അന്നമനടയിൽ പുഴ മെലിയുന്നു; കിണറുകൾ വറ്റുന്നു

പമ്പിങ്ങും പ്രതിസന്ധിയിലേക്ക് നീങ്ങും

അന്നമനട : വേനൽച്ചൂടിൽ പുഴ അടിത്തട്ടിലേക്ക് വലിഞ്ഞതോടെ കരയും വരൾച്ചയിലേക്ക്. അന്നമനട, കാടുകുറ്റി ഗ്രാമപ്പഞ്ചായത്തുകളിലെ പുഴയോരങ്ങളാണ് പുഴയിലെ ജലനിരപ്പ് താണതോടെ ജലക്ഷാമത്തിലേക്ക് നിങ്ങുന്നത്. അന്നമനട വിവേകോദയം സ്‌കൂളിന് സമീപം പുഴയോരത്തെ എട്ടുകിണറുകൾ ഇതിനകം തന്നെ വറ്റി.

ഇവർക്കാണെങ്കിൽ ജലനിധി കണക്‌ഷനും ഇല്ലാതെ വന്നതോടെ കുടിവെള്ളം പോലും പ്രതിസന്ധിയിലാണ്.

കിണറുകളിൽ നീരുറവ ഇല്ലാതായതോടെ പലരും ജലനിധി പൈപ്പുകളെയാണ് ആശ്രയിക്കുന്നത്. ജലനിധിയാണെങ്കിൽ ആഴ്ചയിൽ രണ്ടുദിവസം മാത്രമാണ് കുടിവെള്ള വിതരണം നടത്തുന്നത്. ഇതോടെ മറ്റ് ദിവസങ്ങളിൽ എട്ടുവീടുകൾക്ക് പുറമേ മറ്റ് മേഖലകളിലും വെള്ളം കിട്ടാതെ വരും. ജലനിധി കണക്ഷൻ എടുത്തവരും എടുക്കാത്തവരും സമാന നിലയിൽ ജലക്ഷാമം നേരിടുന്ന സാഹചര്യത്തിൽ അടിയന്തര പ്രാധാന്യത്തോടെ ഈ മേഖലയിലെ ജലക്ഷാമത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കാലവർഷം കനത്താൽ ആദ്യം വെള്ളപ്പൊക്ക സാധ്യതയുള്ള പുഴയോരത്താണ് ചൂട് കനത്തതോടെ പെ​ തന്നെ ജലക്ഷാമവും രൂക്ഷമാകുന്നത്. പ്രളയ സമയത്തും എറ്റവും അധിക പ്രളയനാശം സംഭവിച്ചതും ഈ മേഖലയിലാണ്. ഇതിന് പുറമേ പുഴ ഇനിയും താഴ്ന്നാൽ പമ്പിങ്ങും പ്രതിസന്ധിയിലേക്ക് നീങ്ങും.

പമ്പിങ്ങിനായുള്ള പൈപ്പ് പുഴയുടെ ജലനിരപ്പിന് താഴെയാണ് വേണ്ടത്. ജലനിരപ്പ് കുറയുന്നതോടെ പൈപ്പ് മുകൾത്തട്ടിലാവുന്നതോടെ പമ്പിങ് പ്രതിസന്ധിയിലാവും.

പ്രത്യേക തോട് വെട്ടി മോട്ടോർ ഷെഡ്ഡിനരികിലേക്ക് വെള്ളമെത്തിച്ചാണ് കരഭൂമിയിലേക്ക് വെള്ളമെത്തിക്കുക. പലയിടങ്ങളിലും ജലനിരപ്പ് വലിയ തോതിൽ കുറഞ്ഞതോടെ പമ്പിങ് മുടങ്ങാനും സാധ്യതയുണ്ട്.