ടൂറിസ്റ്റ് ബസ് അപകടം; ഗതാഗതം തടസ്സപ്പെട്ടു

കൊടകര : ദേശീയപാത കൊളത്തൂരിൽ പെട്രോൾ പമ്പിനുസമീപം ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. രാവിലെ 6.30-ഓടെ തൃശ്ശൂർ ഭാഗത്തേക്കുപോകുന്നതിനിടെയാണ് അപകടം. രാവിലെ ഒൻപതുമണിയോടെ വാഹനം മാറ്റുംവരെ ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽ ദേശീയപാതയിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ കാലും സൂചനാബോർഡും തകർന്നു. പാലക്കാട് ചെർപ്പുളശ്ശേരിയിൽനിന്ന് വിനോദയാത്ര പോയി മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. കിലോമീറ്ററുകൾ ഗതാഗതം തടസ്സപ്പെട്ടു.
ഇതിനിടെ ചാലക്കുടി ഭാഗത്തേക്കുള്ള ട്രാക്കിൽ തടികയറ്റിയ ലോറി തകരാറിലായി നിർത്തിയിട്ടിരുന്നു. തടിലോറിക്കു പിന്നിലായി നിർത്തിയ കെ.എസ്.ആർ.ടി.സി. ബസിന് പിന്നിൽ പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലേക്ക് പശകയറ്റി പോയിരുന്ന ടാങ്കർ ലോറിയിടിച്ചു. തുടർന്ന് ചാലക്കുടി ഭാഗത്തേക്കുള്ള ട്രാക്കിലും ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. കൊടകര പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. ടൂറിസ്റ്റ് ബസിലെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതാണെന്നും ആർക്കും പരിക്കില്ലെന്നും പോലീസ് പറഞ്ഞു.