ഉത്രാളിക്കാവിലെ ബിംബം മുഖമണ്ഡപത്തിലേക്ക് മാറ്റും

വടക്കാഞ്ചേരി : ഉത്രാളിക്കാവിലെ ബിംബം ശ്രീകോവിലിൽനിന്ന് മുഖമണ്ഡപത്തിലേക്ക് മാറ്റുന്നതിൽ ദേവിക്ക് ഹിതമെന്നു പ്രശ്നവിധി. ദേവീഹിതം അറിയാൻ കൊച്ചിൻ ദേവസ്വം ബോർഡും ക്ഷേത്ര ഉപദേശകസമിതിയുമാണ് വരവൂർ കളരിക്കൽ സേതുമാധവ പണിക്കരുടെ മുഖ്യകാർമികത്വത്തിൽ പ്രശ്നം നടത്തിയത്.
ഉത്രാളിക്കാവിൽ ക്ഷേത്ര ശ്രീകോവിലിനുള്ളിൽ പൂവ്വവൃക്ഷത്തിന്റെ കീഴെയാണ് ബിംബം. വൃക്ഷവേരുകൾ ഉയർന്നതുമൂലം ബിംബപീഠാധികൾക്ക് ഇളക്കം സംഭവിച്ചു. തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് വേരുകൾ നീക്കുന്ന കാര്യത്തിൽ കത്തു നൽകിയിരുന്നു. പൂവ്വമരത്തിന്റെ ഉയർന്നു നിൽക്കുന്ന വേരുകൾ നീക്കുന്ന പ്രവൃത്തികൾ നിർവഹിക്കുന്നതിനു താത്കാലികമായി ബിംബം മുഖമണ്ഡപത്തിലേക്ക് മാറ്റുന്നതിനാണ് തന്ത്രി നിർദേശിച്ചത്. തുടർന്നു കലശങ്ങളും പുനഃപ്രതിഷ്ഠയുമായിരുന്നു നിർദേശം. 2028-ലേക്കാണ് നവീകരണ കലശത്തിനും പ്രതിഷ്ഠയ്ക്കുമായുള്ള സൗകര്യം തന്ത്രി ശ്രേഷ്ഠർ അറിയിച്ചിട്ടുള്ളത്.
ദേവീഹിതം പ്രശ്നവിധിയിൽ അനുകൂലമെന്ന ദൈവജ്ഞന്റെ അഭിപ്രായം മാനിച്ച് എത്രയുംവേഗം ശ്രീകോവിലിൽനിന്നു ബിംബം മുഖമണ്ഡപത്തിലേക്ക് മാറ്റി പൂവ്വവൃക്ഷത്തിന്റെ വേരുകൾ മാറ്റി നവീകരണ പ്രവൃത്തി പൂർത്തീകരിച്ച് ദ്രവ്യകലശത്തോടെ പുനഃപ്രതിഷ്ഠ നടത്താനാണ് തീരുമാനം.