം കോടികൾ ചെലവിട്ട് നിർമിക്കാനുദ്ദേശിച്ച അക്വേറിയം, പണിയെല്ലാം കഴിഞ്ഞിട്ടും നൂലാമാലകളിൽപ്പെട്ട് ഒന്നുമായിട്ടില്ല. പണി കഴിഞ്ഞിട്ട് വർഷങ്ങളായെങ്കിലും ഒരു മീനെപ്പോലും അതിലിടാൻ സാധിച്ചിട്ടില്ല. ആരുമെത്താതെ തുരുമ്പെടുത്ത് കുട്ടികളുടെ പാർക്കും നശിക്കുന്നു.