ഇഴഞ്ഞിഴഞ്ഞ് നിർമാണം, വലഞ്ഞ് നാട്ടുകാർ

കൊരട്ടി : കരാർ പുതുക്കി നടുവൊടിഞ്ഞാലും കൊരട്ടിയിലെ മേൽപ്പാലം കടക്കാൻ എറെ കാത്തിരിക്കേണ്ടിവരും. ഒക്ടോബർ ആദ്യവാരം സ്പാനുകളുടെ നിർമാണം പൂർത്തിയാക്കി അടിത്തട്ടുവഴി വാഹനങ്ങളെ കടത്തിവിടുമെന്നാണ് കേട്ടിരുന്നത്. ഡിസംബറോടെ മേൽത്തട്ടിലൂടെയും വാഹനങ്ങൾ ഓടുമെന്നായിരുന്നു അധികൃതരുടെ വാക്ക്. പോയ ഡിസംബറിൽ പൂർത്തിയാക്കേണ്ട ജോലികളാണ് ഇനിയെന്ന് എന്നറിയാതെ നീളുന്നത്. എന്നാൽ, ഒരു സ്പാനിന്റെ നിർമാണംപോലും പാതി പിന്നിട്ടിട്ടില്ല.

ദേശീയപാത 544-ൽ പ്രഖ്യാപിച്ച മുരിങ്ങൂർ ചിറങ്ങര ഉൾപ്പെടെ 11 അടിപ്പാതകളിൽ കൊരട്ടിയിലേത് പിന്നീട് മൂന്നു സ്പാനോടുകൂടിയ മേൽപ്പാലമായി മാറ്റിയിരുന്നു. കൊരട്ടിയുടെ പ്ലാൻ മാറിയതോടെ നിർമാണം ആരംഭിക്കുന്ന കാര്യത്തിലും മാറ്റം വരുത്തി. ഇതനുസരിച്ച് മുരിങ്ങൂരിലെയും ചിറങ്ങരയിലെയും നിർമാണം പൂർത്തിയാക്കി ഭാഗികമായി വാഹനങ്ങൾ തുറന്നുവിട്ടശേഷമാകും കൊരട്ടിയിലെ നിർമാണം ആരംഭിക്കുകയെന്നാണ് സൂചിപ്പിച്ചിരുന്നത്.

ഉറപ്പില്ലാത്ത വാക്കുകൾ, ഉയരാതെ സ്പാനുകൾ

: കൊരട്ടി മുത്തിയുടെ തിരുനാളിനെത്തുന്ന ജനങ്ങളെ മുന്നിൽക്കണ്ട് ജങ്ഷനിലെ മേൽപ്പാലത്തിന്റെ പ്രധാന സ്ലാബുകൾ പൂർത്തിയാക്കി നാട്ടുകാർക്കായി അടിത്തട്ടിലൂടെ വാഹനങ്ങളെയും കാൽനടയാത്രികരെയും കടത്തിവിടുമെന്നായിരുന്നു അവസാനം നൽകിയ ഉറപ്പ്. മന്ത്രിയുടെ സാന്നിധ്യത്തിൽനടന്ന യോഗത്തിലെടുത്ത തീരുമാനം പൂർത്തിയാക്കാനും എറെ പണിപ്പെടേണ്ടിവരും.

അടിത്തട്ടുതുറന്നാലും കുരുക്കഴിയില്ല

: അടിത്തട്ട് ഗതാഗതത്തിനു തുറന്നുകൊടുത്താലും കുരുക്കൊഴിയില്ല. ദേശീയപാതയെ ബന്ധിപ്പിക്കുന്ന കോനൂർ നാലുകെട്ട് റോഡും അന്നമനട, കാടുകുറ്റി വഴി റെയിൽവേ മേൽപ്പാലം വഴി മറുദിശയിലേക്കു പോകണമെങ്കിൽ ദേശീയപാതയുടെ രണ്ടുഭാഗത്തെയും ബദൽറോഡ് മറികടക്കണം. നേരിട്ട് ഇരുഭാഗത്തെയും വാഹനങ്ങൾ ഇങ്ങനെ മറികടക്കാനായി കാത്തുകിടന്നാൽ ദേശീയപാതയിലെ കുരുക്ക് രൂക്ഷമാകുകയേ ഉള്ളൂ.

സ്പാനുകൾക്കൊപ്പം വേണം അനുബന്ധറോഡും

:സ്പാനുകൾക്കൊപ്പം അനുബന്ധ റോഡുകളുടെ നിർമാണവും ഒരേ വേഗത്തിൽ നീങ്ങിയാലേ സമയബന്ധിതമായി കൊരട്ടിയിലെ മേൽപ്പാലം പൂർത്തിയാക്കാനാകൂ. അനുബന്ധ റോഡിന് ആവശ്യമായ പാർശ്വഭിത്തിനിർമാണവും മണ്ണിട്ടുനികത്തലും നടക്കണം. പാർശ്വഭിത്തിയുടെ നിർമാണം ഒരുഭാഗത്തും പാതിപോലും മുന്നോട്ടു പോയിട്ടില്ല.

റോഡ് നിർമാണത്തിനായി ശേഖരിച്ച മണ്ണ് യന്ത്രങ്ങളുപയോഗിച്ച് നിരത്തുന്ന ജോലികളാണ് നടക്കുന്നത്. ആവശ്യത്തിന് ജീവനക്കാരോ യന്ത്രങ്ങളോ ഇല്ലാതെയാണ് കോടികൾ വകയിരുത്തിയിട്ടുള്ള മേൽപ്പാലനിർമാണം.

വേണം ജാഗ്രത

:മേൽപ്പാലനിർമാണത്തിനു മുന്നോടിയായി നിർമിച്ച വെള്ളക്കെട്ട് നിവാരണ ജോലികളുടെ ഭാഗമായി കാനയ്ക്കു മുകളിലിട്ട സ്ലാബുകളുടെ തകർച്ചയാണ് തുടക്കംമുതലേ ബദൽറോഡ് നേരിടുന്ന വെല്ലുവിളി.

തകർന്ന സ്ലാബ് മാറ്റിസ്ഥാപിക്കുന്ന സമയത്താണ്‌ പരിഹരിക്കാൻ കഴിയാത്ത കുരുക്ക്. കഴിഞ്ഞ ദിവസങ്ങളിലായി കൊരട്ടി ജങ്ഷനിൽമാത്രം ഒരിടത്ത് അഞ്ച് സ്ലാബുകളാണ് തകർന്നത്.

തിരുനാളെത്തി കുരുക്കഴിക്കാനുള്ള വഴിയൊരുക്കണം

:ഒക്ടോബർ 10-നാണ് കൊരട്ടി മുത്തിയുടെ തിരുനാൾ. കുരുക്കില്ലാതെ പള്ളിയിലെത്തി മടങ്ങാനുള്ള വഴിയൊരുക്കാനുള്ള ശ്രമം നേരത്തേ തുടങ്ങേണ്ടിവരും. നിലവിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോൾ പഴയ ദേശീയപാതകൂടി ഉപയോഗിച്ചാണ് കുരുക്ക് നിയന്ത്രിച്ചിരുന്നത്. പഴയ ദേശീയപാതയാകട്ടെ നേരേ ചെന്നുനിൽക്കുന്നത് കൊരട്ടി പള്ളിയുടെ സമീപത്തും.

തീർഥാടകർക്കും പതിവുയാത്രികർക്കും ബസുകൾ പിടിക്കാൻ റോഡിൽത്തന്നെ കാത്തുനിൽക്കേണ്ടിവരും.

നിലവിലെ സ്ഥിതിയിൽ കൊരട്ടി പള്ളിയുടെ ക​േപ്പളയ്ക്കുമുൻപിലെ പൊതുസ്ഥലം പ്രയോജനപ്പെടുത്തേണ്ടിവരും. ഇതിനായി ബസുകൾക്ക് വന്നുപോകാവുന്ന നിലയിൽ താത്കാലിക റോഡും സ്റ്റാൻഡും ഒരുക്കേണ്ടിവരും. നിലവിലെ ഓട്ടോ സ്റ്റാൻഡ്‌ നിലനിൽത്താവുന്ന നിർദേശവും ഉണ്ടാകേണ്ടിവരും. മറുഭാഗത്ത്‌ മദുരാ കോട്‌സിന്റെ ഗ്രൗണ്ട് പ്രയോജനപ്പെടുത്താമെന്നതാണ് ആശ്വാസം.

ട്രാഫിക് റെഗുലേറ്ററി യോഗം ഇന്ന്

:കൊരട്ടി നേരിടുന്ന ഗതാഗത പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് പ്രത്യേക ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ശനിയാഴ്ച നടക്കും. ജില്ലാ ഭരണാധികാരികളുടെ നിർദേശത്തെത്തുടർന്നുള്ള കമ്മിറ്റിയിൽ പോലിസ്, റവന്യൂ, ഗ്രാമപ്പഞ്ചായത്ത് പ്രതിനിധികളാണ് പങ്കെടുക്കുന്നത്.