മാളയിൽ റോഡുകൾ കൈയടക്കി തെരുവുനായ്‌ക്കൾ

മാള : മാള മേഖലയിൽ റോഡുകൾ കൈയടക്കി തെരുവുനായ്ക്കൾ. റോഡിൽ നായ്ക്കൾ കൂട്ടമായി കിടക്കുന്നത് ഇരുചക്രവാഹന യാത്രികർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായി മാറി. മാള പഞ്ചായത്തിലെ വലിയപറമ്പിലാണ് ശല്യമേറെ.
വാഹനങ്ങൾക്കും യാത്രക്കാർക്കും നേരേ കുരച്ചുവരുന്ന നായ്ക്കൾ അപകടമുണ്ടാക്കുന്നത് പതിവാണ്. രാവിലെയാണ് കൂടുതൽ നായ്ക്കൾ കൂട്ടംകൂടി റോഡിൽ കിടക്കുന്നത്. ഇരുചക്രവാഹനം കടന്നുപോകാൻ പോലും ബുദ്ധിമുട്ടുന്ന നിലയാണ്.
ഇറച്ചി, മത്സ്യ വിൽപ്പന സ്ഥാപനങ്ങൾ കൂടുതലുള്ള മേഖല കേന്ദ്രീകരിച്ചാണ് നായ്ക്കൾ എത്തുന്നത്. അടുത്ത പ്രദേശങ്ങളിലാകെ നായ്ക്കൾ വ്യാപക ശല്യമായി മാറുന്നു.
ആശുപത്രി, പഞ്ചായത്ത്, പോലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസുകൾ, ബസ് സ്റ്റാൻഡ്, ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും തെരുവുനായ്ക്കൾ കൂട്ടംകൂടുന്നു. വാഹനയാത്രികരും കാൽനടയാത്രികരും ഭയത്തോടെയാണ് സഞ്ചരിക്കുന്നത്. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ കഴിയാതെ പഞ്ചായത്തുകളും നിസ്സഹായാവസ്ഥയിലാണ്.