ചികിത്സ വേണം ചികിത്സാലയങ്ങൾക്ക്

വടക്കാഞ്ചേരി : ജില്ലാ ആശുപത്രിയിൽ ഡെപ്യൂട്ടി സൂപ്രണ്ട്, ആർ.എം.ഒ., സർജൻ, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസേഴ്‌സ്, നഴ്‌സിങ് സൂപ്രണ്ട് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നത് ജില്ലാ ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. പി.ജി. വിദ്യാർഥികളാണ് കാഷ്വാലിറ്റിയിലും ഒ.പി.യിലും സഹായികൾ. രാത്രി ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികളെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്നതായി ആക്ഷേപമുണ്ട്.
മിക്കവാറും കാഷ്വാലിറ്റിയിൽ രാത്രി ഒരു ഡോക്ടർ മാത്രം. രോഗികളുടെ നിര രാത്രിയിലും സ്ഥിരം കാഴ്ച. ഇതിനിടയിൽ അത്യാഹിതവുമായി എത്തുന്ന രോഗികളെയും ശ്രദ്ധിക്കണം.
സ്കാനിങ്ങിൽ ഉൾപ്പെടെ വൈദഗ്ധ്യമുള്ളവരെ താത്കാലികമായി കിട്ടാത്തതിനാൽ അടഞ്ഞുകിടക്കുന്നു. ജില്ലാ ആശുപത്രിയിലെ ആംബുലൻസുകളുടെയും അവസ്ഥ പരിതാപകരം. താത്കാലിക ഡ്രൈവറുടെ സേവനത്തിലാണ് ആംബുലൻസ് പ്രയോജനപ്പെടുത്തുന്നത്. മരുന്നുകൾക്കൊന്നും കാര്യമായ കുറവില്ല. കിടത്തിച്ചികിത്സയ്ക്കാവശ്യമായ കെട്ടിടങ്ങളുടെ നിർമാണം നടക്കുന്നുണ്ട്. 1400 രോഗികൾ ദിവസവും ഒ.പി.യിൽ വടക്കാഞ്ചേരി നഗരസഭാ പരിധിയിൽനിന്നും താലൂക്കിലെ സമീപ പഞ്ചായത്തുകളിൽനിന്നും ചികിത്സ തേടിയെത്തുന്നുണ്ട്. കുടുംബാരോഗ്യകേന്ദ്രങ്ങളിൽ മികച്ച ചികിത്സ മിക്കയിടത്തും ലഭ്യമാണ്. തെക്കുംകര-വീരോലിപ്പാടം ആരോഗ്യകേന്ദ്രത്തിലെത്തുന്ന രോഗികൾക്ക് വലിയ പരിഗണന ലഭിക്കുന്നു. അനുബന്ധസൗകര്യങ്ങൾ ഏറെയുള്ള വേലൂരിൽ നാലു ഡോക്ടർമാരുണ്ടായിട്ടും വൈകീട്ട് നാലിനുശേഷം സേവനം കിട്ടുന്നില്ലെന്നാക്ഷേപമുണ്ട്.
പഴഞ്ഞി ആരോഗ്യകേന്ദ്രത്തിൽ വേണം അടിസ്ഥാനസൗകര്യങ്ങൾ
കാട്ടകാമ്പാൽ : പഴഞ്ഞി കുടുംബാരോഗ്യകേന്ദ്രത്തിൽ രാത്രികാല ഡ്യൂട്ടിക്കായി ഒരു ഡോക്ടറും ഒരു സ്റ്റാഫ് നഴ്‌സും മാത്രമാണുള്ളത്. രാത്രിയിൽ അഡ്‌മിഷൻ രജിസ്റ്റർ സൂക്ഷിക്കൽ, മരുന്നുകൊടുക്കൽ, മുറിവ് തുന്നിക്കെട്ടൽ എല്ലാറ്റിനും ഒരാൾത്തന്നെ. രാത്രി രോഗികൾക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ വാഹനസൗകര്യം ഇല്ലാത്തതും ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഡ്രൈവർ തസ്തിക ഉണ്ടെങ്കിലും വാഹനമില്ലാത്തതുമൂലം ഈ ജീവനക്കാരൻ കുന്നംകുളം ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. മാലിന്യം ഉറവിടത്തിൽത്തന്നെ സംസ്കരിക്കാൻ സൗകര്യമില്ല. രാത്രികാലങ്ങളിൽ ഫാർമസി പ്രവർത്തിക്കാത്തതും ജനങ്ങളെ വലയ്ക്കുന്നുണ്ട്.
70 സെന്റിൽ, കാലാകാലങ്ങളിൽ ലഭിക്കുന്ന പദ്ധതിവിഹിതങ്ങൾ വിനിയോഗിച്ച് ആസൂത്രണമില്ലാതെ കൂട്ടിച്ചേർത്ത് നിർമിച്ച കെട്ടിടത്തിന്റെ സ്ഥിതി ശോചനീയമാണ്. സമീപത്തെ കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽനിന്ന് വ്യത്യസ്തമായി പ്രവർത്തിക്കുന്ന ഫിസിയോതെറാപ്പി സെന്ററിൽ നിരവധി രോഗികളാണ് എത്തുന്നത്. വിവിധ ഘട്ടങ്ങളിൽ ലഭിക്കുന്ന ഗ്രാന്റുകൾ വിനിയോഗിച്ച് ഉപകരണങ്ങൾ വാങ്ങി കൂട്ടിയിട്ടുണ്ടെങ്കിലും സൂക്ഷിച്ചുവെക്കാൻ പാകത്തിന് കെട്ടിടമില്ലാത്തതാണ് വലിയ വെല്ലുവിളി. എട്ടു പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന കുടുംബാരോഗ്യകേന്ദ്രങ്ങളുടെ നിർവഹണത്തിനായി 180-ഓളം ഫീൽഡ് സ്റ്റാഫുകൾ കമ്യൂണിറ്റി ഹെൽത്ത് സെന്ററിനുകീഴിൽ പ്രവർത്തിക്കുന്നുണ്ട്.