ടോൾ കടന്ന് യു.ഡി.എഫ്.

സമരക്കാരെത്തുംമുൻപേ ഫാസ്‌ടാഗ് നിർത്തി, ടോൾ കൊടുക്കാതെ വാഹനങ്ങൾ കടന്നു

തൃപ്രയാർ : ബലപ്രയോഗം വേണ്ടിവന്നില്ല, ടോൾ കമ്പനി അധികൃതർത്തന്നെ ഫാസ്ടാഗ് ഓഫ് ചെയ്ത് മാറിനിന്നതോടെ ദേശീയപാത 66-ൽ നാട്ടിക ടോൾ പ്ലാസയിലൂടെ ചുങ്കം കൊടുക്കാതെത്തന്നെ വാഹനങ്ങൾ കടന്നുപോയി. വൈകീട്ട് 4.30 മുതൽ ആറുവരെയാണു നൂറുക്കണക്കിനു വാഹനങ്ങൾക്ക് ടോൾ കൊടുക്കാതെ സഞ്ചരിക്കാനായത്. ദേശീയപാത നിർമാണം പൂർത്തിയാകാതെ ടോൾ പിരിക്കുന്നതിനെതിരേയും പ്രദേശവാസികൾക്ക് സൗജന്യ സർവീസ് ആവശ്യപ്പെട്ടും നടത്തുന്ന സമരങ്ങളുടെ തുടർച്ചയായി ചൊവ്വാഴ്ച വൈകീട്ട് ടോൾ കൊടുക്കാതെ വാഹനങ്ങൾ കടത്തിവിടൽസമരം യു.ഡി.എഫ്. നടത്തിയിരുന്നു.

ഇതിന്റെ ഭാഗമായാണ് സമരക്കാരുമായി ഏറ്റുമുട്ടലിനു വഴിയൊരുക്കാതെ, ടോൾ പ്ലാസ തുറന്നിടാൻ കമ്പനി അധികാരികൾ തയ്യാറായത്. എല്ലാ ക്രോസിങ് ബാരിയറുകളും ഒരുവശത്തേക്ക്‌ മാറ്റിവെച്ച് ജീവനക്കാർ മാറിനിന്നു.

വൈകീട്ട് മൂന്നിന് എടമുട്ടത്തുനിന്ന്‌ വാടാനപ്പള്ളി വരെ ടോൾ കൊടുക്കാതെ സഞ്ചരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന യു.ഡി.എഫ്. പ്രവർത്തകർ അഞ്ചേമുക്കാലോടെയാണ് വാഹനവ്യൂഹവുമായി ടോൾ പ്ലാസ കടന്നുപോയത്.

ഒക്ടോബർ എട്ടിന് ടോൾപിരിവ് ആരംഭിക്കുകയും സമരകേന്ദ്രമാകുകയുംചെയ്ത ടോൾ പ്ലാസയിൽ സമരത്തിന്റെ ഭാഗമായി ടോൾ പിരിക്കാതെ വാഹനങ്ങൾ കടത്തിവിട്ടത് ആദ്യത്തെ സംഭവമാണ്. ദീപാവലിദിനത്തിൽ വൈകീട്ട് ടോൾ പിരിക്കാതെ വാഹനങ്ങൾ കടത്തിവിട്ടിരുന്നുവെങ്കിലും അത് പ്രതിഷേധത്തിന്റെ ഭാഗമായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ എൽ.ഡി.എഫും യു.ഡി.എഫും മറ്റ് സംഘടനകളും ടോൾ പ്ലാസ മാർച്ച് നടത്തിയപ്പോൾ ദേശീയപാതയിൽ ബാരിക്കേഡ് സ്ഥാപിച്ച് ഓരോ സമരദിനങ്ങളിലും രണ്ടുമണിക്കൂറോളം ദേശീയപാതയിലെ ഗതാഗതം തടഞ്ഞ് വാഹനങ്ങൾ വഴിതിരിച്ചുവിട്ടിരുന്നു. എന്നാൽ, പോലീസ് ചൊവ്വാഴ്‌ച സംഘർഷം ഒഴിവാക്കാൻ വാഹനങ്ങൾ ടോൾ കൊടുക്കാതെ പോകുന്നതിനായി സാഹചര്യമൊരുക്കിയതായി പറയുന്നു. ടോൾക്കൊള്ളയ്ക്ക് നേതൃത്വം കൊടുക്കുന്ന കേന്ദ്രസർക്കാരിനെതിരേ ഗാന്ധിയൻമാർഗത്തിലുള്ള നിയമലംഘനസമരവുമായി യു.ഡി.എഫ്. മുന്നോട്ടുപോകുമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറിയും സമരസമിതി ചെയർമാനുമായ ജോസ് വള്ളൂർ പറഞ്ഞു. ഫ്ളാഗ് ഓഫ് ചടങ്ങിൽ ടി.എം. നാസർ അധ്യക്ഷത വഹിച്ചു. നേതാക്കളായ സുനിൽ ലാലൂർ, ശോഭാ സുബിൻ, നൗഷാദ് ആറ്റുപറമ്പത്ത്, കെ.എഫ്. ഡൊമിനിക്, സി.സി. ബാബുരാജ്, സജയ് വയനപ്പിള്ളി, വി.ജി. അശോകൻ, കെ.എസ്. ദീപൻ, വി.ആർ. വിജയൻ എന്നിവർ പ്രസംഗിച്ചു.