മരോട്ടിച്ചാലിൽ വീണ്ടും കാട്ടാനശല്യം

വ്യാപക കൃഷിനാശം
പുത്തൂർ : ചെറിയൊരു ഇടവേളയ്ക്കുശേഷം മരോട്ടിച്ചാൽ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. വല്ലൂരിൽ വ്യാഴാഴ്ച രാത്രിയിലിറങ്ങിയ കാട്ടാനകളാണ് കൃഷികൾ നശിപ്പിച്ചത്. വാഴ കൊല്ലംപറമ്പിൽ കനിഷ്കന്റെ വാഴകളും കൊല്ലംപറമ്പിൽ നന്ദന്റെ റബർതൈകളുമാണ് ആനകൾ നശിപ്പിച്ചത്. കുലയ്ക്കാറായ വാഴകളടക്കം ഒരേക്കറിലെ കൃഷികളാണ് നശിപ്പിച്ചത്. ഇടവിളയായി ചെയ്തിരുന്ന പച്ചക്കറികളും കാട്ടാനകൾ നശിപ്പിച്ചു. രണ്ടുമാസംമുൻപ് മരോട്ടിച്ചാൽ, മാന്ദാമംഗലം, വെള്ളക്കാരിത്തടം എന്നീ പ്രദേശങ്ങളിൽ കാട്ടാനകൾ വ്യാപക കൃഷിനാശം വരുത്തിയിരുന്നു.
നേരമിരുട്ടന്നതിനുമുൻപേ കാട്ടാനകൾ ജനവാസമേഖലയിലെത്തിയിരുന്നു. ഇതുകാരണം തൃശ്ശൂരിലെത്തി മടങ്ങുന്ന വിദ്യാർഥികൾക്കും ജോലിക്കാർക്കും അടിയന്തരഘട്ടങ്ങളിൽ ആശുപത്രികളിലേക്കു പോകുന്ന രോഗികൾക്കും കാട്ടാനകൾ ഭീഷണിയായിരുന്നു. രാത്രികളിൽ വീടുകളുടെ മുറ്റത്തെത്തിയും കാട്ടാനകൾ നിലയുറപ്പിച്ചിരിന്നു.
കാട്ടാനകൾ ജനവാസമേഖലയിൽ നാശം വിതച്ചതോടെ ജനകീയ കൂട്ടായ്മ മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു. കാട്ടാനകളെ തുരത്താൻ ദ്രുത പ്രതികരണസംഘത്തിന്റെ പ്രവർത്തനം ഊർജിതമാക്കിയതോടെ കാട്ടാനശല്യത്തിന് താത്കാലിക പരിഹാരമായിരുന്നു. ഇതിനിടയിലാണ് വീണ്ടും കാട്ടാനകൾ ജനവാസമേഖലയിലെത്തി കൃഷിനാശം തുടങ്ങിയിരിക്കുന്നത്. കാട്ടാനശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നതാണ് ജനങ്ങളുടെ ആവശ്യം. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, ബ്ലോക്ക് അംഗം പി.എസ്. അഖിൽ എന്നിവർ കൃഷി നശിച്ച സ്ഥലങ്ങൾ സന്ദർശിച്ചു.