പാടൂർ കൈതമുക്കിൽ ബസും ചരക്കുലോറിയും കുടുങ്ങി

അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു

പാടൂർ : കൈതമുക്കിനുസമീപം വീതി കുറഞ്ഞ റോഡിൽ ബസും ചരക്കുലോറിയും എതിർദിശയിൽ കടന്നുപോകുന്നതിനിടെ ഗതാഗതക്കുരുക്ക്. തിങ്കളാഴ്ച രാവിലെ പത്തോടെയുണ്ടായ സംഭവത്തെത്തുടർന്ന് അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. വാഹനങ്ങൾ കടന്നുപോകുന്നതിനിടെ ബസിന്റെ പിൻവശത്തെ സൈഡ് ഗ്ലാസും തകർന്നു. അപകടത്തിൽ യാത്രക്കാർക്ക് പരിക്കുകളില്ല.

വീതി കുറഞ്ഞ റോഡിൽ ഇരുവാഹനങ്ങൾക്കും പരസ്പരം കടന്നുപോകാൻ കഴിയാതെ വന്നതോടെ വാഹനങ്ങൾ കുടുങ്ങുകയായിരുന്നു. ഇതോടെ ഇരുവശത്തേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടു. രാവിലെ യാത്രക്കാർ ഏറെയുള്ള സമയത്തുണ്ടായ ഗതാഗതക്കുരുക്ക് ഓഫീസുകളിലേക്ക് പോകുന്ന തൊഴിലാളികൾക്കും സ്കൂൾ വിദ്യാർഥികൾക്കും ഉൾപ്പെടെ ബുദ്ധിമുട്ടുണ്ടാക്കി. നാട്ടുകാർ ഏറെ പരിശ്രമിച്ചാണ് വാഹനങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.