തുറന്നിട്ട കാനയിൽ വീണ് വയോധികന് ഗുരുതരപരിക്ക്

എരുമപ്പെട്ടി : വടക്കാഞ്ചേരി-ചാവക്കാട് സംസ്ഥാനപാതയിൽ എരുമപ്പെട്ടിയിലെ കാനയിൽ വീണ് 73-കാരന് ഗുരുതരമായി പരിക്കേറ്റു. എരുമപ്പെട്ടി കുഴുപ്പുള്ളിയിൽ ഐസക് ജോസഫി(73) നാണ് പരിക്കേറ്റത്. പാതസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കാനയ്ക്ക് മുകളിൽ സ്ലാബിട്ട് നടപ്പാതയൊരുക്കുന്നുണ്ട്.

ചിലയിടങ്ങളിൽ ഒാരോ സ്ലാബുകൾവെക്കാനുള്ള സ്ഥലം ഒഴിവാക്കിയിട്ടിട്ടുണ്ട്. ഇവിടെ സ്ഥാപിക്കുന്നതിനുള്ള സ്ലാബ് സമീപത്ത് പണിതുവെച്ചിട്ടുണ്ടെങ്കിലും യഥാസമയത്ത് വിടവ് നികത്താത്തതാണ് അപകടത്തിനു കാരണമായത്. എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയിലേക്കു പോകുന്നതിനിടെയാണ് അപകടം. പ്രൊവിഡൻസ് കോളേജിന്റെ സമീപത്തെ കുഴിയിലാണ് വീണത്. കഴിഞ്ഞ ദിവസം സെയ്ന്റ് മേരീസ് ക്ലിനിക്കിനു സമീപം താമസിക്കുന്ന വയോധികയും കുഴിയിൽ വീണിരുന്നു. കാനകൾക്കു മുകളിൽ സ്ലാബ് കോൺക്രീറ്റിടൽ പൂർത്തിയായ സ്ഥലങ്ങളിൽ കടയുടമകൾ സാധനസാമഗ്രികൾ വെക്കുന്നത് പതിവാണ്. കൂടാതെ ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യച്ചാക്കുകളും ഈ സ്ലാബുകളുടെ മുകളിലാണ് സൂക്ഷിക്കുന്നത്. ഇതും കാൽനടയാത്രികരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പണി നടക്കുന്ന സ്ഥലങ്ങളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് സുരക്ഷാക്രമീകരണങ്ങളും സൂചനാബോർഡുകളും സ്ഥാപിക്കണം. നിർമാണം പൂർത്തിയായ സ്ഥലങ്ങളിലെ നടപ്പാതകളിലെ കൈയേറ്റം ഒഴിവാക്കി കാൽനടയാത്രക്കാർക്ക് സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം.