ലോനപ്പൻ നടന്നു, കൂടെ നാടും

ആരോഗ്യനടത്തത്തിന് കാൽ നൂറ്റാണ്ട്
തൃശ്ശൂർ : ‘‘2001 സെപ്റ്റംബർ 11. അങ്ങ് ന്യൂയോർക്കിലെ, ലോകത്തിലെ ഏറ്റവും വലിയ വ്യാപാരകേന്ദ്രമായ വേൾഡ് ട്രേഡ്സെന്റർ ഭീകരാക്രമണത്തിൽ തകർന്നുവീണ നാൾ. കൃത്യമായി ഓർക്കുന്നു, അന്നാണ് തൃക്കൂർ സർവോദയ സ്കൂൾ മൈതാനത്ത് ഞാനെന്റെ പ്രഭാതനടത്തമാരംഭിക്കുന്നത്. കാൽനൂറ്റാണ്ട് പിന്നിട്ടു. ഈ മാസം 28-ന് 79 വയസ്സാകും. മമ്മൂട്ടിയെക്കാൾ നാലു വയസ്സുമാത്രം കൂടുതൽ. ശരീരം ഫിറ്റാണ്. നടത്തം തുടരുന്നു’’ -തൃക്കൂർ സർവോദയ സ്കൂളിനു സമീപം താമസിക്കുന്ന കുരിയൻ വീട്ടിൽ കെ.ജെ. ലോനപ്പന്റെ വാക്കുകളിലുണ്ട്, ചെറുപ്പം.
പ്രമേഹപരിശോധനാഫലം കണ്ടതോടെയാണ് 53-ാം വയസ്സിൽ ലോനപ്പൻ നടത്തം എന്ന ശീലം തുടങ്ങിയത്. സർവോദയ സ്കൂൾമൈതാനത്ത് വൃത്തത്തിൽ നടന്ന് മടുത്തപ്പോൾ റോഡിലേക്കിറങ്ങി. മതിക്കുന്ന് അമ്പലം വഴി ശ്മശാനം വരെ നടത്തത്തിൽ വൈകാതെ നാട്ടുകാരിൽ ചിലർ ചേർന്നു. പിന്നീട് കൂടെ നടക്കുന്നവരുടെ എണ്ണം കൂടി. 2009-ൽ തൃശ്ശൂർ സെയ്ന്റ് തോമസ് കോളേജിലെ സോഷ്യോളജി വിദ്യാർഥികളുടെ നേതൃത്വത്തിൽ തൃക്കൂർ വാക്കേഴ്സ് ക്ലബ്ബിന് രൂപം നൽകി. ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചതും ലോനപ്പൻ തന്നെ. 2009 ഏപ്രിൽ രണ്ടിലെ മാതൃഭൂമി നഗരത്തിൽ ‘ഒരു ഗ്രാമം നടക്കുന്നു’ എന്ന തലക്കെട്ടിൽ ഈ കൂട്ടായ്മയെക്കുറിച്ച് വാർത്ത നൽകിയിരുന്നു.
നടത്തവും ചിട്ടയായ ഭക്ഷണശീലവും തുടരുന്നതിനാൽ കാൽനൂറ്റാണ്ടിനിടെ ഒരു തവണപോലും ആശുപത്രിവാസം വേണ്ടിവന്നിട്ടില്ലെന്ന് ലോനപ്പൻ അവകാശപ്പെടുന്നു. നടത്തം തുടങ്ങിയപ്പോൾ 75 കിലോ ഭാരമുണ്ടായിരുന്നു. ഇപ്പോൾ 54-55 കിലോയിൽ കൂടാറില്ല. 15 വർഷത്തോളം നാട്ടുകാരോടൊപ്പമായിരുന്നു പ്രഭാതനടത്തം. ഏതാനും വർഷങ്ങളായി തനിയെയാണ്. മാത്രമല്ല സ്ഥിരംവഴിയും മാറ്റിപ്പിടിച്ചു. പാടത്തിനന്റെ വശത്തുകൂടിയായതിനാൽ തെരുവുനായശല്യം രൂക്ഷമായതാണ് കാരണം. നടത്തം ഒറ്റയ്ക്കാക്കിയതിനും വിശദീകരണമുണ്ട്. മറ്റുള്ളവരുടെകൂടെയാകുമ്പോൾ വർത്തമാനം പറഞ്ഞ് നടത്തമത്ര ശരിയാകുന്നില്ലെന്നാണ് ലോനപ്പന്റെ കണ്ടെത്തൽ.
പുലർച്ചെ ആറിന് രണ്ടു ഗ്ലാസ് വെള്ളം കുടിച്ച് വീട്ടിൽനിന്ന് കല്ലൂർ പാലയ്ക്കപ്പറമ്പ് കപ്പേള വരെ രണ്ടേകാൽ കിലോമീറ്റർ നടക്കും. കപ്പേളയിൽക്കയറി ഒരു മിനിറ്റ് പ്രാർഥിച്ചശേഷം തിരിച്ച് വീട്ടിലേക്ക്. ആകെ നാലര കിലോമീറ്റർ. പുത്തൂർ ഗവ.സ്കൂളിൽ പ്യൂണായിരുന്ന ലോനപ്പൻ ഭാര്യ മേരിയോടൊപ്പമാണ് താമസം. മൂന്ന് മക്കളുണ്ട്.