വൈദ്യുതിയില്ലെങ്കിലെന്താ, പുതിയ കെട്ടിടമായില്ലേ

മൂന്നു വർഷമായി തോന്നല്ലൂർ അങ്കണവാടി രണ്ടുമുറിക്കെട്ടിടത്തിൽ
വേലൂർ : വേലൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ 84-ാം നമ്പർ തോന്നല്ലൂർ അങ്കണവാടിയിലെ കുട്ടികൾ മൂന്നു വർഷമായി രണ്ടുമുറിക്കെട്ടിടത്തിൽ. റോഡരികിലെ കെട്ടിടത്തിലും വരാന്തയിലും ഷീറ്റുകൾ മറച്ച് സുരക്ഷയില്ലാതെയാണ് അങ്കണവാടിയുടെ പ്രവർത്തനം.
കുട്ടികൾക്ക് മുറികളിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. റോഡരികിൽനിന്ന് തെരുവുനായ്ക്കളും മറ്റും ഈ മുറികളുടെ പരിസരത്ത് നിരന്തരം അലഞ്ഞുനടക്കുന്നതും പതിവാണ്. മൂന്നു വർഷം മുൻപാണ് ശോച്യാവസ്ഥയിലുള്ള അങ്കണവാടിക്കെട്ടിടം പൊളിച്ചു മാറ്റിയത്. തുടർന്ന് സമീപത്തെ വൃദ്ധ-വികലാംഗക്ഷേമ കേന്ദ്രത്തിന്റെ രണ്ടു മുറികളുള്ള കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റുകയായിരുന്നു.
മുൻ ജില്ലാ പഞ്ചായത്തംഗം ജലീൽ ആദൂരിന്റെ ശ്രമഫലമായി 17 ലക്ഷം രൂപയുടെ പദ്ധതിയിലൂടെ പുതിയ അങ്കണവാടിക്കെട്ടിടവും ചുറ്റുമതിലും പൂർത്തിയാക്കി. ജില്ലാ പഞ്ചായത്തിന്റെ എട്ടുലക്ഷവും തൊഴിലുറപ്പുപദ്ധതിയുടെ ഏഴുലക്ഷവും വനിതാ ശിശുവികസന വകുപ്പിന്റെ രണ്ടു ലക്ഷവുമാണ് വിനിയോഗിച്ചത്.
ഹാൾ, അടുക്കള, സ്റ്റോർ, ശിശുസൗഹൃദശൗചാലയം, ശൗചാലയം, ചുറ്റുമതിൽഗേറ്റ്, കുടിവെള്ളസംവിധാനങ്ങൾ എന്നിവ കെട്ടിടത്തിലുണ്ട്. പദ്ധതിയിൽ വൈദ്യുതിയനുബന്ധപ്രവൃത്തികൾ ഉൾപ്പെട്ടിരുന്നില്ല. മറ്റൊരു പദ്ധതിയിലൂടെ മാത്രമേ ഇത് സാധ്യമാക്കാനാകൂ. പണി കഴിഞ്ഞ് ഒരു വർഷമാകാറായിട്ടും കെട്ടിടത്തിലേക്ക് വൈദ്യുതിയെത്തിക്കാൻ അധികൃതർക്കായിട്ടില്ല.
പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയമസഭാതിരഞ്ഞെടുപ്പും വന്നതോടെ നടപടിക്രമങ്ങൾ വൈകിയെന്നാണ് പറയുന്നത്. 2026 ഒക്ടോബർ 23-ലെ പഞ്ചായത്ത് യോഗത്തിൽ വൈദ്യുതീകരണത്തിനായുള്ള 92,836 രൂപയുടെ ടെൻഡർ അംഗീകരിച്ചിട്ടുണ്ട്. വൈദ്യുതിയെത്തിച്ച് അങ്കണവാടി പുതിയ കെട്ടിടത്തിലേക്ക് ഉടൻ മാറ്റണമെന്നാണ് ആവശ്യം.