അന്ത്യയാത്രയാണ്, തടസ്സപ്പെടുത്തരുത്

ആളൂർ പഞ്ചായത്തിലെ ശ്മശാനങ്ങൾ അടഞ്ഞുതന്നെ നാട്ടുകാർക്ക് ആശ്രയം ചാലക്കുടി, കൊരട്ടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ ശ്മശാനങ്ങൾ
ആളൂർ: ആളൂർ പഞ്ചായത്തിലെ തിരുത്തിപ്പറമ്പിൽ ഒരു വർഷം മുൻപ് ഉദ്ഘാടനംചെയ്ത ഓർമതീരം വാതകശ്മശാനം ഇനിയും പ്രവർത്തനമാരംഭിച്ചില്ല. ആധുനിക ശ്മശാനം വേണമെന്ന പഞ്ചായത്ത് നിവാസികളുടെ ഏറെക്കാലമായുള്ള ആവശ്യത്തിന് പരിഹാരമായിട്ടാണ് ശ്മശാനം നിർമിച്ചതെങ്കിലും ഇപ്പോഴും നാട്ടുകാർക്ക് ഇത് ഉപകാരപ്രദമായിട്ടില്ല.
ആളൂർ പഞ്ചായത്തിലെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ചാലക്കുടി നഗരസഭ, ഇരിങ്ങാലക്കുടയിലെ മുക്തിസ്ഥാൻ, കൊരട്ടി എന്നിവിടങ്ങളിലെ ശ്മശാനങ്ങളെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. ഓർമതീരം ശ്മശാനം 2025 ഒക്ടോബറിലാണ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനംചെയ്തത്. ഒരു കോടി രൂപ അനുവദിച്ച് നിർമിച്ച ശ്മശാനമാണ് പ്രവർത്തിക്കാതെ കിടക്കുന്നത്. 80 ലക്ഷം രൂപ ചെലവഴിച്ച് കെട്ടിടം, ക്രിമെറ്റോറിയം, ചേംബർ, പുകക്കുഴൽ ഉൾപ്പെടെ നിർമാണം പൂർത്തിയാക്കിയിരുന്നു. 20 ലക്ഷം രൂപ അനുവദിച്ച മതിൽ ഏതാനും ആഴ്ചകൾ മുൻപാണ് നിർമാണം പൂർത്തിയാക്കിയത്. എത്രയും വേഗം പ്രവർത്തനമാരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കാടുതെളിക്കാൻ പോലും ആളില്ല
ആളൂർ പഞ്ചായത്തിലെ തിരുത്തിപ്പറമ്പിലേത് ഒഴികെയുള്ള ശ്മശാനങ്ങൾ കാടുപിടിച്ച് കിടക്കുകയാണ്. പഞ്ഞപ്പിള്ളിയിലെ രണ്ടാം വാർഡിൽ ഒരേക്കറോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന പുലയ സമുദായ ശ്മശാനം, ഒന്നാംവാർഡിലെ അരയേക്കറോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന സാംബവസമുദായത്തിന്റെ ശ്മശാനം, കൂടാതെ മാനാട്ടുകുന്ന്, പൊരുന്നംകുന്ന്, ഉറുമ്പൻകുന്ന്, കുഴിക്കാട്ടുശ്ശേരി എന്നിവിടങ്ങളിലെ ശ്മശാനങ്ങളും കാടുപിടിച്ചുകിടക്കുന്നു.
ആരെങ്കിലും മരിച്ചാൽ ശ്മശാനത്തിലെ കാടു വെട്ടിത്തെളിച്ച് വൃത്തിയാക്കി കുഴികുത്തിയാണ് മൃതദേഹം മറവുചെയ്തിരുന്നത്. മൃതദേഹങ്ങൾ സംസ്കരിക്കാൻ നിലവിൽ ചേംബറുകളുള്ള ആധുനികശ്മശാനങ്ങളെയാണ് ഇപ്പോൾ കൂടുതൽപേരും ആശ്രയിക്കുന്നത്. കുഴിയെടുത്ത് മറവുചെയ്യുന്നതിനും ശ്മശാനങ്ങൾ വെട്ടിവൃത്തിയാക്കാനും ആരും തയ്യാറാകുന്നില്ല. ഏറെക്കാലമായി ആരും പ്രവേശിക്കാതായതോടെ കാടുപിടിച്ചുകിടക്കുന്ന ശ്മശാനത്തിനുള്ളിലേക്ക് പ്രവേശിക്കാനാകാത്ത സാഹചര്യമാണ്.
ചെലവാക്കിയത് ലക്ഷങ്ങൾ
അംബേദ്കർ ഗ്രാമപ്ദ്ധപതിയിൽ ഉൾപ്പെടുത്തി 2015-ൽ പഞ്ഞപ്പിള്ളിയിലെ രണ്ട് പട്ടികജാതിശ്മശാനങ്ങൾ ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ചിരുന്നു.
ടൈൽ ഇട്ടും ഷെഡ്ഡുകൾ നിർമിച്ചും നവീകരിച്ച രണ്ട് ശ്മശാനങ്ങളിലേക്കായി മൃതദേഹം ദഹിപ്പിക്കുന്നതിന് ഓരോ ഇരുമ്പുപെട്ടികൾ വീതവും അനുവദിച്ചു. എന്നാൽ, നവീകരണത്തിനുശേഷം ഒരു മൃതദേഹംപോലും ഇവിടെ സംസ്കരിച്ചിട്ടില്ല. വിറകുവെച്ച് കത്തിച്ച് സംസ്കരിക്കുന്ന ഇരുമ്പുപെട്ടി തുരുമ്പെടുത്ത് നശിക്കുകയാണ്.
ഉടൻ പ്രവർത്തനം ആരംഭിക്കും
തിരുത്തിപ്പറമ്പിലെ ശ്മശാനത്തിലെ നിർമാണജോലികൾ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും വെള്ളത്തിനുള്ള സൗകര്യം ഇപ്പോഴുമില്ല. കുഴൽക്കിണർ നിർമിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഏറ്റവും അടുത്ത ദിവസം നിർമിക്കും.
സംസ്കാരത്തിനുള്ള സംവിധാനങ്ങൾ പൂർത്തിയാക്കി ഡിസംബറിൽ ശ്മശാനം പ്രവർത്തനമാരംഭിക്കും. കാടുപിടിച്ചുകിടക്കുന്ന ശ്മശാനങ്ങൾ വൃത്തിയാക്കി സംരക്ഷിക്കാനുള്ള നടപടികളും സ്വീകരിക്കും
റോസിലി ഫ്രാൻസിസ്
ആളൂർ പഞ്ചായത്ത് പ്രസിഡന്റ്
ശ്മശാനങ്ങൾ സംരക്ഷിക്കണം
: കാടുപിടിച്ചുകിടക്കുന്ന പട്ടികജാതി ശ്മശാനങ്ങൾ വെട്ടിത്തെളിച്ച് വൃത്തിയാക്കുകയും ശാന്തിതീരമെന്ന് നാമകരണം നൽകി സംരക്ഷിക്കുകയുംവേണം. പൂർവികരുടെ ഓർമകൾ നിലനിർത്തും വിധം സൗന്ദര്യവത്കരണം നടത്താൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണം
പി.എ. അജയ്ഘോഷ്
കെ.പി.എം.എസ്. സംസ്ഥാന ട്രഷറർ