കുഴിയടയ്ക്കൽയന്ത്രത്തിനും ശുചീകരണ യന്ത്രത്തിനും റീത്ത്

തൃശ്ശൂർ : കോടികൾ ചെലവിട്ട് കോർപറേഷൻ വാങ്ങി, പൊടിപിടിച്ചുകിടക്കുന്ന കുഴിയടയ്ക്കൽയന്ത്ര(പോട്ഹോൾ മെഷീൻ)ത്തിലും ശുചീകരണയന്ത്രത്തിലും ബി.ജെ.പി. കൗൺസിലർമാർ റീത്തുവെച്ച് പ്രതിഷേധിച്ചു. റോഡിലെ കുഴികൾ വേഗത്തിലടയ്ക്കാൻ അമൃത് 2.0 ഫണ്ടുപയോഗിച്ച് വാങ്ങിയ മെഷീൻ മാസങ്ങളായി കോർപറേഷൻ പാർക്കിങ് ഏരിയയിൽ കയറ്റിയിട്ടിരിക്കുകയാണ്. ഒല്ലൂർ സോണൽ ഓഫീസിലാണ് അതിവേഗ ശുചീകരണയന്ത്രം ഉപയോഗിക്കാതെ കിടക്കുന്നത്.

സമരം ബി.ജെ.പി. പാർലമെന്ററി പാർട്ടി നേതാവ് രഘുനാഥ് സി. മേനോൻ ഉദ്ഘാടനംചെയ്തു. കട്ടപ്പുറത്തിരിക്കുന്ന പോട്ട്‌ഹോൾ മെഷീൻ എത്രയുംവേഗം നിരത്തിലിറക്കി റോഡിലെ കുഴികളടച്ച് ജനങ്ങളുടെ ജീവൻ സംരക്ഷിക്കണമെന്ന് രഘുനാഥ് സി. മേനോൻ ആവശ്യപ്പെട്ടു. കൗൺസിലർമാരായ എ.വി. കൃഷ്‌ണമോഹൻ, വിൻഷി അരുൺകുമാർ, പൂർണിമാ സുരേഷ്, വിനോദ്‌കൃഷ്‌ണ, മുംതാസ് ചിഞ്ചു, പദ്‌മിനി ഷാജി, അഡ്വ. രേഷ്‌മ എം. മേനോൻ എന്നിവർ നേതൃത്വംനൽകി.