തരിശുനിലം നെൽവയലാക്കി കർഷകസംഘം

ഒല്ലൂർ : പടവരാട് ഉദയഗ്രാമിലെ കർഷകക്കൂട്ടായ്മയായ ഉദയ കർഷക സംഘത്തിന്റെ ഞാറുനടിൽ ആരംഭിച്ചു. ഉദയ കർഷക സംഘം തുടർച്ചയായി ഏഴുവർഷമായി നെൽകൃഷി ചെയ്യുന്നുണ്ട്. 27 വർഷം തരിശായി കിടന്ന സ്ഥലം ഉദയ കർഷക സംഘത്തിന്റെ കൂട്ടായ്മയുടെ തീരുമാനത്തിലാണ് നെൽവയലായത്.
പടവരാട് ഉദയഗ്രാമിൽ (കെസ്) 10 ഏക്കർ കാടുമൂടിയ സ്ഥലം സമൂഹവിരുദ്ധർ കഞ്ചാവും മദ്യവും വിൽക്കുന്ന കേന്ദ്രമാക്കി മാറ്റിയതോടെയാണ് നെൽകൃഷിയെന്ന ആശയത്തിലേക്ക് കർഷകക്കൂട്ടായ്മയെത്തിയത്. കെസ് എന്ന സൊസൈറ്റിയുടെ ഉടമസ്ഥതയിലായിരുന്ന 10 ഏക്കർ സ്ഥലം കണ്ടനാടൻ ഇഗ്നേഷ്യസിന്റെ നേതൃത്വത്തിൽ 10 പേർ ചേർന്ന് പാട്ടത്തിനെടുക്കുകയായിരുന്നു. ഇതിനായി ഉദയ കർഷക സംഘമെന്ന പേരിൽ കർഷകക്കൂട്ടായ്‌മയുമുണ്ടാക്കി. തരിശുനിലം നെൽവയലാക്കാനായി 2019-ൽ 587000 രൂപയാണ് 10 പേർക്ക് ചെലവായത്. ഞാറു നടാൻ പത്തുപേരുടെയും കുടുംബാംഗങ്ങൾ പാടത്തിറങ്ങി. നല്ല വിളവും ലഭിച്ചു. രണ്ടാംവർഷവും ഞാറുനട്ടെങ്കിലും ആദ്യഘട്ടത്തിൽ മഴയില്ലാതെയും പിന്നീട് കനത്ത മഴയിൽ വെള്ളം കയറിയും കൃഷി മുഴുവൻ നശിച്ചു.ഇതിനിടെ ഉദയ കർഷകസംഘത്തിന്റെ സ്ഥാപകൻ കണ്ടനാടൻ ഇഗ്നേഷ്യസ് കോവിഡ് ബാധിച്ച് മരിച്ചു. നേതാവിന്റെ മരണവും കൃഷിനാശവും തളർത്തിയെങ്കിലും പോരാടാനുറച്ച് അവർ വീണ്ടും പാടത്തിറങ്ങി.
10 പേരുണ്ടായിരുന്ന കർഷക സംഘത്തിൽ സി.എ. ജിജോ, മനോജ് ജോൺ, എം.ഡി. ഫ്രാൻസിസ്, ഉഷാ ജോഷി എന്നീ നാലു പേരാണിപ്പോഴുള്ളത്. കർഷകക്കൂട്ടായ്മയിലൂടെ കൃഷി ചെയ്തുകിട്ടുന്ന നെല്ല് സപ്ലൈകോയ്ക്ക് നൽകുകയാണ്.