ആ തടയണ വന്നാൽ കൃഷി വിളയും

ചിറ്റണ്ട നിലപ്പന ക്വാറിയിൽ ഒരു കോടിയുടെ പദ്ധതി: കാത്തിരിപ്പിന് ആറുവർഷം
എരുമപ്പെട്ടി : പൂങ്ങോട് മുതൽ കുണ്ടന്നൂർ വരെ ഇരുനൂറ് ഏക്കറോളം നെൽകൃഷിക്ക് സുലഭമായി വെള്ളമെത്തിക്കാവുന്ന പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് ആറുവർഷം. ചിറ്റണ്ട ചെറുതാണി, തൃക്കണപതിയാരം, കാർത്തിക, കുണ്ടന്നൂർ പാടശേഖരങ്ങളിലെ നെൽകൃഷിക്കും പച്ചക്കറികൾക്കും കിഴങ്ങുവർഗങ്ങൾക്കും ജലസേചനത്തിനായാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
പദ്ധതി യാഥാർഥ്യമായാൽ വേനലിൽ പോലും പച്ചക്കറി കൃഷി ചെയ്യാം. എന്നിട്ടും കർഷകർക്കായി ശബ്ദമുയർത്താൻ ആരും തയ്യാറാകുന്നില്ല. കൃഷിക്ക് മാത്രമല്ല സമീപ പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിനും പരിഹാരം കാണാനാകും. സമീപത്തെ ജലസ്രോതസ്സുകളിൽ വെള്ളം നിലനിർത്താനും സാധിക്കും.
വെള്ളം സമൃദ്ധം, എന്ത് പ്രയോജനം
വനത്തിലെ ആറു ഏക്രയിലധികം വിസ്തൃതിയുള്ള സ്ഥലത്ത് കരിങ്കൽ ക്വാറികൾ നടത്തി ഉപേക്ഷിച്ചപ്പോഴാണ് വെള്ളം കെട്ടിനിന്ന് വലിയ ജലസ്രോതസ്സായത്. മഴക്കാലത്ത് ഇവിടെ നിന്നുള്ള ഉറവയിലെ വെള്ളം വിവിധ പാടശേഖരങ്ങളിലെ വെള്ളച്ചാലുകൾ സമൃദ്ധമാക്കി വടക്കാഞ്ചേരിപ്പുഴയിലെത്തും.
കടുത്ത വേനലിലും ക്വാറിയിലെ വെള്ളം വറ്റാറില്ല. മൂന്നുഭാഗവും കരിങ്കൽകൊണ്ട് ചുറ്റപ്പെട്ട് കിടക്കുന്ന ക്വാറികൾ ആയതിനാൽ ഒരു ഭാഗത്ത് തടയണ കെട്ടിയാൽ സമൃദ്ധമായി വെള്ളം സംഭരിക്കാം.
താത്കാലിക തടയണ വേണം
മുൻ വർഷങ്ങളിൽ നെൽപ്പാടങ്ങളിലെ വരൾച്ചയെ പ്രതിരോധിക്കാൻ ക്വാറിയിലെ വെള്ളം തടഞ്ഞുനിർത്താൻ മണൽച്ചാക്കുകൾകൊണ്ട് താത്കാലിക തടയണയുണ്ടാക്കിയിരുന്നു. വെള്ളത്തിന്റെ നീരൊഴൊക്ക് കുറഞ്ഞതോടെ ഇത്തവണയും തടയണ കെട്ടണമെന്ന ആവശ്യം ഉയരുന്നുണ്ട്.
വരൾച്ച തുടങ്ങി നെൽച്ചെടികൾ ഉണങ്ങാൻ തുടങ്ങുമ്പോൾ ക്വാറിയിലെ വെള്ളം രാവും പകലും പമ്പുചെയ്ത് പാടത്തെത്തിച്ചാണ് നെൽകൃഷി സംരക്ഷിക്കാറ്. വലിയ സാമ്പത്തിക ചെലവ് വഹിച്ചാണ് കർഷകർ ക്വാറിയിലെ വെള്ളം പാടശേഖരത്തിലെത്തിക്കുന്നത്.
പ്രതീക്ഷ അസ്തമിച്ചെന്ന് നാട്ടുകാർ
2021 ജനുവരിയിലെ സംസ്ഥാന ബജറ്റിൽ ഒരു കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരുന്നത്.
പരിസരവാസികളുടെ പ്രാഥമിക ആവശ്യങ്ങൾക്കും കുടിവെള്ള സ്രോതസ്സുകൾ പുനരുജ്ജീവിപ്പിക്കാനും പദ്ധതി ഗുണമാകുമെന്നാണ് നാട്ടുകാർ ആശിച്ചിരുന്നത്.
നെൽകൃഷിയെ വരൾച്ചയിൽനിന്ന് രക്ഷിക്കുന്നതിനൊപ്പം പച്ചക്കറികൃഷി വിപുലപ്പെടുത്താനും കർഷകർ ഒരുങ്ങിയിരുന്നു. പ്രതീക്ഷ വാനോളം ഉയർത്തി പ്രഖ്യാപനം നടത്തിയതല്ലാതെ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല.