ഷൺമുഖം കനാലിൽ പലയിടത്തായി അറവുമാലിന്യം തള്ളി

പടിയൂർ : ഇരിങ്ങാലക്കുട നഗരസഭയിൽനിന്നും ആരംഭിച്ച് പൂമംഗലം- പടിയൂർ പഞ്ചായത്തുകളിലൂടെ കടന്ന് കാക്കാത്തുരുത്തി കനോലി കനാലിൽ ചെന്നുചേരുന്ന ഷൺമുഖം കനാലിൽ വീണ്ടും സാമൂഹവിരുദ്ധർ അറവുമാലിന്യം തള്ളി.

പടിയൂർ പഞ്ചായത്തിനെയും പൂമംഗലം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഭാഗങ്ങളിൽ ഷണ്മുഖൻ സൗത്ത് ബണ്ടുറോഡിൽ കനാലിനോടുചേർന്നുള്ള പ്രദേശത്ത് അഞ്ച് സ്ഥലത്താണ് മാടുകളുടെ ശരീരഭാഗങ്ങൾ അടങ്ങിയ അറവുമാലിന്യം വൻതോതിൽ തള്ളിയിരിക്കുന്നത്. ഷൺമുഖം കനാലിന്റെ തെക്കുഭാഗത്തെ ബണ്ടുറോഡിൽ ഇത്തരത്തിൽ സ്ഥിരമായി അറവുമാലിന്യങ്ങൾ തള്ളുന്നുണ്ടെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.

രാത്രിയിലാണ് ഈ ഹീനകൃത്യം നടത്തുന്നത്. ബണ്ടുറോഡുകളിൽ സി.സി.ടി.വി. ഇല്ലാത്തത് ഇത്തരത്തിൽ മാലിന്യം തള്ളുന്നവർക്ക് സഹായകരമാകുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു. മഴ പെയ്യുന്ന സാഹചര്യത്തിൽ മാലിന്യം കനാലിലെ വെള്ളത്തിലേക്ക് പടർന്ന് കുടിവെള്ള സ്രോതസ്സുകൾ മലിനമാകാനും പകർച്ചവ്യാധികൾ പടരാനും സാധ്യതയേറെയാണ്.

തെരുവുനായ്ക്കളുടെയും മറ്റ് ജീവികളുടെയും ശല്യം രൂക്ഷമായതോടെ പ്രദേശവാസികളുടെ ജീവിതവും ഈ റോട്ടിലൂടെയുള്ള യാത്രയും ദുസ്സഹമാകുന്ന അവസ്ഥയാണ്. പഞ്ചായത്തിലെ തോടുകളിൽ ഇത്തരത്തിൽ മാലിന്യം തള്ളുന്നത് തടയണമെന്നും കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.

പൂമംഗലം പഞ്ചായത്ത് പരിധിയിലായിരുന്നു കൂടുതലായി മാലിന്യം തള്ളിയിരുന്നത്. എന്നാൽ ആ പ്രദേശത്ത് കാട് വെട്ടിത്തെളിച്ചതോടെ മാലിന്യം തള്ളുന്നത് പടിയൂർ ഭാഗത്തേക്ക് മാറിയെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തേ ബണ്ടുറോഡിൽ സി.സി.ടി.വി. വെക്കാൻ പൂമംഗലം ഗ്രാമപ്പഞ്ചായത്ത് തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. സമീപ പ്രദേശങ്ങളിലെ

സി.സി.ടി.വി. ഉൾപ്പെടെ പരിശോധിച്ച് പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം ബിനോയ് കോലാന്തറ പടിയൂർ പഞ്ചായത്തിലും കാട്ടൂർ പോലീസിലും പരാതി നൽകി.

സി.സി.ടി.വി. സ്ഥാപിക്കും

:മാലിന്യങ്ങൾക്ക് മുകളിൽ ബ്ലീച്ചിങ് പൗഡറിട്ടശേഷം മാലിന്യം കുഴിയെടുത്ത് മൂടി. പല തവണയായി ഇത്തരത്തിൽ മാലിന്യങ്ങൾ തള്ളുന്നത്. പ്രദേശത്തെ കാട് വെട്ടിത്തെളിച്ച് സി.സി.ടി.വി. സ്ഥാപിക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്.

-കെ.പി. കണ്ണൻ, പടിയൂർ പഞ്ചായത്ത് പ്രസിഡന്റ്