ലാബ് വിപുലീകരിക്കും, കൂടുതൽ സൗകര്യങ്ങളും

മുല്ലശ്ശേരി സി.എച്ച്.സി. നവീകരണത്തിനായി 40 ലക്ഷം

മുല്ലശ്ശേരി : സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ വികസനപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ബ്ലോക്ക് പ‍ഞ്ചായത്ത് അധികൃതർ അറിയിച്ചു. ആശുപത്രിക്കെട്ടിടത്തിലെ വർഷങ്ങളായുള്ള ചോർച്ച പരിഹരിക്കുന്നതിനുള്ള ജോലികളാണ് നടക്കുന്നത്. ഇതിനു പുറമേ 40 ലക്ഷം രൂപ ചെലവഴിച്ച് ആശുപത്രിയിൽ വിവിധ നവീകരണപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുള്ള പദ്ധതിക്കും തുടക്കമായി.

നവീകരണത്തിന്റെ ഭാഗമായി ആശുപത്രിയിലെ പരിമിതമായ ലാബ് സൗകര്യങ്ങൾ വിപുലീകരിക്കും. കൂടുതൽ മുറികൾ കൂട്ടിച്ചേർത്ത് ലാബിന്റെ വിസ്തൃതിയും സൗകര്യങ്ങളും വർധിപ്പിക്കും. ആരോഗ്യവകുപ്പുദ്യോഗസ്ഥർക്ക് ആവശ്യമായ സൗകര്യങ്ങളും ഒരുക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

മരുന്നിനായി കാത്തിരിക്കുന്ന സ്ഥലത്ത് ടി.വി. സ്ഥാപിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. പബ്ലിക് ഹെൽത്ത് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനും ഭാവിയിലെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമായി മാസ്റ്റർപ്ലാൻ തയ്യാറാക്കും. ഇതിലൂടെ ആശുപത്രിയുടെ അടിസ്ഥാനസൗകര്യങ്ങളും സേവനനിലവാരവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ക്ലമന്റ് ഫ്രാൻസിസ് പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അനിൽ ആതിര, റസിയാ ഇബ്രാഹിം, ലിജി റോയ്, ബ്ലോക്ക് അംഗം കെ.ടി. ലിംസൺ, മെഡിക്കൽ സൂപ്രണ്ട് ലൂസി ജോസഫ് എന്നിവർ ആശുപത്രിയിലെ നവീകരണപ്രവർത്തനങ്ങൾ വിലയിരുത്തി.