നാടെങ്ങും തെരുവുനായ്ക്കൾ; നിയന്ത്രിക്കാൻ നടപടികളില്ല

കിളിമാനൂർ: തെരുവുനായ്ക്കളുടെ എണ്ണവും ആക്രമണവും ദിനംപ്രതി വർധിച്ചിട്ടും പരിഹരിക്കാൻ നടപടികളുണ്ടാവുന്നില്ല. നായ്ക്കളുടെ കടിയേറ്റും നായ്ക്കൾമൂലം റോഡിൽ അപകടത്തിൽപ്പെട്ടും ചികിത്സ തേടിയെത്തുന്നവർ നിരവധിയാണ്. നഗരൂർ പഞ്ചായത്തിലെ വെള്ളല്ലൂരിൽ ഞായറാഴ്ച രാവിലെ രണ്ടുപേർക്ക് നായയുടെ കടിയേറ്റു. വെള്ളല്ലൂർ തൈക്കൂട്ടത്തിൽ ഭാഗത്ത് പത്രവിതരണത്തിനെത്തിയപ്പോഴാണ് മാതൃഭൂമി താമരശ്ശേരി ഏജൻറ് ആർ. ബിജുകുമാറിന് (54) തെരുവുനായയുടെ കടിയേറ്റത്. ബിജുവിന്റെ കാലിന് പരിക്കുണ്ട്. തൈക്കൂട്ടത്തിൽ തിരുവോണത്തിൽ ശിശുപാലൻ എന്നയാൾക്കും കടിയേറ്റു. കടിയേറ്റ് നിലത്തുവീണ ശിശുപാലന്റെ തലയ്ക്കു പരിക്കേറ്റു. ദേഹത്തു നായയുടെ കടിയും നഖപ്പാടുമേറ്റു സാരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരും കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും
പാരിപ്പള്ളി മെഡിക്കൽ കോളേജിലുമായി ചികിത്സ തേടി. പ്രദേശത്ത് രാപകൽഭേദമില്ലാതെ നായ്ക്കളുടെ ശല്യമാണെന്ന് നാട്ടുകാർ പറയുന്നു. കിളിമാനൂർ പഞ്ചായത്തിലെ പനപ്പാംകുന്നിൽ നായ്ക്കളുടെ വിളയാട്ടമാണെന്നാണ് നാട്ടുകാരുടെ പരാതി. എവിടെനിന്നോ കൊണ്ടുവന്നുവിട്ട നായ്ക്കളാണ് നാടുനീളെ വിഹരിക്കുന്നത്. നായ്ക്കളുടെ ആക്രമണം ഭയന്ന് ഭീതിയോടെ മാത്രമേ പുറത്തിറങ്ങാൻ കഴിയുന്നുള്ളൂ.
പ്രജനനം അനിയന്ത്രിതം; വന്ധ്യംകരണനടപടികൾ നടക്കുന്നില്ല
പ്രജനനം നിയന്ത്രിക്കാൻ പദ്ധതികളുണ്ടെന്ന് പറയുമ്പോഴും, അനിയന്ത്രിതപ്രജനനം തെരുവുനായ്ക്കളുടെ എണ്ണം വർധിപ്പിക്കുന്നു. പ്രധാനകവലകൾ കേന്ദ്രീകരിച്ച് മാത്രം കാണപ്പെട്ടിരുന്ന നായ്ക്കൾ ഇപ്പോൾ നാടിന്റെ നാനാഭാഗത്തും വ്യാപകമാണ്. നായ്ക്കളെ ഭയന്ന് മുതിർന്നവർക്കുപോലും വീടിന് പുറത്തേക്ക് ധൈര്യമായി പോകാൻ കഴിയാത്ത സാഹചര്യമാണ്. നായ്ക്കളിൽ ഗുരുതരരോഗം ബാധിച്ചവയും തെരുവിൽ അലയുന്നുണ്ട്. ത്വഗ്രോഗങ്ങളും മുറിവുകളും ബാധിച്ച് ദുർഗന്ധം വമിക്കുന്ന നായ്ക്കൾ കാത്തിരിപ്പുകേന്ദ്രങ്ങൾ, അടച്ചിട്ട കടകളുടെ മുൻവശത്തെ തട്ടുകൾ എന്നിവിടങ്ങളിലാണ് രാത്രി കഴിച്ചുകൂട്ടുന്നത്.
ഇത് പലതരം രോഗവ്യാപനഭീതിയും ഉണ്ടാക്കുന്നു. വിസർജ്യമാലിന്യവും പൊതുവിടങ്ങളിൽ പ്രശ്നമാകുന്നുണ്ട്. പഴയ കുന്നുമ്മേൽ പഞ്ചായത്തിലെ കിളിമാനൂർ ടൗണിലും ഗ്രാമീണമേഖലകളിലും കിളിമാനൂർ പഞ്ചായത്തിൽ പോങ്ങനാട്, മുളയ്ക്കലത്തുകാവ്, പൊയ്കമുക്ക് പ്രദേശങ്ങളിലും നായശല്യം രൂക്ഷമാണ്. വിവിധ പഞ്ചായത്ത് പ്രദേശങ്ങളിൽ ആട്, കോഴി എന്നിവയെ വളർത്തുന്ന കൂടുകളിൽ കൂട്ടമായി കടന്നുകയറിയുള്ള നായ്ക്കളുടെ ആക്രമണം വർധിച്ചിട്ടുണ്ട്.
Content Highlights: Stray dog attacks and menace are on the rise across Kilimanoor and nearby panchayats as authorities fail to take effective control measures.