ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് വികസനം ഉന്നതതലയോഗം ചേരും

ഇരിങ്ങാലക്കുട : കാലപ്പഴക്കം ചെന്ന നിലവിലെ ബസ് സ്റ്റാൻഡ് സമുച്ചയം പൊളിച്ചുനീക്കി, ആധുനിക സൗകര്യങ്ങളോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ബസ് സ്റ്റാൻഡ് നിർമിക്കുന്നതിനായി തോമസ് ഉണ്ണിയാടൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരും.
ബസ് സ്റ്റാൻഡ് വികസനത്തിനായി തയ്യാറാക്കിയ വിശദമായ പദ്ധതിരേഖ (ഡി.പി.ആർ.) പരിശോധിക്കാനും ചർച്ച ചെയ്യാനുമായി നടത്തുന്ന യോഗത്തിൽ നഗരസഭ ചെയർമാൻ എം.പി. ജാക്സൻ, ആർ.ഡി.ഒ., തഹസിൽദാർ, ഇൻഡസ്ട്രിയൽ ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. കഴിഞ്ഞ ബജറ്റിൽ ബസ് സ്റ്റാൻഡ് വികസനത്തിനായി പത്തുകോടി അനുവദിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പദ്ധതിക്കാവശ്യമായ പണം ലഭ്യമാക്കി വികസനം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് യോഗം.
നേരത്തേ ട്രിച്ചി മോഡൽ ബസ് സ്റ്റാൻഡ് നിർമിക്കുന്നതിനുള്ള വിശദമായ പദ്ധതിരേഖ തയ്യാറാക്കാൻ നഗരസഭ സമ്മതപത്രം ക്ഷണിച്ചിരുന്നു. പലരും പദ്ധതിരേഖകൾ നഗരസഭയ്ക്ക് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ പദ്ധതിരേഖകൾ യോഗത്തിൽ പരിശോധിക്കും. നിലവിലെ ബസ് സ്റ്റാൻഡിന്റെ സ്ഥലപരിമിതി മറികടക്കാൻ സ്റ്റാൻഡിന്റെ വടക്കുഭാഗത്ത് നിലവിൽ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നതും, വില്ലേജ് രേഖകളിൽ ‘സ്‌കൂൾ പുറമ്പോക്ക്’ എന്ന് കാണിക്കുന്നതുമായ ഒരേക്കർ 25 സെന്റ് സ്ഥലം കൂടി പദ്ധതിയിൽ ഉൾപ്പെടുത്താനാണ് നീക്കം. ഈ സ്ഥലം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിലേക്ക് കത്തയച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി തുടങ്ങിയവരടങ്ങിയ കോർകമ്മിറ്റി രൂപവത്കരിക്കാത്തതിനാൽ വിഷയം പരിഗണിച്ചിട്ടില്ല. എങ്കിലും വൈകാതെ തന്നെ അതിനുള്ള അനുമതി സർക്കാരിൽനിന്ന് ലഭിക്കുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ.
1963-ൽ നിർമിച്ച ബസ് സ്റ്റാൻഡിന്റെ കിഴക്കുഭാഗത്തെ പഴയ ഇരുനില കെട്ടിടം പൂർണമായും പൊളിച്ചുനീക്കും. അക്കാലത്ത് ചെറിയ രീതിയിൽ നിർമിച്ച സ്റ്റാൻഡ് പിന്നീട് പടിഞ്ഞാറോട്ട് വികസിപ്പിച്ചെങ്കിലും, നാലുഭാഗത്തുനിന്ന് മിനിറ്റുകൾ ഇടവിട്ട് ബസുകളെത്തുന്നതും ബസുകളുടെ വർധനയും മൂലം ഇരിങ്ങാലക്കുട സ്റ്റാൻഡിൽ വീർപ്പുമുട്ടുന്ന സ്ഥിതിയാണ്. ഇത് സമീപത്തെ പ്രധാന റോഡുകളിലും വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.