പേരിനൊരു സയൻസ്‌ സെന്റർ അകം പൊള്ള

ചാലക്കുടി : ഏറെ കൊട്ടിഘോഷിച്ച് പോട്ട പനമ്പിള്ളി കോളേജിനു സമീപം ആരംഭിച്ച റീജണൽ സയൻസ് സെന്റർ ശൈശവാവസ്ഥ പിന്നിടുമ്പോഴേക്കും അടച്ചുപൂട്ടേണ്ട സ്ഥിതിയിൽ. കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും തറ ഇളകിക്കിടക്കുകയാണ്. പ്ലാനിറ്റോറിയം കെട്ടിടം ഏതാണ്ട് പൂർണമായും ഉപയോഗശൂന്യമായി .

പ്രവർത്തനം തുടങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും ഇതുവരെ എല്ലാ സൗകര്യങ്ങളും പൊതുജനങ്ങൾക്കായി ഉപയോഗപ്പെടുത്താനായിട്ടില്ല. 2016ൽ കെട്ടിടനിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയിട്ടും 2021-ലാണ് പ്രദർശനശാലകൾ ചിലത് പൊതുജനങ്ങൾക്കായി തുറന്നത്.

സയൻസ് ഗാലറി, മാത്‌സ് ഗാലറി, കുട്ടികൾക്കായുള്ള സയൻസ് പാർക്ക്, 3-ഡി തിയേറ്റർ തുടങ്ങിയവയാണ് ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുൾപ്പെടെ 2,700 ചതുരശ്രയടി സ്ഥലത്താണ് നിർമാണം നടന്നത്. ഇതിന് കോടികൾ മുടക്കി. 2019-ൽ പ്ലാനിറ്റോറിയം കെട്ടിടനിർമാണം പൂർത്തിയാക്കി പ്രദർശനസാമഗ്രികൾ സ്ഥാപിക്കാൻ ആരംഭിക്കുന്നതിനു മുൻപാണ് കെട്ടിടത്തിന്റെ മകുടത്തിൽ ചോർച്ച കണ്ടത്. 2023 മാർച്ചിൽ ചോർച്ച മാറ്റി. എന്നാൽ, മഴ ശക്തമായ ആ സീസണിൽ വീണ്ടും ചോർച്ച കണ്ടെത്തി.

കെട്ടിടനിർമാണത്തിൽ വലിയ അപാകമുണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മാതൃഭൂമി പലവട്ടം വാർത്ത നൽകിയിരുന്നു. എന്നാൽ, വിദഗ്ധരുടെ സാങ്കേതിക പരിശോധന ഇതുവരെയും നടന്നിട്ടില്ല. പ്ലാനറ്റോറിയത്തിൽ സ്ഥാപിക്കുന്നതിന് പ്രദർശനസാമഗ്രികൾ വിദേശത്തുനിന്ന്‌ കൊണ്ടുവന്നതാണ്. ഇവ അവിടെയിരുന്ന് പൂർണമായും നശിച്ചതോടെ ഈ ഇനത്തിലും കോടികളുടെ നഷ്ടമുണ്ടായി.