കോൺക്രീറ്റ് വിണ്ടു ആശങ്ക തെളിഞ്ഞു

പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകൾ വിണ്ടു
പടിയൂർ : പൂമംഗലം- പടിയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിക്കലച്ചിറ പാലം നിർമാണത്തിന്റെ ഭാഗമായി നിർമിച്ച കൈവരിയുടെ കാലുകൾ വിണ്ടു. ഇരുമ്പു പൈപ്പുകൾ ഉപയോഗിച്ച് നിർമിച്ച കൈവരിയുടെ കാലുകൾ പാലത്തിലുറപ്പിച്ചിരുന്ന ആറിഞ്ച് കനത്തിലുള്ള കോൺക്രീറ്റ് ചതുരങ്ങളാണ് പാലത്തിൽനിന്നു മുകളിലേക്ക് പൊങ്ങിയിരിക്കുന്നത്. പാലത്തിന്റെ കിഴക്കുഭാഗത്തേക്കിറങ്ങുന്ന ഭാഗത്തെ തൂണുകളാണ് ഇത്തരത്തിൽ പൊങ്ങിനിൽക്കുന്നത്.
പൂമംഗലം പഞ്ചായത്തിലെ പായമ്മൽ പ്രദേശത്തെയും പടിയൂർ പഞ്ചായത്തിലെ ആറാം വാർഡ് കോടംകുളം പ്രദേശത്തെയും ബന്ധിപ്പിക്കുന്ന പടിയൂർ- പൂമംഗലം കോൾപ്പാടത്തിനു നടുവിലൂടെ കടന്നുപോകുന്ന തോടിനുകുറുകേയാണ് പാലം. 1.62 കോടി രൂപ ചെലവഴിച്ച് ഒൻപതുമീറ്റർ വീതിയിലാണ് പാലം നിർമിച്ചിരിക്കുന്നത്.
2025 മേയിൽ പാലത്തിന്റെ ഫില്ലർ കാപ്പ് നിർമാണത്തിൽ അപാകം കണ്ടതിനെത്തുടർന്ന് പൊതുമരാമത്തുവകുപ്പ് പാലം നിർമാണം നിർത്തിവെച്ചിരുന്നു. പിന്നീട് പഴയ കരാർ റദ്ദാക്കി അപാകം കണ്ടെത്തിയ ഭാഗം പൊളിച്ച് പുനർനിർമിക്കാൻ പുതിയ ടെൻഡർ വിളിച്ച് ഫെബ്രുവരിയിലാണ് പാലത്തിന്റെ നിർമാണം പുനരാരംഭിച്ചത്. പിന്നീട് നാലമ്പല തീർഥാടനത്തിനു മുന്നോടിയായി പാലം തുറന്നുകൊടുത്തതോടെ നിർമാണം നിർത്തിവെച്ചിരിക്കുകയായിരുന്നു.
നാലമ്പലതീർഥാടനകാലത്ത് ഭക്തജനങ്ങളുടെ വാഹനങ്ങൾ അപകടത്തിൽപ്പെടാതിരിക്കാൻ താത്കാലികമായി നിർമിച്ച കൈവരിയാണെന്നും അത് അടുത്തദിവസംതന്നെ പൊളിച്ചുനീക്കുമെന്നും പി.ഡബ്ല്യൂ.ഡി. വ്യക്തമാക്കി. പാലത്തിന്റെ ശേഷിക്കുന്ന ജോലികൾ അടുത്തദിവസം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.