മുറ്റത്ത് പൈപ്പുണ്ട് പക്ഷേ, വെള്ളമില്ല

#എൻ. പി. ഉദയകുമാർ

തീരദേശത്ത് കുടിവെള്ളക്ഷാമം കാലങ്ങളായുള്ള ദുരിതമാണ്. പദ്ധതികൾ പലതും വന്നു. വെള്ളം മാത്രം വന്നില്ല. ഇതേപറ്റി മാതൃഭൂമി അന്വേഷണം തുടങ്ങുന്നു

മതിലകം: പൈപ്പ് കണക്ഷനുണ്ട്, പക്ഷേ കുടിവെള്ളം കിട്ടണമെങ്കിൽ കിലോമീറ്ററുകളോളം നടക്കണം. തീരദേശ പഞ്ചായത്തുകളിലെ ഈ അവസ്ഥയ്ക്ക് പരിഹാരം ആയില്ല. ‘ജൽജീവൻ പദ്ധതിയിൽ വർഷങ്ങളായി വീട്ടിൽ കണക്ഷൻ ലഭിച്ചിട്ട്. എന്നിട്ടും കുടിവെള്ളം കിട്ടണമെങ്കിൽ കിലോമീറ്ററുകൾ താണ്ടിക്കൊണ്ടുവരുന്ന അവസ്ഥ ദുഷ്‌കരമാണെന്ന് മതിലകം ഓണച്ചമാവിലെ അടിപ്പറമ്പിൽ കലേഷ് പറഞ്ഞു. കുടിവെള്ളം ലഭിക്കുന്നതിൽ മുൻഗണനപ്പട്ടികയിൽപ്പെടുന്ന കുടുംബമാണിവരുടേത്.

തീരദേശത്ത് വാട്ടർ അതോറിറ്റിയിൽനിന്ന് നേരിട്ട് കണക്ഷൻ എടുത്തവരുണ്ട്. ജൽജീവൻ പദ്ധതിയിൽ കണക്ഷൻ ലഭിച്ചവരുമുണ്ട്..

കയ്പമംഗലത്ത് വഴിയമ്പലത്ത് കറപ്പംവീട്ടിൽ മുഹമ്മദാലി വർഷങ്ങളായി വാട്ടർ അതോറിറ്റിയുടെ കുടിവെള്ള കണക്ഷനിൽ കുടിവെള്ളം ഉപയോഗിക്കുന്നത്. എന്നാൽ, മാസങ്ങളായി കുടിവെള്ളം ലഭിച്ചിട്ടെന്ന് മുഹമ്മദാലി പറയുന്നു. ആഴ്ചയിൽ ഒരു ദിവസം നൂലുപോലെ കുടിവെള്ളം കിട്ടിയാൽ കിട്ടും മുഹമ്മദാലി പറഞ്ഞു.

ജലജീവൻ മിഷൻ പദ്ധതിയിൽ വീട്ടിൽ പൈപ്പ് കണക്ഷൻ സ്ഥാപിച്ചിട്ട് മൂന്നുവർഷമായി മതിലകം താമരക്കുളത്ത് താമസിക്കുന്ന 84-കാരനായ പോണിശ്ശേരി ഇബ്രാഹിംകുട്ടി. പക്ഷേ, കുടിക്കാൻ വെള്ളം എല്ലാ ദിവസവും ദൂരെനിന്ന് ബക്കറ്റിലോ മറ്റോ കൊണ്ടുവരണം.

മതിലകം ആർ.സി. പള്ളിയുടെ അടുത്തു താമസിക്കുന്ന കാക്കശ്ശേരി മുഹമ്മദ് യൂസഫിന്റെ വീട്ടിൽ ജൽജീവൻ പദ്ധതിയിൽ കുടിവെള്ള കണക്ഷൻ ലഭിച്ചിട്ട് നാലു വർഷമായി. വീട്ടിൽ കിണറ്റിൽനിന്നെടുത്ത് ശുദ്ധീകരിച്ച വെളളം ഉപയോഗിക്കുന്നതിനാൽ ഇതുവരെ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പത്തും ഇരുപതും ദിവസങ്ങൾ കഴിഞ്ഞാണ് പലയിടത്തും വെള്ളം പൈപ്പുകളിൽ എത്തുന്നത്.

പല വീടുകളിലും കുടിവെള്ളം വരുന്നതുകാത്ത് പാതിരാത്രിയിലും ഉറക്കമൊഴിച്ചിരുന്ന് കാനുകളിലും വലിയ ടാങ്കുകളിലും ശേഖരിച്ചുവെക്കും. കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലത്ത് പഞ്ചായത്തും ജനപ്രതിനിധികളും വാഹനത്തിൽ കുടിവെള്ളമെത്തിച്ചുകൊടുക്കുന്നുണ്ട്. അടുത്ത വേനൽ എത്തിയാൽ ദാഹജലത്തിനായി നെട്ടോട്ടമോടേണ്ടിവരുമെന്നാണ് ജനങ്ങളുടെ ആശങ്ക. വർഷങ്ങളായി തുടരുന്ന ഈ പ്രതിസന്ധിക്ക് ശ്വാശതപരിഹാരം കാണണമെന്നാണ് ജനങ്ങളുടെ പ്രധാന ആവശ്യം

പൈപ്പുകൾ കാലഹരണപ്പെട്ടു, റോഡുകൾ തകർന്നു

: കിണറുകളിലും കുഴൽക്കിണറുകളിലും കലർപ്പും മലിനജലവുമായതോടെ മിക്കവരും പൊതു ടാപ്പുകളെ ആശ്രയിച്ചും കുടിവെള്ള കണക്ഷനുകൾ എടുത്തും മാറാൻ തുടങ്ങിയതോടെയാണ് വിതരണത്തിൽ പ്രതിസന്ധി ആരംഭിച്ചത്.

പതിന്നാലായിരത്തിലേറെ കുടുംബങ്ങളാണ് മതിലകം വാട്ടർ അതോറിറ്റിയുടെ കീഴിൽ വാട്ടർ കണക്ഷൻ എടുത്തിട്ടുള്ളത്. നിരവധി പേരാണ് പുതിയ പദ്ധതിയിൽ വെള്ളത്തിനായി കണക്ഷൻ എടുത്ത് കാത്തിരിക്കുന്നത്.

കാലപ്പഴക്കമേറിയതോടെ അന്നു സ്ഥാപിച്ച പൈപ്പുകൾ കാലഹരണപ്പെട്ട് ജോയിന്റിൽ ലീക്കാകാനും കൂടുതൽ വെള്ളം പൈപ്പുകളിലൂടെ കടത്തിവിടുമ്പോൾ വെള്ളത്തിന്റെ മർദംമൂലം പൈപ്പുകൾ പൊട്ടാനും തുടങ്ങി. അഞ്ചു വർഷത്തിലേറെയായി ദേശീയപാത 66-ലും ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിലും പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നത് പതിവായി. ഇതോടെ റോഡുകൾ പൊട്ടിപ്പൊളിയാനും തുടങ്ങി.