പരിസ്ഥിതിലോലപ്രദേശം: ജനവാസകേന്ദ്രങ്ങളും കൃഷിഭൂമിയും ഒഴിവാക്കണം -കർഷകസംഘം

ചേലക്കര : പരിസ്ഥിതിമന്ത്രാലയം പുറത്തിറക്കിയ പശ്ചിമഘട്ട പരിസ്ഥിതിലോലപ്രദേശങ്ങളുടെ കേന്ദ്ര കരടുപട്ടികയിൽനിന്ന് ജനവാസകേന്ദ്രങ്ങളും കൃഷിഭൂമിയും തോട്ടങ്ങളും പൂർണമായും ഒഴിവാക്കണമെന്ന് കേരള കർഷകസംഘം ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലയിൽ പാണഞ്ചേരി, പീച്ചി, മാന്ദാമംഗലം, കുറ്റിച്ചിറ, പരിയാരം, മുള്ളൂർക്കര, കിള്ളിമംഗലം, തിരുവില്വാമല, പാമ്പാടി, കുറുമല, മണലിത്തറ, പങ്ങാരപ്പിള്ളി, തോന്നൂർക്കര, ആറ്റൂർ, വിരുപ്പാക്ക, എങ്കക്കാട് എന്നിവയാണ് പരിസ്ഥിതിലോലപ്രദേശങ്ങൾ.
മുൻ എൽ.ഡി.എഫ്. സർക്കാർ അംഗീകരിച്ച 98 വില്ലേജുകളിലുൾപ്പെട്ട പ്രദേശങ്ങൾ മാത്രമായി പരിമിതപ്പെടുത്തണമെന്നും ജനവാസമേഖല, കൃഷിഭൂമി, തോട്ടങ്ങൾ എന്നിവയെ പൂർണമായും ഒഴിവാക്കി പുനർവിജ്ഞാപനം ചെയ്യണമെന്നും സമ്മേളനം കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
പ്രതിനിധിസമ്മേളനം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനംചെയ്തു. പി.ആർ. വർഗീസ് അധ്യക്ഷനായി. എ.സി. മൊയ്തീൻ എം.എൽ.എ., യു.ആർ. പ്രദീപ് എം.എൽ.എ., നേതാക്കളായ എം. വിജയകുമാർ, എം. പ്രകാശൻ, മുരളി പെരുനെല്ലി, കെ. തുളസി, പി.എ. ബാബു, എം. ബാലാജി, ഗീതാ ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.
17 ഏരിയാ കമ്മിറ്റികളിൽനിന്നായി 351 പ്രതിനിധികൾ പങ്കെടുത്തു. ഞായറാഴ്ച വൈകുന്നേരം പൊതുസമ്മേളനം (കോടിയേരി ബാലകൃഷ്ണൻ നഗർ) ചേലക്കര ബസ് സ്റ്റാൻഡിൽ നടക്കും. മുൻ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനംചെയ്യും.