വൈലിക്കുളങ്ങര ക്ഷേത്രത്തിൽ ഇല്ലംനിറ

പാവറട്ടി : കാക്കശ്ശേരി വൈലിക്കുളങ്ങര ഭഗവതീക്ഷേത്രത്തിലെ ഇല്ലംനിറ ഞായറാഴ്ച നടക്കും. ഇതിനായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ സ്വന്തമായി കൃഷി ചെയ്ത് വിളയിച്ച നെൽക്കതിരുകൾ ഒരുക്കി. 15 സെന്റ് സ്ഥലത്ത് കരനെൽകൃഷിയായാണ് ജ്യോതി ഇനത്തിൽപ്പെട്ട നെല്ല് കൃഷി ചെയ്തത്. 120 ദിവസം കൊണ്ടാണ് നെല്ല് കൊയ്ത്തിന് പാകമായത്. സാധാരണ ഇല്ലംനിറയ്ക്കാവശ്യമായ നെല്ല് പുറമെനിന്ന് എത്തിക്കുകയാണ് പതിവ്.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.എ. ബാലൻ, സെക്രട്ടറി പി.എ. സുരേന്ദ്രൻ, ട്രഷറർ പി.കെ. ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് നെൽകൃഷി നടത്തിയത്. ഞായറാഴ്ച രാവിലെ ഒൻപതിന് ക്ഷേത്രം മേൽശാന്തി പ്രിനിലിന്റെ കാർമികത്വത്തിൽ ഇല്ലംനിറ ചടങ്ങുകൾ നടക്കും.