നാട്ടിക ടോൾ; കടുപ്പിച്ച് പ്രതിഷേധം

തൃപ്രയാർ : ദേശീയപാത 66 നാട്ടികയിൽ ടോൾപ്പിരിവിനെതിരേയുള്ള പ്രതിഷേധം ശക്തമാകുന്നു. എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാപകൽ സമരം സംഘടിപ്പിച്ചു. ദേശീയപാതയിലെ നിർമാണങ്ങൾ പൂർത്തീകരിക്കാതെയുള്ള ടോൾപ്പിരിവ് അവസാനിപ്പിക്കുക, തദ്ദേശ വാസികൾക്ക് ടോൾ സൗജന്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു രാപകൽ സമരം. വെള്ളിയാഴ്ച രാവിലെ സമാപിച്ചു.
സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.എം. കിഷോർ കുമാർ അധ്യക്ഷനായി. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.വി. ഹരിദാസ്, കെ.പി. സന്ദീപ്, എം.എ. ഹാരിസ് ബാബു, എ.എസ്. ദിനകരൻ, വി.കെ. ജ്യോതി പ്രകാശ്, യു.കെ. ഗോപാലൻ, കെ.എ. വിശ്വംഭരൻ, കെ.ആർ. സീത, ടി.എസ്. മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു. തുടർസമരത്തിന്റെ ഭാഗമായി ശനിയാഴ്ച വൈകീട്ട് മൂന്നിന് തൃപ്രയാർ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും ടോൾപ്ലാസയിലേക്ക് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ മാർച്ചും ധർണയും നടക്കും.
യു.ഡി.എഫ്. നൈറ്റ് മാർച്ച്
: നാട്ടികയിലെ ടോൾപ്പിരിവ് നിർത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. നടത്തുന്ന നിരന്തര സമരത്തിന്റെ ഭാഗമായി ശനിയാഴ്ച വൈകീട്ട് ആറിന് തൃപ്രയാർ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ടോൾപ്ലാസയിലേക്ക് നൈറ്റ് മാർച്ച് നടക്കുമെന്ന് സമരസമിതി ചെയർമാൻ ജോസ് വള്ളൂർ അറിയിച്ചു.
കോൺഗ്രസ് പ്രതിഷേധിച്ചു
ചാവക്കാട് : സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച് ദേശീയപാത 66-ൽ ടോൾപ്പിരിവ് തുടരുന്ന ടോൾ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറിയും നാട്ടിക ടോൾവിരുദ്ധ സമരസമിതിയുടെ ചെയർമാനുമായ ജോസ് വള്ളൂർ പറഞ്ഞു. ദേശീയപാതയുടെ പണി പൂർത്തിയാക്കാതെ ടോൾ പിരിക്കുന്ന അന്യായ നടപടിക്കെതിരേ യു.ഡി.എഫ്. ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി മണത്തല മുല്ലത്തറയിൽ സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൺവീനർ കെ.വി. ഷാനവാസ് അധ്യക്ഷനായി.