പഴയ കെട്ടിടം പൊളിച്ചു നീക്കുന്നു

പൊളിക്കുന്നത് 100 പിന്നിട്ട ചേർപ്പ് പോലീസ് സ്റ്റേഷന്റെ കെട്ടിടം

ചേർപ്പ് : പല തലമുറകളുടെ കുറ്റാന്വേഷണത്തിനും ക്രമസമാധാനത്തിനും സുരക്ഷയ്ക്കും സാക്ഷിയായ, നൂറുകൊല്ലം പഴക്കമുള്ള ചേർപ്പ് പോലീസ് സ്റ്റേഷന്റെ പഴയ കെട്ടിടം പൊളിച്ചു നീക്കുന്നു.

ചേർപ്പ് സെന്ററിലേക്ക് മുഖമുള്ള ഈ കെട്ടിടത്തിന് പുറമേ പഴയ കാലത്ത് ക്വാർട്ടേഴ്സ് ആയി ഉപയോഗിച്ച കെട്ടിടവും പൊളിച്ചു നീക്കും. കാലപ്പഴക്കത്താൽ തകർച്ച ഭീഷണി ഉള്ളതിനാലാണ് ഉള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നത്.25 കൊല്ലം മുമ്പേ സ്റ്റേഷൻ കെട്ടിടത്തിലെ പരാധീനതകൾ മൂലം പോലീസും നാട്ടുകാരും ഏറെ ബുദ്ധിമുട്ടിയിരുന്നു.

വസ്ത്രം മാറാനും വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും ലോക്കപ്പുകളിൽ ഒന്നായിരുന്നു ആശ്രയം. ഇതേ കുറിച്ച് മാതൃഭൂമി വാർത്ത നൽകി. തുടർന്ന് സ്റ്റേഷന് പുതിയ കെട്ടിടം പണിയാനുള്ള തീരുമാനമായി. പഴയ കെട്ടിടത്തിനു പുറകിലായി 2006- ൽ പണി തുടങ്ങി 2008-ൽ പൂർത്തിയായി. പുതിയ കെട്ടിടത്തിലേക്ക് സ്റ്റേഷൻ പ്രവർത്തനം മാറ്റിയെങ്കിലും പഴയ കെട്ടിടം നിലനിർത്തുകയായിരുന്നു. കാന്റീൻ, പോലീസിന് വസ്ത്രം മാറൽ, വിശ്രമം എന്നിവയ്ക്ക് പഴയ കെട്ടിടമാണ് ഇന്നും ആശ്രയം. പുതിയ ക്വാർട്ടേഴ്സ് കെട്ടിടം പണിയാൻ കൊല്ലങ്ങൾക്ക് മുമ്പ് ഗീത ഗോപി എം.എൽ.എ. ഇടപെട്ട് രണ്ട് കോടി രൂപ ബജറ്റിൽ അനുവദിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.

ഊരകം പഞ്ചായത്തിന്റെ പരിധിയിൽ ഊരകം പോലീസ് സ്റ്റേഷന്റെ ( ഇന്ന് ഊരകം എച്ച്.എച്ച്. രവിവർമ വായനശാല പ്രവർത്തിക്കുന്ന കെട്ടിടം) ഔട്ട് പോസ്റ്റ് ആയാണ് ചേർപ്പ് പോലീസ് സ്റ്റേഷന്റെ പ്രവർത്തനം. ക്രമേണ പ്രധാന റോഡിനോട് ചേർന്ന് പോലീസ് സ്റ്റേഷൻ കെട്ടിടവും വളപ്പിൽ പലയിടത്തായി ക്വാർട്ടേഴ്‌സുകളും പണിതു .തുടർന്ന് ഊരകം പോലീസ് സ്റ്റേഷന്റെ പ്രവർത്തനം പൂർണമായി ചേർപ്പിലേക്ക് മാറ്റുകയായിരുന്നു.

പ്രതികൾ പോയ മുറിയിൽ പുസ്തകങ്ങൾ

ഊരകത്തെ വായനശാലയിൽ പഴയ ഊരകം  പോലീസ് സ്റ്റേഷന്റെ ശേഷിപ്പുകൾ കാണാം. പ്രതികളെ തടങ്കലിൽ ആക്കിയിരുന്ന ലോക്കപ്പിൽ ഇന്ന് പുസ്തകങ്ങളാണ്. ഈ കെട്ടിടത്തിലാണ് പോലീസ് സ്റ്റേഷന് പുറമേ പഞ്ചായത്ത് ഓഫീസും സാൾട്ട് ഓഫീസും എക്സൈസ് ഓഫീസും  പ്രവർത്തിച്ചിരുന്നത്. എല്ലാ ഓഫീസുകളും ചേർപ്പിലേക്ക് മാറ്റിയപ്പോൾ ഈ കെട്ടിടത്തിൽ 1938-ൽ വായനശാല തുടങ്ങി.