രജിത്ത് ഇന്ത്യ മുഴുവൻ കണ്ടു, സൈക്കിളിൽ...

ഗുരുവായൂർ : ഇന്ത്യയിലെ 28 സംസ്ഥാനങ്ങൾ സൈക്കിളിൽ കറങ്ങി കണ്ട രജിത്ത് നാട്ടിൽ തിരിച്ചെത്തി. കഴിഞ്ഞവർഷം ജനുവരി അഞ്ചിന് യാത്ര പുറപ്പെട്ട ഈ കണ്ടാണശ്ശേരിക്കാരൻ കഴിഞ്ഞ ദിവസമായിരുന്നു വീട്ടിലെത്തിയത്.

‘‘സൈക്കിളിൽ നാടു ചുറ്റണമെന്നത് കാലങ്ങളായുള്ള ആഗ്രഹമായിരുന്നു രജിത്തിന്. അക്കാര്യം അച്ഛനോടും അമ്മയോടും ഭാര്യ നമിതയോടും പറഞ്ഞു. അവരുടെ പരിപൂർണ പിന്തുണയാണ് യാത്രയ്ക്കു കരുത്തായത്. ആധുനിക സംവിധാനങ്ങളുള്ള സൈക്കിൾ വാങ്ങി. കൈയിൽ ആകെയുണ്ടായിരുന്ന 3,000 രൂപയും കൊണ്ടായിരുന്നു യാത്ര. സൈക്കിൾ പഞ്ചറായാൽ ഒട്ടിക്കാനുള്ള സജ്ജീകരണങ്ങളും അത്യാവശ്യം വേണ്ട ഭക്ഷണസാധനങ്ങളും ചെറിയ ഗ്യാസ് സിലിൻഡറും കരുതിയിരുന്നു. ആദ്യം തമിഴ്‌നാട്ടിലേക്ക്‌. പിന്നീട് മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ വഴി ഹിമാചൽപ്രദേശിൽ എത്തുമ്പോഴേക്കും നാലു മാസം പിന്നിട്ടിരുന്നു. ഭക്ഷണം നൽകിയും സാമ്പത്തികമായി സഹായിച്ചും രാത്രി വിശ്രമിക്കാൻ സൗകര്യം നൽകിയും നിരവധിയാളുകൾ കൂടെ നിന്നു’’.

ഗുജറാത്തിലെത്തിയപ്പോൾ രാത്രി ഒരു ക്ഷേത്രപരിസരത്താണ് ഉറങ്ങാൻ കിടന്നത്. അവിടെ കടന്നൽക്കൂട്ടത്തിന്റെ ആക്രമണമേൽക്കേണ്ടിവന്നു. ദേഹമാസകലം മുറിവേറ്റ രജിത്തിനെ ഏതാനുംപേർചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഹിമാചൽപ്രദേശിലെ റാന്തൽ എന്ന ഉൾഗ്രാമത്തിലെത്തിയപ്പോൾ അവിടെ ഉരുൾപ്പൊട്ടലുണ്ടായ സമയമായിരുന്നു. വാഹനഗതാഗതമെല്ലാം സ്തംഭിച്ചു. കടകളെല്ലാം അടച്ചു. ഭക്ഷണം കിട്ടാത്ത സ്ഥിതി. പനിയും ബാധിച്ചു. അവിടെനിന്ന് പരിചയപ്പെട്ട കശ്മീരി സ്വദേശിയാണ് തനിക്ക്‌ സംരക്ഷണമൊരുക്കി ഭക്ഷണം തന്നതെന്ന് രജിത്ത് ഓർക്കുന്നു. കണ്ടാണശ്ശേരി വട്ടംപറമ്പിൽ മുകുന്ദന്റെയും രമണിയുടെയും മകനാണ്.