ജലഗതാഗത ടൂറിസം സാധ്യതകൾ പഠിക്കാൻ മാളക്കടവിലേക്ക് വീണ്ടും ബോട്ടെത്തി

മാള : വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ തേടി കോട്ടപ്പുറത്തുനിന്ന് മാളയിലേക്ക് വീണ്ടും ബോട്ടെത്തി.

മുഖ്യമന്ത്രിയുടെയും മന്ത്രി ഒ.ജെ. ജനീഷിന്റെയും നിർദേശത്തെത്തുടർന്നാണ് മുസിരിസ് അധികൃതരും കൊച്ചിയിൽ ടൂറിസം യാത്രകൾ സംഘടിപ്പിക്കുന്ന മാള സ്വദേശി ബെന്നി പാനികുളങ്ങരയും ചേർന്നാണ് ബോട്ടുയാത്ര നടത്തിയത്. കണ്ടൽക്കാടുകൾക്കിടയിലൂടെ ഒന്നേമുക്കാൽ മണിക്കൂറോളം യാത്രചെയ്താണ് മാളക്കടവിലെത്തിയത്. മുൻപ് ജലഗതാഗതം ഉണ്ടായിരുന്ന ചാലിലൂടെയാണ് വീണ്ടും ബോട്ട് എത്തിച്ചത്.

വി.ആർ. സുനിൽകുമാർ എം.എൽ.എ. ആയിരുന്നപ്പോൾ സമാനമായ രീതിയിൽ മുസിരിസ് പദ്ധതി അധികൃതർ ടൂറിസം സാധ്യതകൾ തേടി ബോട്ടുയാത്ര നടത്തിയിരുന്നെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ല. വർഷങ്ങൾക്കുശേഷം വീണ്ടും ബോട്ടുയാത്ര സംഘടിപ്പിച്ചപ്പോൾ ടൂറിസം പദ്ധതികൾ ചർച്ചയാകുന്നുണ്ട്.

മാളയിലെ ജൂതപ്പള്ളി കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിയാണ് ആലോചനയിലുള്ളത്. മാളയിൽനിന്ന് കൊച്ചിയിലേക്കും ആലപ്പുഴയിലേക്കും ചരക്ക് കയറ്റിറക്ക് നടത്തി പാരമ്പര്യമുള്ള മാളക്കടവ് ചരിത്രത്തിന്റെ ഭാഗമാണ്. ജലഗതാഗതമാർഗം എന്നതിനേക്കാൾ ടൂറിസം സാധ്യതകളാണ് മുസിരിസ് ലക്ഷ്യമിടുന്നത്.

മുസിരിസ് പൈതൃക പദ്ധതിയിൽ മാളയിലെ സാധ്യതകൾ പ്രയോജനപ്പെടുത്തി ടൂറിസം വികസിപ്പിക്കുന്നതിനാണ് ശ്രമം നടക്കുന്നത്.

പഴയകാലത്ത് ചരക്കുവഞ്ചിയിലാണ് മാളയിൽനിന്ന് ചകിരി ഉൾപ്പെടെയുള്ളവ കൊണ്ടുപോയിരുന്നതും തിരിച്ച് കച്ചവടത്തിനുള്ള സാധനങ്ങൾ കൊണ്ടുവന്നതും. സാധ്യതകൾ പഠിക്കാനും പദ്ധതി തയ്യാറാക്കാനും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ടെന്ന് ബെന്നി പാനികുളങ്ങര പറഞ്ഞു.

ബോട്ടുയാത്ര കൂടുതൽ സുഗമമാക്കുന്നതിന് കോട്ടപ്പുറം വരെയുള്ള ചാലിന്റെ ആഴം വർധിപ്പിച്ച് തടസ്സങ്ങൾ നീക്കേണ്ടിവരും.

വർഷങ്ങളായി മാളക്കടവുമായി ബന്ധപ്പെട്ട വികസനം സംബന്ധിച്ച് പ്രഖ്യാപനങ്ങൾ നടന്നെങ്കിലും ഇതുവരെ പ്രായോഗിക നടപടിയൊന്നും ഉണ്ടായിട്ടില്ല.