കയ്പമംഗലം വിസ്മയതീരത്തെ മറന്നോ..?

#കെ.എ. സവാദ്

കുട്ടികളുടെ പാർക്കും ഓപ്പൺ ജിമ്മും നശിച്ചു

കയ്പമംഗലം: മൂന്നുവർഷം മുൻപ് കയ്പമംഗലം ഗ്രാമപ്പഞ്ചായത്തിന്റെ സ്വപ്നപദ്ധതിയായി കൊണ്ടുവന്ന വിസ്മയതീരം കടലോര പാർക്ക് നശിച്ചുകൊണ്ടിരിക്കുന്നു. കുട്ടികളുടെ പാർക്കും ഓപ്പൺ ജിമ്മും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലായിട്ട് മാസങ്ങളായി. പാർക്കിൽ കോൺക്രീറ്റിൽ നിർമിച്ച ഇരിപ്പിടങ്ങളൊഴികെ മറ്റെല്ലാം തുരുമ്പെടുത്ത് നശിച്ചു. 2023-ൽ തുറന്ന പാർക്ക് കൃത്യമായി പരിപാലിക്കുകയോ ഉത്തരവാദപ്പെട്ടവർ സംരക്ഷണ മേൽനോട്ടം നിർവഹിക്കാത്തതോ ആണ് കേന്ദ്രം നശിക്കാൻ കാരണം. കടലോര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കൂരിക്കുഴി കമ്പനിക്കടവിൽ കയ്പമംഗലം ഗ്രാമപ്പഞ്ചായത്ത് നടപ്പാക്കിയ പദ്ധതിക്കാണ് ഈ ദുരവസ്ഥ.

കമ്പനിക്കടവിലെ കടലോരത്ത് 20 മീറ്റർ വീതിയും 370 മീറ്റർ നീളവും വരുന്ന സ്ഥലത്ത് പൊതുജനങ്ങളുടെ ഉല്ലാസത്തിനായും കുട്ടികളുടെ പാർക്കും അനുബന്ധ സജ്ജീകരണങ്ങളും തയ്യാറാക്കലാണ് പദ്ധതികൊണ്ട് ഉദ്ദേശിച്ചിരുന്നത്. കുട്ടികൾക്കായി അമ്യൂസ്‌മെന്റ് പാർക്ക്, ഇരിപ്പിടങ്ങൾ, വാട്ടർ ഫൗണ്ടൻ എന്നിവയും പൊതുജനങ്ങൾക്കായി ഓപ്പൺ ജിം, ഓപ്പൺ സ്റ്റേജ്, വൈദ്യുതി ദീപാലങ്കാരം, കുടുംബശ്രീ വനിതാ ഹോട്ടൽ എന്നിവയും ജനങ്ങളെ വിസ്മയിപ്പിക്കാനായി ലോകാദ്ഭുതങ്ങളുടെ ഏഴ് മിനിയേച്ചറുകളും പദ്ധതിയുടെ ഭാഗമായി തയ്യാറാക്കാനാണ് പരിപാടിയിട്ടിരുന്നത്. രണ്ടരക്കോടി രൂപ ചെലവ് പ്രതീക്ഷിച്ചിരുന്ന പദ്ധതിക്കായി 15 ലക്ഷം രൂപ പഞ്ചായത്ത് തനതുഫണ്ടും 50 ലക്ഷം രൂപ ടൂറിസം വകുപ്പിന്റെ ഫണ്ടും ബാക്കി തുക സ്വകാര്യ സ്ഥാപനങ്ങളും സി.എസ്.ആർ ഫണ്ടുമാണ് പ്രതീക്ഷിച്ചിരുന്നത്. ഇതിലേക്കായി മൂന്നുപീടികയിലെ സ്വകാര്യ ബാങ്ക് നൽകിയ 10 ലക്ഷം രൂപ സി.എസ്.ആർ. ഫണ്ടുപയോഗിച്ചാണ് പ്രാരംഭഘട്ട നിർമാണങ്ങൾ നടത്തിയിരുന്നത്. കുട്ടികളുടെ പാർക്കും ഓപ്പൺ ജിമ്മും ഇരിപ്പിടിങ്ങളുമാണ് ഈ പണം കൊണ്ട് നിർമിച്ചത്.

2023 നവംബറിലായിരുന്നു ഉദ്ഘാടനം. അവധി ദിവസങ്ങളിലു മറ്റും കുടംബത്തോടൊപ്പം കടലോരത്ത് എത്തിയിരുന്നവർക്കും പരിസരവാസികൾക്കും ഏറെ ആനന്ദകരമായിരുന്നു ഈ കേന്ദ്രം. എന്നാൽ ഒന്നരവർഷം പിന്നിട്ടപ്പോഴേക്കും കേന്ദ്രത്തിന്റെ തകർച്ച ആരംഭിച്ചിരുന്നു. പരിപാലനമോ ശ്രദ്ധയോ ഇല്ലാതായതോടെ ഇപ്പോൾ തകർച്ച പൂർണമായി. പത്ത് തറകളിലായി നിർമിച്ചിരുന്ന ജിം ഉപകരണങ്ങളിലൊന്നുപോലും നിലവിൽ ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയിലാണ്. കടലോരത്തെ ഉപ്പുകാറ്റേറ്റ് ഉപകരണങ്ങളെല്ലാം തുരുമ്പെടുത്ത് നശിച്ചു. കുട്ടികൾക്ക് കളിക്കാനായി സ്റ്റീലിൽ നിർമിച്ച എല്ലാ ഉപകരണങ്ങളും നശിച്ചു. പാർക്കിന്റെ ആദ്യഘട്ടംതന്നെ നശിച്ച സാഹചര്യത്തിൽ പലയിടങ്ങളിൽനിന്നും പ്രതിഷേധമുയരുന്നുണ്ട്. എത്രയും വേഗം പാർക്ക് അറ്റകുറ്റപ്പണി നടത്തുകയും രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.