അപ്രോച്ച് റോഡിന്റെ മണ്ണ് കൊണ്ടുപോയതിൽ പ്രതിഷേധം

എടതിരിഞ്ഞി : വിവിധ സ്ഥലങ്ങളിലെ റോഡുപണിയുടെ ഭാഗമായി കൂട്ടിയിട്ടിരുന്ന കരിങ്കല്ലും മണ്ണും മറ്റവശിഷ്ടങ്ങളും നീക്കം ചെയ്തതോടൊപ്പം അപ്രോച്ച് റോഡിന്റെ മണ്ണും കൊണ്ടുപോയതോടെ സംരക്ഷണത്തൂണുകളുടെ ബലം നഷ്ടപ്പെട്ടതിൽ പ്രതിഷേധം. പടിയൂർ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ ഉൾപ്പെട്ട, കാട്ടൂർ - എടതിരിഞ്ഞി പി.ഡബ്ല്യൂ.ഡി. റോഡിൽ, കോതറ പാലത്തിന്റെ ഇറക്കത്തിലാണ് സംഭവം. പാലത്തിനോടുചേർന്നുള്ള അപ്രോച്ച്റോഡിന്റെ കിഴക്കുവശത്തായി വിവിധ ഭാഗങ്ങളിലെ പണികളുമായി ബന്ധപ്പെട്ട് മണ്ണും കരിങ്കല്ലും മറ്റവശിഷ്ടങ്ങളും മാസങ്ങളായി കൂട്ടിയിട്ടിരുന്നു. ഇത് ലേലത്തിലെടുത്ത കരാറുകാരൻ ഈ സാധനങ്ങൾ കൊണ്ടുപോയതോടൊപ്പം നിലവിലുള്ള അപ്രോച്ച് റോഡിന്റെ വശത്തുള്ള മണ്ണും ജെ.സി.ബി. ഉപയോഗിച്ച് മാന്തി കൊണ്ടുപോയെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.

ഇതുമൂലം റോഡരികിൽ സ്ഥാപിച്ചിരുന്ന സംരക്ഷണ കരിങ്കൽത്തൂണുകൾ ഏതുസമയത്തും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണെന്ന് നാട്ടുകാർ ആരോപിച്ചു. ശക്തമായ മഴയോ ഭാരമേറിയ വാഹനങ്ങളോ റോഡിന്റെ അരികിലൂടെ പോയാൽ റോഡിടിഞ്ഞ് വീഴുമെന്നും ആശങ്കയുണ്ട്. ഇത് അപകടം സൃഷ്ടിക്കുന്നതോടൊപ്പംതന്നെ, സമീപ റോഡിലൂടെ സഞ്ചരിക്കുന്നവരുടെ ജീവനു ഭീഷണിയാണെന്നും അവർ പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി. രംഗത്തെത്തി. ഇതിനു കാരണക്കാരായ ഉദ്യോഗസ്ഥർക്കും കരാറുകാരനുമെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. റോഡിന്റെ അരിക് അടിയന്തരമായി ബലപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും നേതാക്കളായ ബിജോയ് കളരിക്കൽ, ഗോപാലകൃഷ്ണൻ വലൂപ്പറമ്പിൽ, ബിന്നി കാഞ്ഞിരപ്പറമ്പിൽ, അപർണ, നിമിഷ എന്നിവർ ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് പൊതുമരാമത്തുവകുപ്പ് അസി. എൻജിനീയർക്ക് ബി.ജെ.പി. പരാതി നൽകിയിട്ടുണ്ട്. സംഭവം വിവാദമായതോടെ കരാറുകാരൻ രാത്രിയിൽ ഒരു ലോഡ് മണ്ണുമായെത്തി സ്ഥലത്ത് നിക്ഷേപിക്കാൻ ശ്രമിച്ചെങ്കിലും ബി.ജെ.പി. പ്രവർത്തകർ തടഞ്ഞു.