ഠാണാ - ചന്തക്കുന്ന് റോഡിലെ ഡിവൈഡർ നിർമാണം നിർത്തിവെച്ചു

നിർമാണം പൂർത്തിയാക്കണമെന്ന് സി.പി.എമ്മും സി.പി.ഐ.യും

ഇരിങ്ങാലക്കുട : ഠാണാ - ചന്തക്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി നടത്തുന്ന ഡിവൈഡറുകളുടെ നിർമാണം താത്കാലികമായി നിർത്തിവെക്കാൻ തീരുമാനം.

ഡിവൈഡർ നിർമാണത്തിനെതിരേ ആക്ഷൻ കൗൺസിൽ രൂപവത്കരിക്കുകയും വ്യാപാരികളുടെ നേതൃത്വത്തിൽ സമരം നടത്തുകയും ചെയ്തതോടെയാണ് തോമസ് ഉണ്ണിയാടൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന ആക്ഷൻ കൗൺസിൽ ഭാരവാഹികളുടെയും വ്യാപാരികളുടെയും കെ.എസ്.ടി.പി. അധികൃതരുടെയും യോഗത്തിൽ നിർമാണ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചത്.

അതേസമയം ഡിവൈഡർ നിർമാണം നിർത്തിവെക്കാൻ തീരുമാനിച്ചതിനെതിരേ സി.പി.എമ്മും സി.പി.ഐ.യും രംഗത്തെത്തി. ഠാണാ - ചന്തക്കുന്ന് നാലുവരിപ്പാതയിൽ ഡിവൈഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി എത്രയും വേഗം പൂർത്തിയാക്കണമെന്ന് സി.പി.എം. ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

കെ.എസ്.ടി.പി.യുടെ അഭിപ്രായം അവഗണിച്ച് പ്രവൃത്തി നിർത്തിവെക്കാൻ സ്ഥലം എം.എൽ.എ.യുടെ നേതൃത്വത്തിലെടുത്ത തീരുമാനം പൊതുജനങ്ങളോടും വികസനത്തോടുമുള്ള വെല്ലുവിളിയാണ്. അപകടരഹിതമായ യാത്രയ്ക്ക് വിദഗ്ധർ തയ്യാറാക്കിയ പ്രകാരം ഡിവൈഡറുകൾ സ്ഥാപിക്കണമെന്നും ഏരിയാ സെക്രട്ടറി വി.എ. മനോജ്കുമാർ ആവശ്യപ്പെട്ടു.

ഡിവൈഡർ നിർമാണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അനിശ്ചിതത്വം അവസാനിപ്പിച്ച് പ്രവൃത്തി പൂർത്തിയാക്കണമെന്ന് സി.പി.ഐ. ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് ആവശ്യപ്പെട്ടു.

ഡിവൈഡർ നിർമാണം യഥാവിധി പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് സി.പി.ഐ. മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.