ഉത്സവക്കാലം; കൊടകരയിൽ വർണക്കാവടി നിർമാണം തകൃതി

കൊടകര : ഷഷ്ഠിയും ഉത്സവങ്ങളും ഇങ്ങെത്തിയതോടെ തകിലിന്റെയും നാഗസ്വരത്തിന്റെയും താളത്തിൽ കറങ്ങി ഭക്തജനങ്ങളെ ആവേശത്തിലാക്കുന്ന വർണക്കാവടികളുടെ നിർമാണം കൊടകരയിൽ തകൃതിയായി നടക്കുന്നു. പ്രസിദ്ധമായ കൊടകര ഷഷ്ഠി ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്കായി കാവടി നിർമിക്കുന്ന തിരക്കിലാണ് കൊടകരയിലെ കുമ്പാര ഊരിലെ കുടുംബങ്ങൾ.
11 കാവടികളുടെ അവസാനവട്ട ജോലിയിലാണ് വെങ്ങലശ്ശേരി രാജൻ. സ്വന്തമായി കാവടിനിർമാണം തുടങ്ങിയിട്ട് 38 വർഷം കഴിഞ്ഞു. വീടിനോടുചേർന്ന് ജോലിക്കാരെയുംകൂട്ടി പൂക്കാവടിയും ഗോപുരക്കാവടിയും നിർമിച്ചുവരുന്നു. എലഞ്ഞിപ്ര സ്വദേശിയാണെങ്കിലും വിവാഹശേഷം കൊടകരയിൽ താമസമാക്കി കാവടിമേഖലയിലേക്ക് തിരിഞ്ഞത് നാലര പതിറ്റാണ്ടു മുൻപാണ്. കാവടി ആടാനാണ് ആദ്യം പോയിത്തുടങ്ങിയത്.
പിന്നീട് കാവടി ഉണ്ടാക്കാൻ പഠിച്ച് വിവിധയിടങ്ങളിൽ ജോലിചെയ്തു. കേരളത്തിലെ വിവിധ ജില്ലകളിലും തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിലെ ഉത്സവങ്ങൾ, കല്യാണങ്ങൾ, സിനിമ ഉൾപ്പെടെ പരിപാടികളിൽ കാവടി കൊണ്ടുപോകും. വാടകയ്ക്കും വിൽപ്പനയ്ക്കുമായി 30 കാവടികൾ വരെ ഒരുവർഷം ഉണ്ടാക്കും. ഇതിനു മൂന്നര മാസമെടുക്കും. ഡിസംബർ അവസാനം വരെ നിർമാണം തുടരും. കാവടികൾ ഒരു സീസൺ കഴിഞ്ഞാൽ ഉപയോഗിക്കാറില്ല.
പൊടി കയറിയും വെയിലും മഞ്ഞുമേറ്റും കളർ മങ്ങുന്നതിനാൽ പഴയ കാവടികളുടെ ഇരുമ്പിന്റെയും മരത്തിന്റെയും ഫ്രെയിമുകൾ മാത്രമാണ് ഉപയോഗിക്കുക. ഉപയോഗം കഴിഞ്ഞ കാവടികൾ മറ്റു ജില്ലകളിലെ ആവശ്യക്കാർക്കും വിൽക്കും. എൽ.ഇ.ഡി. മാല, ഗിൽറ്റ് പേപ്പർ, ഗിൽറ്റ്പൊടി, യുഫോം, പ്ലാസ്റ്റിക് മുത്ത്, തുണി, പേപ്പർ, തുണിച്ചരട്, സ്റ്റീൽ കമ്പി, മുള, തിളങ്ങുന്ന പ്ലാസ്റ്റിക് പേപ്പർ, ഈറ്റക്കൊട്ട എന്നിവ ഉപയോഗിച്ചാണ് നിർമിക്കുന്നത്.
ആവശ്യമായ ഉത്പന്നങ്ങൾ ചെന്നൈയിൽനിന്ന് മൊത്തമായി വാങ്ങും. ആറര അടി ഉയരമുള്ള കാവടിക്ക് 45 കിലോയോളം തൂക്കമുണ്ടാകും. ഒരു കാവടി നിർമിക്കുമ്പോൾ നാല്പതിനായിരത്തിലേറെ രൂപ ചെലവു വരും. കാവടി ആട്ടക്കാർ 10-15 മിനിറ്റ് കഴിയുമ്പോൾ മാറും. ആട്ടക്കാരെ കിട്ടാനുള്ള പ്രയാസവും നിർമാണച്ചെലവ് വർധിക്കുന്നതും മേഖലയിൽ പ്രതിസന്ധി നേരിടുന്നതായി രാജൻ പറഞ്ഞു.