എച്ചിപ്പാറ തോട്‌ സംരക്ഷിക്കണം,ഷട്ടർ സ്‌ഥാപിക്കണം

വേനലിൽ വെള്ളത്തിനും മഴയിൽ പുഴയിലേക്ക് വെള്ളംവിടാനും ഇതനിവാര്യം

കൊന്നക്കുഴി : വിരിപ്പാറ, കൊന്നക്കുഴി പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന എച്ചിപ്പാറ(സായിപ്പിന്റെ)ത്തോട്ടിലെ മൊടന്താന ഭാഗത്ത് ഷട്ടർ സ്ഥാപിക്കണമെന്നാവശ്യവുമായി കർഷകർ. നാലര കിലോമീറ്റർ വരുന്ന തോടിന്റെ പരിസരങ്ങളിലെ കർഷകരും കുടുംബങ്ങളും വെള്ളത്തിനായി ആശ്രയിക്കുന്നതാണ് ഈ തോട്.

വേനലിൽ കിണറുകളിൽ വെള്ളമുണ്ടാകുന്നതിനും സായിപ്പിന്റെ തോട് നിറഞ്ഞൊഴുകണം. ഇതിനായി വലതുകര കനാലിൽനിന്നാണ് ഇപ്പോൾ വെള്ളമെത്തിക്കുന്നത്.

തോടിന്റെ പലഭാഗങ്ങളും തകർന്നു കിടക്കുന്നതിനാൽ കർഷകരുടെ ശ്രമദാനംവഴി താത്കാലിക അറ്റകുറ്റപ്പണി നടത്തിയാണ് കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നത്.

വർഷക്കാലത്ത് സമീപത്തെ കുമ്പളാംമുടി മലയിൽനിന്നുള്ള വെള്ളവും ഉറവവെള്ളവും കൃഷിയിടങ്ങളിലേക്ക് എത്തുന്നത് കർഷകരുടെ വിളകൾ നശിക്കുന്നതിന് ഇടയാക്കുന്നു. വേനലിൽ കൃഷിയിടങ്ങളിലേക്കും വർഷക്കാലത്ത്‌ പുഴയിലേക്കും വെള്ളം തുറന്നുവിടാനും സായിപ്പിന്റെ കാലത്ത് മൊടന്താന ഭാഗത്ത് സ്ഥാപിച്ച ഷട്ടർ വർഷങ്ങൾക്കുമുൻപ് പരിചരണമില്ലാതെ നശിച്ചു. അത് ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല.

നിലവിൽ പുഴയിലേക്കൊഴുക്കുന്ന തോട് കാടുപിടിച്ചും മണ്ണടിഞ്ഞും കിടക്കുകയാണ്. ഷട്ടർ സ്ഥാപിക്കുന്നതോടൊപ്പം തോടും വൃത്തിയാക്കിയാലേ വെള്ളം പുഴയിലേക്ക് ഒഴുക്കാനാവൂ.

എച്ചിപ്പാറ തോടിന്റെ വീതി അളന്നുതിട്ടപ്പെടുത്തി പുറമ്പോക്ക് കണ്ടെത്തി തോട് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലും കളക്ടറേറ്റിലും അപേക്ഷ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് വില്ലേജിൽ ഫീസടയ്ക്കുകയും തുടർന്ന് താലൂക്കിൽനിന്ന് ഒരുവർഷം താമസമുണ്ടാകുമെന്ന മറുപടിയും കർഷകർക്ക് ലഭിച്ചിരുന്നു.

എന്നാൽ, നാലുവർഷത്തോളമായിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നാണ് ആക്ഷേപം. എച്ചിപ്പാറ തോടിന്റെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് പരാതികൊടുക്കുന്ന കർഷകരുടെ പേരിൽ കള്ളക്കേസ് കൊടുക്കുന്നതായും ആക്ഷേപമുണ്ട്.